15 July Wednesday

ഇന്ത്യ ചൈന നയതന്ത്ര ചർച്ച ഈ ആഴ്‌ച ; സൈനികതല ചർച്ചയും ഉടൻ

സാജൻ എവുജിൻUpdated: Monday Jun 22, 2020



ന്യൂഡൽഹി
ഗൽവാൻ താഴ്‌വരയിലെ ഏറ്റുമുട്ടലിന്റെ പശ്‌ചാത്തലത്തിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്ര ചർച്ച ഈയാഴ്‌ച പുനരാരംഭിക്കും. ചൈനയിലെ ഇന്ത്യൻ സ്ഥാനപതി വിക്രം മിസ്രിയുടെ നേതൃത്വത്തിലാണ്‌ ‌ ചൈനീസ്‌ നയതന്ത്ര പ്രതിനിധികളുമായി ചർച്ച നടത്തുക. സൈനികതല ചർച്ചയും ഉടൻ  പുനരാരംഭിക്കും. ചര്‍ച്ചകള്‍ ആരംഭിക്കാനിരിക്കെ, വിഷയത്തില്‍ കേന്ദ്രസര്‍ക്കാർ‌ പരസ്പര വിരുദ്ധ നിലപാടാണ്‌ സ്വീകരിക്കുന്നത്‌.  

ഇന്ത്യൻ അതിർത്തിയിൽ ആരും കടന്നിട്ടില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്‌താവനയ്‌ക്ക്‌ ചൈനീസ്‌ മാധ്യമങ്ങൾ  വൻപ്രാധാന്യം നൽകി. യഥാർഥ നിയന്ത്രണരേഖ(എൽഎസി)യിലാണ്‌ ഏറ്റുമുട്ടൽ ഉണ്ടായതെന്ന് പിന്നാലെ‌ പ്രധാനമന്ത്രിയുടെ ഓഫീസ്‌ വിശദീകരിച്ചു. എൽഎസിയിൽ ഇന്ത്യൻഭാഗത്താണ്‌ സംഘർഷമുണ്ടായതെന്നും ഇന്ത്യയുടെ എല്ലാ നീക്കവും രാജ്യത്തിന്റെ അതിർത്തിയിലാണ്‌ നടന്നതെന്നും ഇരുപക്ഷവും തോക്കോ  പീരങ്കിയോ ഉപയോഗിച്ചില്ലെന്നും വിദേശമന്ത്രാലയം വ്യക്തമാക്കി.

എൽഎസിയിൽ  വൻതോതിൽ ചൈനീസ്‌ സൈനികസാന്നിധ്യമുണ്ടായെന്നും അവർ അവിടെ നിർമാണത്തിനു ശ്രമിച്ചുവെന്നും  ജൂൺ 15ന്റെ ഏറ്റുമുട്ടലിനുശേഷമുള്ള സ്ഥിതിയാണ്‌ പ്രധാനമന്ത്രി സർവകക്ഷിയോഗത്തിൽ പറഞ്ഞതെന്നും ‌ അദ്ദേഹത്തിന്റെ ഓഫീസ്‌ ശനിയാഴ്‌ച വിശദീകരിച്ചിരുന്നു. അതിർത്തിയിൽ ആരും കടന്നിട്ടില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്‌താവന ഇതിനോട്‌ പൊരുത്തപ്പെടുന്നില്ല.

പ്രധാനമന്ത്രി വെള്ളിയാഴ്‌ച നടത്തിയ പ്രസ്‌താവനയ്‌ക്ക്‌ പിന്നാലെ ഗൽവാൻ താഴ്‌വര എൽഎസിയിൽ ചൈനയുടെ ഭാഗത്താണെന്ന്‌ അവകാശപ്പെട്ട്‌ അവരുടെ വിദേശകാര്യ വക്താവ്‌ നടത്തിയ പ്രസ്‌താവന ഡൽഹിയിലെ ചൈനീസ്‌ സ്ഥാനപതികാര്യാലയം ട്വീറ്റ്‌ ചെയ്‌തു. ഇതേതുടർന്ന്‌ ഗൽവാൻ താഴ്‌വര ഇന്ത്യൻപ്രദേശമാണെന്ന്‌ വിദേശമന്ത്രാലയത്തിന്‌ അതിശക്തമായി പറയേണ്ടിവന്നു. ഗൽവാൻ താഴ്‌വര ഇതിനുമുമ്പ്‌ ചൈന അവകാശപ്പെട്ടിട്ടില്ലെന്നും വിദേശമന്ത്രാലയ വക്താവ്‌ അനുരാഗ്‌ ശ്രീവാസ്‌തവ പറഞ്ഞു.

പ്രധാനമന്ത്രിയുടെ പ്രസ്‌താവന ചൈനയുടെ ഔദ്യോഗിക ദിനപ്പത്രം ഗ്ലോബൽ ടൈംസിന്റെ എഡിറ്റർ ഇൻ ചീഫ്‌ ഹു ഷിജിൻ ഉടൻ ഏറ്റെടുത്തു. ചൈനീസ്‌ സൈന്യം അതിർത്തി കടന്നിട്ടില്ലെന്ന്‌ പ്രധാനമന്ത്രി മോഡി വ്യക്തമാക്കിയെന്നും ഇന്ത്യൻ സൈനികരാണ്‌ പ്രകോപനം സൃഷ്ടിച്ചതെന്നും ഷിജിൻ ട്വീറ്റ്‌ ചെയ്‌തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top