22 September Sunday

കടുത്ത മാന്ദ്യം, വാഹന വിൽപ്പനയില്ല; ഫാക്ടറികൾ അടച്ചിടുന്നു

സ്വന്തം ലേഖകൻUpdated: Sunday Aug 18, 2019

ന്യൂഡൽഹി > കടുത്ത മാന്ദ്യത്തെ തുടർന്ന്‌ രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കൾ ഫാക്ടറികൾ കൂട്ടത്തോടെ അടച്ചിടുന്നു.  അശോക്‌ ലെയ്‌ലാൻഡ്‌, ഹീറോ, ടിവിഎസ്‌, മാരുതി സുസുകി, ടാറ്റാ മോട്ടോഴ്‌സ്‌ തുടങ്ങിയ വൻകിട കമ്പനികൾ തെരഞ്ഞെടുക്കപ്പെട്ട നിർമാണ യൂണിറ്റുകൾ താൽക്കാലികമായി അടച്ചിട്ടു. സ്‌പെയർപാർട്‌സ്‌ നിർമാണക്കമ്പനികളും ഉൽപ്പാദനം വൻതോതിൽ വെട്ടിക്കുറച്ചു. വാഹന നിർമാണ മേഖലയിലെ താൽക്കാലിക ജീവനക്കാരെ കമ്പനികൾ കൂട്ടത്തോടെ പിരിച്ചുവിട്ടു. സാമ്പത്തിക മാന്ദ്യത്തെ തുടർന്ന്‌ വാഹന വിൽപ്പനയിൽ വൻഇടിവുണ്ടായി.  വിപണിയിലെ ഇടിവിന്‌ അനുസൃതമായി ഉൽപ്പാദനം കുറയ്‌ക്കുമെന്നാണ്‌ കമ്പനികളുടെ  നിലപാട്‌. മാന്ദ്യം തുടർന്നാൽ വരും ദിവസങ്ങളിൽ കൂടുതൽ യൂണിറ്റുകൾ അടച്ചിടേണ്ടിവരുമെന്നും മുന്നറിയിപ്പുനൽകുന്നു.
ഹീറോ കമ്പനിയുടെ നിർമാണ യൂണിറ്റുകൾ  നാലുദിവസം തുടർച്ചയായി അടച്ചിട്ടിരിക്കയാണ്‌. ടാറ്റയുടെ ജംഷഡ്‌പുർ പ്ലാന്റ്‌ കഴിഞ്ഞ രണ്ട്‌ ദിവസം അടച്ചിട്ടു. ഈ മാസം  മൂന്നാം തവണയാണ്‌ ടാറ്റയുടെ ഫാക്ടറികൾ രണ്ടുദിവസം വീതം അടച്ചിടുന്നത്‌. മൂവായിരത്തിൽപ്പരം താൽക്കാലിക ജീവനക്കാരെ അടുത്തദിവസങ്ങളിൽ പിരിച്ചുവിട്ടതായി മാരുതി സുസുകി ചെയർമാൻ ആർ സി ഭാർഗവ പറഞ്ഞു. 

ഉൽപ്പാദനം കുറയ്‌ക്കുമെന്ന്‌ ടാറ്റാ മോട്ടോഴ്‌സ്‌ അറിയിച്ചു. ഷിഫ്‌റ്റുകൾ കുറച്ച്‌ കരാർ ജീവനക്കാരെ ഒഴിവാക്കും. ടിവിഎസിന്റെ സ്‌പെയർപാർട്‌സ്‌ നിർമാണശാലകളിൽ പ്രവൃത്തിരഹിത ദിനങ്ങൾ പ്രഖ്യാപിച്ചു. ബോഷ്‌ തമിഴ്‌നാട്ടിലെയും മഹാരാഷ്ട്രയിലെയും ഫാക്ടറികൾ 13 ദിവസം അടച്ചിടും.
ജൂലൈയിൽ  വാഹന വിൽപ്പന 19 ശതമാനം ഇടിഞ്ഞു. നിർമാണത്തിലും 11 ശതമാനം കുറവുണ്ടായി.  കാർ വിൽപ്പനയിലെ ഇടിവ്‌ മുൻവർഷത്തെ അപേക്ഷിച്ച്‌ 31 ശതമാനമാണ്‌. 2000 ഡിസംബറിനുശേഷമുള്ള ഏറ്റവും വലിയ തകർച്ച.  ചെറുകിട കാറുകളുടെ വിൽപ്പനയിലാണ്‌ മാന്ദ്യം രൂക്ഷം. അത്യാഡംബര വാഹനങ്ങളുടെ വിൽപ്പനയിൽ കുറവില്ല. മാന്ദ്യം രൂക്ഷമായ കഴിഞ്ഞ നാലുമാസത്തിനിടെ 226 വിൽപനശാലകൾ അടച്ചിട്ടു. ഇതുവഴി  മൂന്നര ലക്ഷം പേർക്കാണ്‌ തൊഴിൽ നഷ്ടമായത്‌.

സ്‌പെയർപാർട്‌സ്‌ നിർമാണമേഖലയിൽ ഒരു വർഷത്തിനിടെ 11 ലക്ഷം പേർക്ക്‌ തൊഴിൽ നഷ്‌ടപ്പെട്ടു. ഇന്ത്യയുടെ മൊത്തം ആഭ്യന്തര വരുമാനത്തിന്റെ ഏഴ്‌ ശതമാനം മോട്ടോർവാഹന നിർമാണ മേഖലയിൽനിന്നാണ്‌.  റിയൽഎസ്‌റ്റേറ്റ്‌ തകർന്നപ്പോഴും വിപണി പിടിച്ചുനിർത്തിയത്‌ വാഹനമേഖലയാണ്‌.


പ്രധാന വാർത്തകൾ
 Top