25 May Monday

ട്രംപ്‌ വിരട്ടി; ഇന്ത്യ മരുന്ന്‌ കയറ്റി അയക്കും; അവശ്യ മരുന്നുകളുടെ കയറ്റുമതി നിരോധനം കേന്ദ്രസർക്കാർ നീക്കി

സാജൻ എവുജിൻUpdated: Wednesday Apr 8, 2020


ന്യൂഡൽഹി
ട്രംപിന്റെ ഭീഷണിക്ക്‌ വഴങ്ങി അവശ്യ മരുന്നുകളുടെ കയറ്റുമതി നിരോധനം കേന്ദ്രസർക്കാർ നീക്കി. മലമ്പനി ചികിത്സക്കുള്ള ക്ലോറോക്വിൻ ഗുളികകൾ അമേരിക്കയിലേക്ക് കയറ്റി അയക്കാന്‍ മോഡിസര്‍ക്കാര്‍ തീരുമാനിച്ചു. കോവിഡ്‌ പ്രതിരോധത്തിന്‌ ഈ മരുന്ന്‌ നല്‍കിയില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്ന ട്രംപിന്റെ ഭീഷണിക്കു പിന്നാലെയാണ്‌ മലമ്പനിക്കും വാതരോഗങ്ങൾക്കുമുള്ള ക്ലോറോക്വിൻ ഫോസ്‌ഫേറ്റ്‌, ഹൈഡ്രോക്‌സി ക്ലോറോക്വിൻ ഗുളികകളുടെ കയറ്റുമതി നിരോധനം മോഡി നീക്കിയത്.

ക്ലോറോക്വിൻ ഗുളികകൾ കയറ്റി അയക്കാന്‍ മോഡിയോട് ടെലിഫോണില്‍ ആവശ്യപ്പെട്ടതായി ഞായറാഴ്‌ച രാവിലെ  ട്രംപ്‌ വാഷിങ്‌ടണിൽ വെളിപ്പെടുത്തി. "ഇന്ത്യ ഗുളിക നൽകിയില്ലെങ്കിൽ അത് അത്ഭുതമാണ്. അമേരിക്കയ്‌ക്ക്‌ അനുകൂല തീരുമാനം ഇന്ത്യ എടുത്തില്ലെങ്കിൽ തീർച്ചയായും തിരിച്ചടിയുണ്ടാകും'–-  ട്രംപ്‌ ഭീഷണി മുഴക്കി. ഇതിന്‌ പിന്നാലെയാണ്‌  ഔഷധ കയറ്റുമതി നയം ഇന്ത്യ തിരുത്തിയതായി വിദേശ വക്താവ്‌ അനുരാഗ്‌ ശ്രീവാസ്‌തവ പ്രഖ്യാപിച്ചത്‌. 

കയറ്റുമതി നിയന്ത്രണം നീക്കി തിങ്കളാഴ്‌ച രാത്രി ഡയറക്ടർ ജനറൽ ഓഫ്‌ ഫോറിൻ ട്രേഡ്‌ (ഡിജിഎഫ്‌ടി) പുറത്തിറക്കിയ 14 ഔഷധത്തിന്റെ പട്ടികയിൽ  ക്ലോറോക്വിൻ ഗുളികകൾ ഉൾപ്പെട്ടിരുന്നില്ല. ക്ലോറോക്വിൻ ഗുളികകൾ ചില കോവിഡ്‌ രോഗികൾക്ക്‌ ആശ്വാസം നൽകിയെന്ന ഗവേഷണറിപ്പോർട്ടുകൾ വന്നതോടെയാണ്  ഇവ സംഭരിക്കാൻ ട്രംപ്‌  വ്യഗ്രത കാട്ടുന്നത്. ഇന്ത്യയിലും കോവിഡ്‌ പ്രതിരോധത്തിനായി ക്ലോറോക്വിൻ ഫോസ്‌ഫേറ്റ് ഉപയോഗിക്കുന്നുണ്ട്‌.
 


പ്രധാന വാർത്തകൾ
 Top