04 November Monday

ഇന്ത്യ– കാനഡ നയതന്ത്രയുദ്ധം

പ്രത്യേക ലേഖകൻUpdated: Tuesday Oct 15, 2024

ന്യൂഡൽഹി
സിഖ്‌ വിഘടനവാദ നേതാവ്‌ ഹർദീപ്‌ സിങ്‌ നിജ്ജാർ കൊല്ലപ്പെട്ടതിനെ തുടർന്ന്‌ ഉലഞ്ഞ ഇന്ത്യ–- കാനഡ ബന്ധം നയതന്ത്രയുദ്ധത്തിലേക്ക്‌. നിജ്ജാർ വധക്കേസിൽ ഇന്ത്യൻ സ്ഥാനപതി അടക്കമുള്ള നയതന്ത്ര ഉദ്യോഗസ്ഥർ അന്വേഷണ പരിധിയിലാണെന്ന്‌ കാണിച്ച്‌ കാനഡ അയച്ച സന്ദേശത്തോട്‌ അതി രൂക്ഷമായി പ്രതികരിച്ച ഇന്ത്യ, കാനഡയിലെ ഇന്ത്യൻ ഹൈക്കമീഷണറേയും മറ്റ്‌ ഉദ്യോഗസ്ഥരെയും  തിരിച്ചുവിളിച്ചു. അതേസമയം ഹൈക്കമീഷണറടക്കം ആറ്‌ ഉദ്യോഗാസ്ഥരെ പുറത്താക്കിയതായി കാനഡ അറിയിച്ചു.  ഇതിൽ പ്രതിഷേധിച്ച്‌ കാനഡ എംബസിയിലെ ആറ്‌ ഉദ്യോഗസ്ഥരെ ഇന്ത്യയും പുറത്താക്കി. നേരത്തെ കാനഡയുടെ പരാമർശത്തിൽ എംബസയിലെ ചാർജ്‌ ഡി അഫയേഴ്‌സിനെ കേന്ദ്രസർക്കാർ തിങ്കളാഴ്‌ച വിളിച്ചുവരുത്തി  ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.


കാനഡ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോയ്‌ക്ക്‌ ഇന്ത്യയോടുള്ള ശത്രുത പണ്ടേയുള്ളതാണെന്നും വിദേശമന്ത്രാലയം പ്രസ്‌താവനയിൽ പറഞ്ഞു. വോട്ട്‌ബാങ്ക്‌ ലക്ഷ്യമിട്ട്‌ ഇന്ത്യക്കെതിരെ ട്രൂഡോ സർക്കാർ രാഷ്‌ട്രീയ അജൻഡ പ്രയോഗിക്കുന്നു. ഇന്ത്യൻ നയതന്ത്രജ്ഞർക്കെതിരെ എന്തെങ്കിലും നീക്കം ഉണ്ടായാൽ കാനഡ സർക്കാരിന്റെ രാഷ്‌ട്രീയ അജൻഡ നടപ്പാക്കുന്ന ഇന്ത്യയിലെ അവരുടെ പ്രതിനിധികൾക്കെതിരെ തത്തുല്യ നടപടി ഉണ്ടാകുമെന്നും മന്ത്രാലയം അറിയിച്ചു.


കഴിഞ്ഞ വർഷം ജൂണിൽ നിജ്ജാർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട്‌ ട്രൂഡോ ചില ആരോപണങ്ങൾ ഉന്നയിച്ചെങ്കിലും തെളിവുകൾ കൈമാറിയില്ലെന്ന്‌ വിദേശമന്ത്രാലയം പറയുന്നു. ട്രൂഡോ 2018ലെ ഇന്ത്യാസന്ദർശനം വോട്ട്‌ബാങ്കിനായി ഉപയോഗിച്ചു. ഇന്ത്യക്കെതിരായ വിഘടനവാദ, തീവ്രവാദ അജണ്ടയുമായി പ്രവർത്തിക്കുന്നവരുമായി പരസ്യമായി സഹകരിക്കുന്നവരെ ട്രൂഡോ മന്ത്രിമാരാക്കി. 

കാനഡ രാഷ്‌ട്രീയത്തിൽ വിദേശ ഇടപെടൽ ഉണ്ടാകുന്നതിനോട്‌ കണ്ണടയ്‌ക്കുന്നുവെന്ന വിമർശം സൃഷ്ടിക്കുന്ന കോട്ടം പരിഹരിക്കാൻ അദ്ദേഹം ഇന്ത്യയെ വലിച്ചിഴക്കുകയാണ്‌. വിദേശ ഇടപെടലുമായി ബന്ധപ്പെട്ട്‌ കമീഷൻ മുമ്പാകെ മൊഴി നൽകാൻ ട്രൂഡോ ഹാജരാകാനിരിക്കെയാണ്‌ ഇന്ത്യൻ നയതന്ത്രജ്ഞരെ ലക്ഷ്യമിട്ട് നീങ്ങുന്നത്.
ഇന്ത്യൻ നയതന്ത്രജ്ഞരെയും നേതാക്കളെയും വേട്ടയാടുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന തീവ്രവാദികൾക്ക്‌ കാനഡ അഭയം നൽകുന്നു. ഭീകരവാദികളെയും അധോലോക സംഘാംഗങ്ങളെയും ഇന്ത്യക്ക്‌ വിട്ടുനൽകണമെന്ന ആവശ്യം തുടർച്ചയായി നിരാകരിക്കുന്നു.

നയതന്ത്ര സേവനരംഗത്ത്‌ 36 വർഷത്തെ അനുഭവസമ്പത്തുള്ള ഉദ്യോഗസ്ഥനാണ്‌ കാനഡയിലെ ഇന്ത്യൻ സ്ഥാനപതി സഞ്‌ജയ്‌ കുമാർ വർമ. അദ്ദേഹത്തെ കരിനിഴലിൽ നിർത്താനുള്ള ശ്രമം അവജ്ഞയോടെ തള്ളുന്നു–- വിദേശ മന്ത്രാലയം വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top