11 August Tuesday

ഏറ്റുമുട്ടൽ‌ എവിടെവച്ച്; കേന്ദ്രം വെളിപ്പെടുത്തണം: സിപിഐ എം

സ്വന്തം ലേഖകൻUpdated: Tuesday Jun 23, 2020

ന്യൂഡൽഹി > ചൈനീസ്‌ സൈനികരുമായി ഏറ്റുമുട്ടലുണ്ടായ സ്ഥലം കൃത്യമായി എവിടെയാണെന്നും ഇതിലേക്ക്‌ നയിച്ച സാഹചര്യം എന്താണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ ആവശ്യപ്പെട്ടു. ഉയർന്നുവന്നിരിക്കുന്ന സംശയങ്ങൾ നീക്കാനും യഥാർഥ നിയന്ത്രണരേഖയിൽ(എൽഎസി) സമാധാനവും ശാന്തിയും ഉറപ്പാക്കുകയെന്ന ലക്ഷ്യം കൈവരിക്കാനും ഇത്‌ ആവശ്യമാണ്.

‘കടന്നുകയറ്റം ഉണ്ടായിട്ടില്ല, ഇന്ത്യൻ പോസ്‌റ്റുകൾ പിടിച്ചെടുത്തിട്ടില്ല’–-എൽഎസിയിൽ സംഘർഷത്തിന്‌ ഇടയാക്കിയ  സംഭവപരമ്പര ചർച്ചചെയ്യാൻ വിളിച്ച സർവകക്ഷിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞത്‌ ഇതാണ്‌. അപ്പോൾ സംഘർഷം എന്തിനായിരുന്നു? ഇന്ത്യൻ സൈനികർ രക്തസാക്ഷികളായത്‌ എന്തിനാണ്‌? എന്നീ ചോദ്യങ്ങൾ ഉയരുന്നു. എൽഎസിയിൽ ഏറ്റുമുട്ടലുണ്ടായ സ്ഥലം ഏതാണെന്ന ചോദ്യവും ഉയരുന്നു.

നമ്മുടെ ധീരസൈനികരുടെ വീരോചിതമായ പ്രവൃത്തിയുടെ ന്യായം ചോദ്യംചെയ്യാൻ ഇടയാക്കുന്നതാണ്‌ പ്രധാനമന്ത്രിയുടെ പ്രസ്‌താവന. തർക്കം പരിഹരിക്കാനുള്ള നയതന്ത്രശ്രമങ്ങളുടെ കരുത്ത്‌ ഇല്ലാതാക്കുന്ന പ്രസ്‌താവനയാണിത്‌. പ്രധാനമന്ത്രിയുടെ പ്രസ്‌താവന വ്യാപകനടുക്കം സൃഷ്ടിച്ചതിനെത്തുടർന്ന്‌ കേന്ദ്രസർക്കാർ ദീർഘമായ പ്രസ്‌താവനകൾ ഇറക്കി. പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്‌ ഇൻഫർമേഷൻ ബ്യൂറോ വഴിയും  വിദേശകാര്യമന്ത്രാലയം പ്രത്യേകമായി വിശദീകരണവും നൽകി. പരസ്‌പരവിരുദ്ധമായ ഈ വിശദീകരണങ്ങൾ സംശയം അകറ്റുന്നില്ലെന്ന്‌ മാത്രമല്ല, ആശയക്കുഴപ്പം വർധിപ്പിച്ചു. പ്രതിരോധമന്ത്രാലയത്തിന്റെയും വിദേശമന്ത്രാലയത്തിന്റെയും നിലപാടുകൾക്ക്‌ വിരുദ്ധമായ പ്രസ്‌താവന പ്രധാനമന്ത്രി നടത്തിയശേഷം ഇതിനെ ദുർവ്യാഖ്യാനം ചെയ്യുകയാണെന്ന്‌ ആരോപിക്കുന്നത്‌ അന്യായമാണ്‌–-പിബി വ്യക്തമാക്കി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top