12 November Tuesday

നിയന്ത്രണരേഖയിൽ നയതന്ത്ര സംഘത്തിന്റെ സന്ദർശനം; ഇന്ത്യൻ പ്രതിനിധികൾ ചേർന്നില്ലെന്ന്‌ പാകിസ്ഥാൻ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2019

ഇസ്ലാമാബാദ്‌ >  നിയന്ത്രണരേഖയിൽ ഇന്ത്യൻ സേന പാക്‌ ഭീകരകേന്ദ്രങ്ങൾ തകർത്തതായി പറയുന്ന സ്ഥലങ്ങളിൽ പാകിസ്ഥാൻ വിദേശ നയതന്ത്രപ്രതിനിധികളെ കൊണ്ടുപോയി. ഇന്ത്യൻ നയതന്ത്രജ്ഞർ സംഘത്തിൽ ചേർന്നില്ലെന്ന്‌ പാക്‌ വിദേശമന്ത്രാലയ വക്താവ്‌ മുഹമ്മദ്‌ ഫൈസൽ പറഞ്ഞു.
നിയന്ത്രണരേഖയിൽ ജൂറ, ഷാകോട്ട്‌ സെക്ടറുകൾ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്രജ്ഞരടങ്ങിയ സംഘം സന്ദർശിച്ചതായി ഫൈസൽ പറഞ്ഞു. ഫൈസലും സംഘത്തെ അനുഗമിച്ചു. എത്ര രാജ്യങ്ങളുടെ പ്രതിനിധികൾ സംഘത്തിൽ ഉണ്ടായിരുന്നു എന്ന്‌ വ്യക്തമല്ല.

ഇന്ത്യൻ പ്രതിനിധികൾ സംഘത്തിൽ ചേരുകയോ ആക്രമണത്തിന്റെ ‘വിക്ഷേപണകേന്ദ്ര’ങ്ങളായി ആരോപിച്ച സ്ഥലങ്ങളുടെ വിവരം ലഭ്യമാക്കുകയോ ചെയ്‌തില്ലെന്ന്‌ ഫൈസൽ പറഞ്ഞു.  സഹ നയതന്ത്രജ്ഞരോടൊപ്പം നിയന്ത്രണരേഖയിലേക്ക്‌ പോകാൻ ഇന്ത്യൻ ഹൈകമീഷൻ ജീവനക്കാർക്ക്‌ ധാർമികധീരതയില്ലെന്ന്‌ പാക്‌ സേനയിലെ മാധ്യമവിഭാഗം ഡയറക്ടർ ജനറൽ മേജർ ജനറൽ ആസിഫ്‌ ഗഫൂർ പറഞ്ഞു.
 
ഇതേസമയം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ 1972ലെ ഷിംല കരാറിൽ പറഞ്ഞതുപോലെ നേരിട്ടുള്ള ചർച്ചകളെ അനുകൂലിക്കുന്നതായി അമേരിക്ക വ്യക്തമാക്കി. യുഎസ്‌ കോൺഗ്രസിലെ  ‘ഏഷ്യ–-പസഫിക്‌–-ആണവ നിർവ്യാപനം’ ഉപസമിതിയെ സ്‌റ്റേറ്റ്‌ ഡിപ്പാർട്ട്‌മെന്റിലെ ദക്ഷിണ–-മധ്യ ഏഷ്യ ആക്ടിങ്‌ അസിസ്റ്റന്റ്‌ സെക്രട്ടറി ആലിസ്‌ ജി വെൽസ്‌ അറിയിച്ചതാണിത്‌.

അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനത്തിൽ ഏർപ്പെടുന്ന തീവ്രവാദി സംഘങ്ങൾക്ക്‌ പാകിസ്ഥാൻ സഹായം തുടരുന്നതാണ്‌ ചർച്ചകൾക്ക്‌ പ്രധാന തടസ്സം. കശ്‌മീരിൽ അക്രമം നടത്തുന്ന പാകിസ്ഥാനിൽ നിന്നുള്ള ഭീകരർ കശ്‌മീരികളുടെയും പാകിസ്ഥാന്റെയും ശത്രുവാണെന്ന പാക്‌ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അസന്ദിഗ്ധമായ പ്രസ്‌താവനയെ അമേരിക്ക സ്വാഗതംചെയ്യുന്നു.

2006–-2007ൽ പിൻവാതിൽചർച്ചകളിൽ കശ്‌മീരടക്കം നിരവധി വിഷയങ്ങളിൽ ഗണ്യമായ പുരോഗതി നേടിയതാണെന്നും അവർ പറഞ്ഞു. സാധ്യമായത്‌ എന്താണെന്ന്‌ ചരിത്രം കാണിച്ചുതരുന്നുണ്ട്‌. ‘ദക്ഷിണേഷ്യയിലെ മനുഷ്യാവകാശങ്ങൾ: സ്‌റ്റേറ്റ്‌ ഡിപ്പാർട്ട്‌മെന്റിന്റെ വീക്ഷണങ്ങളും മേഖലയും’ എന്ന വിഷയത്തിൽ ചൊവ്വാഴ്‌ച കോൺഗ്രസ്‌ ഉപസമിതിയുടെ വാദംകേൾക്കലിന്‌ മുന്നോടിയായി തിങ്കളാഴ്‌ച സമർപ്പിച്ച എഴുതി തയ്യാറാക്കിയ റിപ്പോർട്ടിലാണ്‌ ഇക്കാര്യം പറയുന്നത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top