05 April Sunday
പാകിസ്ഥാനുമായി കൈകോര്‍ക്കുന്നത് ഇസ്ലാമിക തീവ്രവാദത്തിൽനിന്ന്‌ പൗരൻമാരെ രക്ഷിക്കാനെന്ന് ട്രംപ്

സമഗ്ര വ്യാപാര കരാറിന് ഷേക്ക്ഹാൻഡ്‌ ; പ്രധാന വ്യാപാരകരാറിന്റെ ചർച്ചയ്‌ക്ക്‌ തുടക്കമിട്ടെന്ന് മോഡി

വെബ് ഡെസ്‌ക്‌Updated: Wednesday Feb 26, 2020


ന്യൂഡൽഹി
ഇന്ത്യ–-അമേരിക്ക സമഗ്ര വ്യാപാരകരാർ വൈകാതെ ഉണ്ടാകുമെന്ന്‌ പ്രഖ്യാപിച്ച്‌ ഡോണൾഡ്‌ ട്രംപും നരേന്ദ്ര മോഡിയും. ചൊവ്വാഴ്‌ച ഹൈദരാബാദ്‌ ഹൗസിലെ ഉഭയകക്ഷി ചർച്ചയ്‌ക്കുശേഷം സംയുക്ത പ്രസ്‌താവനയിലാണ്‌ പ്രഖ്യാപനം.

സമഗ്ര വ്യാപാരകരാറിന്‌ രൂപം നൽകുന്നതിൽ ഇന്ത്യയുടെയും അമേരിക്കയുടെയും സംഘങ്ങൾ വലിയ പുരോഗതി കൈവരിച്ചതായി ട്രംപ്‌ പറഞ്ഞു. ഇരുരാജ്യങ്ങൾക്കും ഏറെ പ്രാധാന്യമുള്ള ഒരു കരാറിൽ എത്തിച്ചേരാനാകുമെന്ന ശുഭാപ്‌തിവിശ്വാസമുണ്ട്‌. പ്രസിഡന്റായശേഷം ഇന്ത്യയിലേക്കുള്ള അമേരിക്കൻ കയറ്റുമതി അറുപത്‌ ശതമാനത്തോളം ഉയർന്നു. അമേരിക്കൻ ഊർജത്തിന്റെ കയറ്റുമതിയാകട്ടെ അഞ്ഞൂറ്‌ ശതമാനം വർധിച്ചു. 300 കോടി ഡോളറിന്റെ ഇടപാടിലൂടെ പ്രതിരോധസഹകരണം വിപുലപ്പെടുത്തിയതായി ട്രംപ്‌ പറഞ്ഞു. സംയുക്ത പ്രതിരോധശേഷി വർധിപ്പിക്കാൻ ഇത്‌ വഴിയൊരുക്കും. ഇസ്ലാമിക തീവ്രവാദത്തിൽനിന്ന്‌ പൗരൻമാരെ സംരക്ഷിക്കുന്ന കാര്യത്തിൽ പാകിസ്ഥാനുമായും അമേരിക്ക യോജിച്ചുപ്രവർത്തിക്കുന്നുണ്ട്‌. 5ജി വയർലെസ്‌ ശ്രംഖലയെക്കുറിച്ചും സ്വാതന്ത്ര്യം, പുരോഗതി, സമൃദ്ധി എന്നിവയ്‌ക്ക്‌ ഇതുപയോഗപ്പെടുത്തുന്നതിനെക്കുറിച്ചും സംസാരിച്ചു–- ട്രംപ്‌ പറഞ്ഞു. 


 

ഒരു പ്രധാന വ്യാപാരകരാർ ചർച്ചയ്‌ക്ക്‌ തുടക്കമിടാൻ ട്രംപുമായി ധാരണയായിട്ടുണ്ടെന്ന്‌ മോഡി പ്രസ്‌താവനയിൽ പറഞ്ഞു. പരസ്‌പര താൽപ്പര്യത്തിന്റെ അടിസ്ഥാനത്തിൽ നല്ല ഫലം നൽകുന്നതാകും കരാർ. ഉഭയകക്ഷി വ്യാപാരകാര്യത്തിൽ ഇരുരാജ്യങ്ങളിലെയും വാണിജ്യ മന്ത്രിമാർ ചർച്ച നടത്തി. ഇവരുണ്ടാക്കിയ ധാരണ നിയമപരമാക്കാനുള്ള തീരുമാനം ട്രംപുമായി ചേർന്ന്‌ എടുത്തു. മൂന്നുവർഷമായി ഉഭയകക്ഷി വ്യാപാരം രണ്ടക്കത്തിൽ വളരുകയാണ്‌.  ഊർജം, വിമാനങ്ങൾ, പ്രതിരോധം, ഉന്നതവിദ്യാഭ്യാസ മേഖലകൾ മാത്രമെടുത്താൽ ഏഴായിരം കോടി ഡോളറിന്റെ വ്യാപാരം നടന്നിട്ടുണ്ട്‌. ഇതിലേറെയും സാധ്യമാക്കിയത്‌ ട്രംപിന്റെ നയങ്ങളും തീരുമാനങ്ങളുമാണ്‌. പ്രതിരോധം, ഊർജം, വ്യാപാരം തുടങ്ങി നിർണായകമായ എല്ലാ വിഷയങ്ങളും ചർച്ചചെയ്തു. പ്രതിരോധ–- സുരക്ഷാ സഹകരണം വർധിപ്പിക്കേണ്ടത്‌ പ്രധാന കാര്യമാണ്‌. ഇന്ത്യൻ സേന ഏറ്റവും കൂടുതൽ സംയുക്താഭ്യാസം നടത്തുന്നത്‌ അമേരിക്കൻ സേനയുമായാണ്‌. തീവ്രവാദത്തെ നേരിടുന്നതിലും യോജിച്ച്‌ പ്രവർത്തിക്കും. ഇന്ത്യയുടെ പ്രധാനപ്പെട്ട ഊർജപങ്കാളിയായി അമേരിക്ക മാറിയിട്ടുണ്ടെന്നും മോഡി പറഞ്ഞു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top