02 December Monday
സര്‍വത്ര കരാര്‍ ജോലി

രാജ്യത്തെ ഉൽപ്പന്ന നിർമാണ മേഖലയിൽ 41 ശതമാനവും കരാർ തൊഴിലാളികൾ ; വാർഷിക വ്യാവസായിക സർവേ വെളിപ്പെടുത്തല്‍

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2024

representative image

ന്യൂഡൽഹി
2023 സാമ്പത്തിക വർഷം രാജ്യത്ത്‌ ഉൽപ്പന്ന നിർമാണ മേഖലയിൽ അഞ്ചിൽ രണ്ടു തൊഴിലാളികളും കരാർ അടിസ്ഥാനത്തിൽ നിയമിക്കപ്പെട്ടവരായിരുന്നെന്ന്‌ കേന്ദ്രസർക്കാർ. സ്ഥിതിവിവരക്കണക്ക്‌ മന്ത്രാലയത്തിന്റെ വാർഷിക വ്യാവസായിക സർവേ(എഎസ്‌ഐ)യിലാണ്‌ വെളിപ്പെടുത്തല്‍. കരാർ നിയമനം ഏറ്റവും കുറവ് കേരളത്തിലാണെന്നും കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ സമ്മതിക്കുന്നു.

രാജ്യത്ത്‌ 2.53 ലക്ഷം ഫാക്ടറികളിലായി 2023 സാമ്പത്തികവർഷം 1.46 കോടി തൊഴിലാളികൾ ജോലിചെയ്തു. ഇതിൽ 59.5 ലക്ഷവും (40.7 ശതമാനം) കരാർ നിയമനം.  ചരിത്രത്തിലെ ഏറ്റവും ഉയർന്ന കരാർനിയമനമാണിത്‌. മുൻവർഷം 40.2 ശതമാനമായിരുന്നു. ഇവർ സാമൂഹികസുരക്ഷിതത്വത്തോടെ നിരന്തര–- ദീർഘകാല വ്യവസ്ഥ പ്രകാരം ജോലിചെയ്‌തവരല്ലെന്നും റിപ്പോർട്ടിലുണ്ട്‌.  കോവിഡിന്‌ മുമ്പ്‌ 2020 സാമ്പത്തികവർഷം മേഖലയിൽ ആകെയുണ്ടായിരുന്ന 1.30 കോടി തൊഴിലാളികളില്‍ 50.2 ലക്ഷം പേര്‍ (38.4 ശതമാനം)  മാത്രമായിരുന്നു കരാർ തൊഴിലാളികൾ.

അസം ഒഴികെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളും ഗോവയും സർവേയിൽ ഉൾപ്പെട്ടിട്ടില്ല. 2023ൽ 10 വലിയ സംസ്ഥാനങ്ങളിൽ കരാർ നിയമനം ദേശീയ ശരാശരിയെക്കാൾ കൂടുതലായിരുന്നു. ബിഹാറിലാണ്‌ ഏറ്റവും കൂടുതൽ, 68.6 ശതമാനം. തെലങ്കാന (64.5), ഉത്തരാഖണ്ഡ്‌ (57.7), ഒഡിഷ (57.3), മഹാരാഷ്ട്ര (53.04) എന്നിവ തൊട്ടുപിന്നിൽ.   കേരളത്തിൽ 23.8 ശതമാനം മാത്രമാണ്‌ കരാർ തൊഴിലാളികൾ. തൊട്ടുപിന്നിൽ തമിഴ്‌നാടും (24.5) പഞ്ചാബും (29.8). ഫാക്ടറികളിലെ വനിതാ ജീവനക്കാർ മുൻവർഷത്തെ 18.42ൽനിന്ന്‌ മുന്നോട്ടുപോയിട്ടില്ലെന്നും സർവേ വെളിപ്പെടുത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top