21 February Friday

വളർച്ചയിൽ മന്ദഗതി തുടരുമെന്ന്‌ ഇന്ത്യ റേറ്റിങ്‌

സ്വന്തം ലേഖകൻUpdated: Friday Jan 24, 2020

ന്യൂഡൽഹി
അടുത്ത സാമ്പത്തികവർഷവും ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉൽപ്പാദന (ജിഡിപി) വളർച്ച ഉയരാൻ ഇടയില്ലെന്ന്‌ ഇന്ത്യ റേറ്റിങ്‌ ആൻഡ്‌ റിസർച്ച്‌ സർവേ. 2020–-21ൽ വളർച്ച 5.5 ശതമാനമാകുമെന്നാണ്‌ നിഗമനം. ഇക്കൊല്ലം വളർച്ച അഞ്ച്‌ ശതമാനമായി ഇടിയുമെന്ന്‌‌ കേന്ദ്രസർക്കാർ സ്ഥിരീകരിച്ചു. 4.8 ശതമാനം വളർച്ചയേ ഉണ്ടാകൂ എന്നാണ്‌ ഐഎംഎഫ്‌ വിലയിരുത്തൽ.

കഴിഞ്ഞ ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ അവകാശപ്പെട്ടത്‌ ഏഴ്‌ ശതമാനം വളർച്ചയാണ്‌. 2014 ഓടെ സമ്പദ്‌ഘടനയുടെ മൂല്യം അഞ്ച്‌ ലക്ഷം കോടി ഡോളറായി ഉയർത്തുകയാണ്‌ ലക്ഷ്യമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചു. എന്നാൽ, ഈ ലക്ഷ്യം കൈവരിക്കാൻ സമ്പദ്‌ഘടന 2020 മുതൽ നാലു വർഷം ഒമ്പത്‌ ശതമാനംവീതം വളരണമെന്ന്‌ സാമ്പത്തികശാസ്‌ത്രജ്ഞൻ ആർ നാഗരാജ്‌ പറഞ്ഞു.

2020–-21ൽ രാജ്യത്തിന്റെ വളർച്ച ആറ്‌ ശതമാനത്തിൽ എത്തില്ലെന്ന്‌ ഐക്യരാഷ്ട്രസംഘടന -സാമൂഹ്യ–-സാമ്പത്തിക കമീഷനും വ്യക്തമാക്കി.ഉപഭോഗത്തിലെ വൻ ഇടിവാണ്‌ മാന്ദ്യത്തിന്‌ പ്രധാനകാരണമെന്ന്‌ ധനകാര്യ ഏജൻസികളും വിദഗ്‌ധരും പറയുന്നു. ഗ്രാമീണമേഖലയിൽ ഉപഭോക്‌തൃ ചെലവിൽ 2011–-12നും 2017–-18നും ഇടയിൽ 8.8 ശതമാനം ഇടിവുണ്ടായെന്ന്‌ ദേശീയ സാമ്പിൾ സർവേ റിപ്പോർട്ടിൽ വ്യക്തമായതോടെ സർക്കാർ ഈ റിപ്പോർട്ട്‌ പൂഴ്‌ത്തി. നഗരമേഖലയിൽ ഉപഭോക്‌തൃ ചെലവിൽ രണ്ട്‌ ശതമാനം വളർച്ച ഉണ്ടായെങ്കിലും രാജ്യത്ത്‌ ശരാശരി ഇടിവ്‌ 3.7 ശതമാനമാണ്‌.

വാഹനങ്ങൾമുതൽ ബിസ്‌കറ്റിന്റെവരെ വിൽപ്പന ഇടിഞ്ഞു. ജനങ്ങളുടെ കൈവശം പണമില്ലാത്തതും പെരുകുന്ന തൊഴിലില്ലായ്‌മയും മാന്ദ്യം രൂക്ഷമാക്കുന്നു. നിക്ഷേപങ്ങളും കുറയുന്നു. ഉപഭോക്‌തൃമേഖലയിലെ തളർച്ച സാർവത്രിക പ്രതിസന്ധിക്ക്‌ കാരണമായി. നോട്ടുനിരോധനം, അശാസ്‌ത്രീയ ജിഎസ്‌ടി എന്നിവയും വിപണിയെ ഉലച്ചു.
റിപ്പോനിരക്കുകൾ കുറച്ചും ഓഹരിവിപണിയിൽ കുതിപ്പ്‌ സൃഷ്ടിച്ചും വളർച്ച വീണ്ടെടുക്കാൻ കഴിയില്ലെന്ന്‌ ഐക്യരാഷ്ട്രസംഘടന ഏഷ്യ–-പസഫിക്‌ സാമൂഹ്യ–-സാമ്പത്തിക കമീഷൻ തലവൻ ഡോ. നാഗേഷ്‌കുമാർ പറഞ്ഞു. അടിസ്ഥാനസൗകര്യമേഖല, വിദ്യാഭ്യാസം, സുസ്ഥിര ഊർജം എന്നീ രംഗങ്ങളിൽ സർക്കാർ കൂടുതൽ മുതൽമുടക്കിയാൽ  തൊഴിലവസരം വർധിക്കും.


പ്രധാന വാർത്തകൾ
 Top