11 August Tuesday
പിഞ്ചുകുഞ്ഞുങ്ങളുമായി സ്ത്രീകളടക്കം ദേശീയപാതകളിലൂടെ നടന്നുനീങ്ങുന്നത് നാടിന്റെ ദുരവസ്ഥയുടെ ​ഗതികെട്ട കാഴ്ചയായി

ഗതികെട്ട്‌ കൂട്ടപ്പലായനം ; പിഞ്ചുകുഞ്ഞുങ്ങളുമായി സ്ത്രീകളടക്കം ആയിരങ്ങള്‍

സാജൻ എവുജിൻUpdated: Sunday Mar 29, 2020

ഡൽഹി ആനന്ദവിഹാറിൽനിന്നുള്ള ദൃശ്യം ഫോട്ടോ: പിടിഐ


ന്യൂഡൽഹി  > സമ്പൂർണ അടച്ചിടലിന്റെ അഞ്ചാംദിനത്തിലും നിരാലംബരായ കുടിയേറ്റ തൊഴിലാളികള്‍ കുടുംബത്തോടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പെരുവഴിയിൽ. പിഞ്ചുകുഞ്ഞുങ്ങളുമായി സ്ത്രീകളടക്കം ദേശീയപാതകളിലൂടെ നൂറുകണക്കിനു കിലോമീറ്റർ നടന്നുനീങ്ങുന്നത് നാടിന്റെ ദുരവസ്ഥയുടെ ​ഗതികെട്ട കാഴ്ച. മുംബൈ–- അഹമ്മദാബാദ്‌ എക്‌സ്‌പ്രസ്‌വേയിലും ഹൈദരാബാദിലുമായി ഒമ്പത്‌ കുടിയേറ്റ തൊഴിലാളികൾ വാഹനാപകടങ്ങളിൽ മരിച്ചു.

കോവിഡിന്റെ സമൂഹവ്യാപനം തടയാൻ പ്രഖ്യാപിച്ച അടച്ചുപൂട്ടല്‍ ഉത്തരേന്ത്യയില്‍ സൃഷ്ടിച്ചത് കടുത്ത മാനുഷിക പ്രതിസന്ധി. ഡൽഹി–-യുപി അതിർത്തിയായ നോയിഡയിലും ഗാസിപ്പുരിലും രാപ്പകൽ ആയിരങ്ങള്‍ ഒരേ സമയം ഒന്നിച്ച് നടന്നുനീങ്ങുന്നു. ഗാസിയാബാദ്‌   ദേശീയപാത 24ൽ  സ്ഥിതി ദയനീയം. ഭക്ഷണവും വെള്ളവുമില്ലാതെ അലയുകയാണ് മഹാഭൂരിപക്ഷവും.  മഴയിൽ കുതിർന്നവർക്ക്‌ മാറ്റാൻ പകരം വസ്‌ത്രമില്ല. മരിക്കുന്നെങ്കിൽ സ്വന്തം നാട്ടിൽ മതിയെന്ന ചിന്തയാണവര്‍ക്ക്.  ഉത്തർപ്രദേശിലെയും  ബിഹാറിലെയും മധ്യപ്രദേശിലെയും ഗ്രാമങ്ങളിലേക്കാണ് പ്രവാഹം.

അവഗണനയാല്‍ പൊറുതിമുട്ടി
ഭക്ഷണം തരാമെന്നും ഡൽഹിയിലേക്ക്‌ മടങ്ങണമെന്നും പറഞ്ഞ്‌ പൊലീസ്‌ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്‌. എന്നാല്‍, അതല്ല ആദ്യദിനങ്ങളില്‍ അവര്‍ക്കുണ്ടായ അനുഭവം. അധ്വാനിക്കാതെ പട്ടിണിയകറ്റാനാകില്ല. 21  ദിവസത്തെ അടച്ചുപൂട്ടൽ അതിജീവിക്കാൻ അവര്‍ക്കാകില്ല. നഗരത്തിലെ വിലാസത്തിൽ തിരിച്ചറിയൽ രേഖകളോ റേഷൻ കാർഡോ ഇല്ലാത്ത കുടിയേറ്റ തൊഴിലാളികൾക്ക്‌ കേന്ദ്രം പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ ലഭിക്കില്ല. കരാറുകാരും സൂപ്പർവൈസർമാരും ഫോൺ ഓഫ്‌ ചെയ്‌ത്‌ മുങ്ങി. ഡല്‍ഹി സര്‍ക്കാര്‍ കേരള മോഡലില്‍ സമൂഹ അടക്കള തുടങ്ങിയെങ്കിലും വൈകി.

യുപി സർക്കാർ ശനിയാഴ്‌ച അതിർത്തിപ്രദേശങ്ങളിലേക്ക്‌ ബസുകൾ അയച്ചെങ്കിലും ​ഗുണമുണ്ടായില്ല. ബസിൽ കയറിപ്പറ്റാനുള്ള തിക്കും തിരക്കും നിയന്ത്രണാതീതമായി. സ്‌ത്രീകളും കുട്ടികളുമുള്ള കുടുംബങ്ങൾ പിന്തള്ളപ്പെട്ടു. 1000 ബസ്‌ ഓടിക്കുമെന്നാണ് വാ​ഗ്ദാനം. ഇവരെ ബസില്‍ കൊണ്ടുവരുന്നത് സമൂഹ സമ്പര്‍ക്കം ഒഴിവാക്കാനാകില്ലെന്നും അതതിടങ്ങളിൽ തങ്ങാനുള്ള സൗകര്യമൊരുക്കുകയാണ് വേണ്ടതെന്നും  ബിഹാർ മുഖ്യമന്ത്രി നിതീഷ്‌ കുമാർ പറഞ്ഞു.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top