ഐഎൻഎസ് ബ്രഹ്മപുത്രയിൽ തീപിടിത്തം: ഒരാളെ കാണാതായി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 22, 2024, 09:21 PM | 0 min read

മുംബൈ
ഇന്ത്യൻ നാവികസേനയുടെ അഭിമാന പടക്കപ്പലുകളിലൊന്നായ ഐഎൻഎസ് ബ്രഹ്മപുത്രയിൽ വൻതീപിടിത്തം.  ജൂനിയര്‍ സെയിലറെ കാണാതായി. തീപിടിത്തത്തെ തുടര്‍ന്ന് ഒരു ഭാ​ഗത്തേക്ക്  ചരിഞ്ഞ്‌ കപ്പൽ പാതിമുങ്ങിയ നിലയിലാണ്‌. 

അറ്റകുറ്റപ്പണിക്കായി മുംബൈ നേവൽ ഡോക്ക്‍യാര്‍ഡിൽ എത്തിച്ച കപ്പലിൽ  ഞായറാഴ്ച വൈകിട്ടോടെയാണ് തീപിടിത്തമുണ്ടായതെന്ന് നേവി അറിയിച്ചു. ഡോക്ക്‌യാഡിലെ അ​ഗ്നിശമനസേനയുടെയും അവിടെ നങ്കൂരമിട്ട മറ്റു കപ്പലുകളുടെയും സഹായത്തോടെ  തിങ്കളാഴ്ച രാവിലെയോടെ തീ നിയന്ത്രണവിധേയമാക്കി.  എന്നാൽ ഉച്ചയോടെ കപ്പൽ ഒരു വശത്തേക്ക് ചരിഞ്ഞു. നേരെയാക്കാൻ പരമാവധി ശ്രമിച്ചെങ്കിലും വിജയിച്ചിട്ടില്ലെന്ന് നേവി അറിയിച്ചു. സംഭവത്തിൽ അന്വേഷണത്തിന്  ഉത്തരവിട്ടു. കാണാതായ നാവികസേനാം​ഗത്തിനായുള്ള തിരച്ചിൽ തുടരുകയാണ്. കപ്പലിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്ക് പരിക്കുകളില്ല.

ഇന്ത്യ തദ്ദേശീയമായ നിര്‍മിച്ച യുദ്ധക്കപ്പലായ ഐഎൻസ് ബ്രഹ്മപുത്ര 2000 ഏപ്രിൽ 14നാണ് കമീഷൻ ചെയ്തത്. ബ്രഹ്മപുത്ര ക്ലാസിലുള്ള ഇന്ത്യൻ നേവിയുടെ മൂന്ന് പടക്കപ്പലുകളിൽ ആദ്യത്തേതാണിത്. 5300 ടൺ ഭാരവും 125 മീറ്റര്‍ നീളവുമുള്ള കപ്പലിന് 30 നോട്ടിക്കൽ മൈൽ വേ​ഗമുണ്ട്. 40 ഓഫീസര്‍മാരും 330 സെയിലര്‍മാരുമാണ് ക്രൂവിലുള്ളത്‌. ചേതക്, സീകിങ് ഹെലികോപ്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാനും കരയിലേക്കും ആകാശത്തേക്കും മിസൈലുകള്‍ തൊടുക്കാനും  ശേഷിയുണ്ട്.



deshabhimani section

Related News

0 comments
Sort by

Home