03 August Monday

ഇന്ത്യയിൽ പ്രതിദിന രോഗികൾ 20000ലേറെ; ഇന്ന്‌ റഷ്യയെയും മറികടക്കും

എം പ്രശാന്ത‌്Updated: Sunday Jul 5, 2020

ന്യൂഡൽഹി
കോവിഡ്‌ ബാധിതരുടെ എണ്ണത്തിൽ ഞായറാഴ്‌ചയോടെ ഇന്ത്യ ലോകത്ത്‌ മൂന്നാമതെത്തും. മൂന്നാമതുള്ള റഷ്യയെ പിന്തള്ളും. റഷ്യയിൽ രോഗബാധിതരുടെ എണ്ണം 6.75 ലക്ഷമാണ്‌. ഏഴായിരത്തിൽ താഴെ പ്രതിദിന രോഗികളാണ്‌ റഷ്യയിൽ‌. ഇന്ത്യയിൽ രോഗികൾ 6.70 ലക്ഷം കടന്നു. മൂന്ന്‌ ദിവസമായി ഇരുപതിനായിരത്തിലേറെയാണ്‌  പ്രതിദിന രോഗികൾ. വർധന ഈ തോതിൽ തുടർന്നാൽ ഞായറാഴ്‌ച ഇന്ത്യയിൽ 6.90 ലക്ഷമെത്തും.

അമേരിക്കയും ബ്രസീലുംമാത്രമാകും രോഗികളുടെ എണ്ണത്തിൽ  ഇന്ത്യക്ക്‌ മുന്നിലുണ്ടാവുക. യുഎസിൽ ഇന്ത്യയേക്കാൾ നാലിരട്ടിയും ബ്രസീലിൽ ഇരട്ടിയിലേറെയുമാണ്‌ രോഗികൾ.


വാക്‌സിനായി 149 ഗവേഷണം


കോവിഡിനെ പിടിച്ചുകെട്ടുന്നതിനുള്ള വാക്‌സിൻ കണ്ടെത്താൻ ലോകവ്യാപകമായി നടക്കുന്നത്‌ 149 ഗവേഷണങ്ങൾ‌. ഇതിൽ 18 എണ്ണം മനുഷ്യരിൽ പരീക്ഷിക്കുന്നതിനുള്ള ഘട്ടത്തിലെത്തി. ഇന്ത്യയിൽമാത്രം മുപ്പതോളം വാക്‌സിൻ പരീക്ഷണമാണ്‌ പുരോഗമിക്കുന്നത്‌. അഹമ്മദാബാദ്‌ ആസ്ഥാനമായ സൈഡസ്‌ കാഡില എന്ന മരുന്നുനിർമാണ കമ്പനി വികസിപ്പിച്ച വാക്‌സിൻ മനുഷ്യരിൽ പരീക്ഷിക്കാൻ ഡിസിജിഐയുടെ യോഗ്യത നേടിക്കഴിഞ്ഞു.

ഓക്‌സ്‌ഫഡ്‌ സർവകലാശാലയും അസ്‌ട്രാ സെനെക്കയും വികസിപ്പിച്ച സാധ്യതാ വാക്‌സിൻ പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലാണ്‌. ചൈന പുറത്തിറക്കിയ കൊറോണ വാക്‌സിൻ നിലവിൽ സൈനികർ മാത്രമാണ്‌ ഉപയോഗിക്കുന്നത്‌.

മൂന്നുദിവസം, 64,000 രോഗികൾ

ഏതാനും ദിവസങ്ങളായി രോഗികളുടെ എണ്ണം ഇന്ത്യയിൽ വർധിക്കുകയാണ്‌. ജൂണിൽ ഒരിക്കൽമാത്രമാണ്‌ രോഗികൾ 20,000 കടന്നത്‌. ജൂൺ 27ന്‌ 20,142 ആയിരുന്നു. ജൂലൈ രണ്ടുമുതൽ രോഗികൾ 21,000 ത്തിലേറെയായി. രണ്ടിന്‌ 21,947, മൂന്നിന്‌ 22,771 എന്നിങ്ങനെയായി‌. ജൂലൈ ഒന്നിനാണ്‌ രോഗികൾ ആറുലക്ഷം കടന്നത്‌.
മൂന്നിന്‌ 6,49,886ൽ എത്തി. ജൂൺ അവസാനിക്കുമ്പോൾ 5.85 ലക്ഷമായിരുന്നു. മൂന്നുദിവസംകൊണ്ട്‌ 64,000 രോഗികളാണ്‌ വർധിച്ചത്‌. മഹാരാഷ്ട്രയിൽ ആറായിരത്തിലേറെ രോഗികളാണ്‌ തുടർച്ചയായുള്ളത്‌. തമിഴ്‌നാട്ടിൽ ശരാശരി 4500 എന്ന തോതിലാണ്‌. തെലങ്കാന, കർണാടകം, ഒഡിഷ, യുപി തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം വെള്ളിയാഴ്‌ച ഏറ്റവും ഉയർന്ന രോഗികളാണ്‌.

രാജ്യത്ത്‌ രോഗമുക്തരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം 1,58,793 ആയി വർധിച്ചെന്ന്‌ കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗമുക്തിനിരക്ക്‌ 60.81 ശതമാനമായി. 24 മണിക്കൂറിൽ 14,335 പേർ രോഗമുക്തരായി. ആകെ രോഗമുക്തർ 3,94,226.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top