09 August Sunday

കരസേനയിൽ 89 ആപ് വിലക്കി; ഡ്യൂട്ടിക്കിടയിലും സ്മാര്‍ട് ഫോണ്‍ ഉപയോ​ഗിക്കുന്നതും വിലക്കി

വെബ് ഡെസ്‌ക്‌Updated: Friday Jul 10, 2020


ന്യൂഡൽഹി
ഫെയ്സ്‌ബുക്കും ടിക്‌ടോക്കും പബ്‌ജിയുമടക്കം 89 ആപ്ലിക്കേഷനുകൾ‌‌ കരസേന വിലക്കി‌‌. വിവരച്ചോർച്ച തടയാന്‍ സൈനികർ സ്‌മാർട്ട്‌ഫോണുകളിൽനിന്ന്‌ ഇവ ഈമാസം 15നുള്ളിൽ ഒഴിവാക്കണം. കേന്ദ്രം നിരോധിച്ച 59 ചൈനീസ്ആപ്പിനു പുറമെ, മറ്റ് രാജ്യങ്ങളില്‍നിന്നുള്ള സമൂഹ്യ മാധ്യമങ്ങൾ, മെസേജിങ്‌ ഉപാധികൾ, ആരോഗ്യ---- ഗെയിംമിങ്‌‌ ആപ്പുകള്‍ എന്നിവയാണ് സുരക്ഷാകാരണത്താല്‍ വിലക്കിയത്. ഇന്ത്യന്‍ ആപ്പും പട്ടികയിലുണ്ട്.

വ്യോമ, നാവികസേനകള്‍ സാമൂഹ്യമാധ്യമ വിലക്കേർപ്പെടുത്തിയപ്പോഴും കരസേന നടപ്പാക്കിയിരുന്നില്ല. യൂണിഫോം ചിത്രങ്ങളും യൂണിറ്റിനെക്കുറിച്ചുള്ള വിവരവും വെളിപ്പെടുത്തരുതെന്ന് നിര്‍ദേശിച്ചിരുന്നു.  സാമൂഹ്യമാധ്യമങ്ങളില്‍ സൈനികരെ ലക്ഷ്യമിട്ട് ചൈന, പാക് ഏജൻസികൾ നീക്കം ശക്തമാക്കിയതോടെയാണ്‌ നിയന്ത്രണം കടുപ്പിക്കുന്നതെന്ന്‌ കരസേന വൃത്തങ്ങൾ പറഞ്ഞു. ഓഫീസ്‌ വിവരങ്ങൾ വാട്‌സാ‌പ്പിലൂടെ കൈമാറുന്നത്‌ നവംബറിൽ തടഞ്ഞു. കരസേനയുടെ സുപ്രധാന പദവികളിലുള്ളവർ‌ സാമൂഹ്യമാധ്യമ അക്കൗണ്ടുകൾ നീക്കം ചെയ്യണം. നാവികസേനാംഗങ്ങൾ ഫെയ്സ്‌ബുക്‌ ഉപയോഗിക്കുന്നതും നാവിക ആസ്ഥാനത്തും കപ്പൽശാലയിലും യുദ്ധക്കപ്പലുകളിലും  ഡ്യൂട്ടിക്കിടയിലും സ്മാര്‍ട്ഫോണ്‍ ഉപയോ​ഗിക്കുന്നതും വിലക്കി. വ്യോമസേന ആസ്ഥാനത്തെ ഗ്രൂപ്പ്‌ ക്യാപ്‌റ്റൻ അടക്കം നിരവധി സേനാംഗങ്ങളെ രണ്ട്‌ വർഷത്തിനിടെ പാക് ചാരഏജൻസികൾ ഹണിട്രാപ്പിൽപ്പെടുത്തിയിട്ടുണ്ട്.

പ്രതിലിപിയും വിലക്കി
ഓൺലൈന്‍ വായനയ്ക്ക് ബംഗളൂർ ആസ്ഥാനമായ് വികസിപ്പിച്ച പ്രതിലിപി എന്ന ആപ്പും വിലക്കിയ കൂട്ടത്തിലുണ്ട്‌. മലയാളമടക്കം 10 ഇന്ത്യൻഭാഷകളിലെ പുസ്‌തകങ്ങൾ ഉൾപ്പെടുന്ന ആപ്പാണിത്‌.

ഫേസ്‌ബുക്ക്‌, ടിക്‌ടോക്‌, ബൈഡു, ഇൻസ്‌റ്റഗ്രാം, എല്ലോ, സ്‌നാപ്‌ചാറ്റ്‌, വീ ചാറ്റ്‌, ഷെയറിറ്റ്‌,യുസി ബ്രൗസർ, യുസി ബ്രൗസർ മിനി, ലൈവ്‌മീ,   സൂം,  വിഗോ വീഡിയോ, ക്യാം സ്‌കാനസർ,   ട്രൂകാളർ, പബ്‌ജി, നോനോ ലൈവ്‌, ക്ലാഷ്‌ ഓഫ്‌ കിംഗ്‌സ്‌,   ക്ലബ്‌ ഫാക്‌ടറി,  കൗച്ച്‌ സർഫിങ്‌, 360 സെക്യൂരിറ്റി ,ഡയ്‌ലി ഹണ്ട്‌, ന്യൂസ്‌ ഡോഗ്‌ തുടങ്ങിയ ആപ്പുകളാണ്‌ നിരോധിച്ചത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top