17 January Friday

പൗരത്വ ഭേദഗതി ബില്‍ പ്രതിഷേധം: ഇന്ത്യ-ജപ്പാൻ ഗുവാഹത്തി ഉച്ചകോടി റദ്ദാക്കി

വെബ് ഡെസ്‌ക്‌Updated: Friday Dec 13, 2019

ടോക്യോ >  പൗരത്വഭേദഗതി ബില്‍ നടപ്പാക്കുന്നതിനെതിരെയുള്ള പ്രതിഷേധം വ്യാപകമായ സാഹചര്യത്തിൽ 15 മുതൽ 17വരെ ഗുവാഹത്തിയിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഇന്ത്യ‐ജപ്പാൻ ഉച്ചകോടി റദ്ദാക്കി. പ്രധാനമന്ത്രി ഷിൻസോ അബെയുടെ സന്ദർശനം സമീപ ഭാവിയിൽ പരസ്പര സൗകര്യപ്രദമായ തീയതിയിലേക്ക് മാറ്റിവയ്ക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് രവീഷ് കുമാർ അറിയിച്ചതാണ്‌ ഇക്കാര്യം.

പൗരത്വഭേദഗതി ബില്‍ നടപ്പാക്കുന്നതിനെതിരെയുള്ള പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന്‌ വേദിയിൽ മാറ്റമുണ്ടാകുമെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. പ്രധാനമന്ത്രി മോദിയുമായും ആബെ കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നു. ജപ്പാന്‍ വാര്‍ത്താ ഏജന്‍സി ജീജിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

 പൗരത്വഭേദഗതി ബില്‍ നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ചുള്ള പ്രക്ഷോഭത്തെ തുടർന്ന്‌  ഗുവാഹാട്ടിയിലടക്കം അനിശ്ചിത കാലത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കുകയും ചെയ്തു. പ്രക്ഷോഭകാരികളെ നേരിടാന്‍ സൈന്യത്തേയും വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ മൂന്ന്‌ പേര്‍ മരിച്ചിരുന്നു.

 ഇന്ത്യ‐ ജപ്പാന്‍ കൂടിക്കാഴ്ച സംബന്ധിച്ച് ഇപ്പോള്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പൗരത്വ ബില്ലിനെച്ചൊല്ലി കഴിഞ്ഞ ദിവസം ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എ കെ അബ്ദുള്‍ മോമെനും ആഭ്യന്തരമന്ത്രി അസുസമാന്‍ ഖാനും ഇന്ത്യാസന്ദര്‍ശനം അവസാനനിമിഷം റദ്ദാക്കിയിരുന്നു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top