17 February Sunday

മേളയെ ഇളക്കിമറിച്ച് 'യങ് കാള്‍ മാര്‍ക്സ്'

സുമേഷ് കെ ബാലന്‍Updated: Sunday Nov 26, 2017

ദി യങ് കാള്‍ മാര്‍ക്സില്‍നിന്നുള്ള ഒരുരംഗം


പനാജി > പകുതിദിനങ്ങള്‍ പിന്നിട്ട ഗോവന്‍ ചലച്ചിത്രമേളയെ ഇളക്കിമറിച്ചത് ലോകത്തെ മാറ്റിമറിച്ച ചിന്തകനും വിപ്ളവകാരിയുമായ കാള്‍ മാര്‍ക്സിനെക്കുറിച്ചുള്ള ചിത്രം ദി യങ് കാള്‍ മാര്‍ക്സ്. അസമത്വങ്ങള്‍ക്കെതിരായ എക്കാലത്തെയും പോരാട്ടങ്ങള്‍ക്ക് അഗ്നി പകര്‍ന്ന ചിന്തകള്‍ മുളപൊട്ടിയ മാര്‍ക്സിന്റെ യൌവനകാലമാണ് ചിത്രം അവതരിപ്പിക്കുന്നത്. ഹെയ്തിയന്‍ സംവിധായകനും ആക്ടിവിസ്റ്റുമായ റൌള്‍ പെക് സംവിധാനംചെയ്ത ദി യങ് കാള്‍ മാര്‍ക്സ്  ഐനോക്സ് തിയറ്റര്‍ സമുച്ചയത്തിലെ നിറഞ്ഞ സദസ്സിലാണ് പ്രദര്‍ശിപ്പിച്ചത്. മേളയില്‍ ഏറ്റവും തിരക്കനുഭവപ്പെട്ട ചിത്രവും ഇതുതന്നെ.

  മാര്‍ക്സിന്റെ വിശ്രുതരചന മൂലധനത്തിന് 150 വയസ്സ് തികയുന്ന വേളയിലാണ് യുവാവായ മാര്‍ക്സിന്റെ പോരാട്ടജീവിതം അതിഭാവുകത്വത്തിന്റെ ഉടയാടകളില്ലാതെ അഭ്രപാളിയിലെത്തിയത്. മുതലാളിത്തത്തെ മാറ്റിമറിക്കാനുള്ള അവിരാമമായ സമരങ്ങളുടെ വഴിയും വഴികാട്ടിയുമാണ് മാര്‍ക്സും മാര്‍ക്സിന്റെ രചനകളുമെന്ന് ഈ ചിത്രം ഓര്‍മപ്പെടുത്തുന്നു. 1842 മുതലുള്ള ഒരു ദശകത്തിന്റെ ചരിത്രമാണ് രണ്ട് മണിക്കൂറോളം ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ കടന്നുവരുന്നത്. 1844ല്‍ പാരീസില്‍വച്ച് എംഗല്‍സിനെ കണ്ടുമുട്ടുന്നതും തുടര്‍ന്ന് അടിച്ചമര്‍ത്തലുകളെയും വിലക്കുകളെയും അവഗണിച്ച് തൊഴിലാളിവര്‍ഗത്തെ സംഘടിപ്പിക്കാനായി പോരാടുന്നതിന്റെ തീക്ഷ്ണമായ ചിത്രം ദി യങ് കാര്‍ മാര്‍ക്സിലുണ്ട്. മാര്‍ക്സിന്റെയും ജെന്നിയുടെയും എംഗല്‍സിന്റെയും സങ്കീര്‍ണമായ ജീവിതമാണ് സിനിമയിലൂടെ പറയുന്നതെങ്കിലും ഒരു കാലഘട്ടത്തിന്റെ ത്രസിക്കുന്ന ചരിത്രംകൂടിയാണ് ഈ ചിത്രം. മാര്‍ക്സായി ഓഗ്സ്റ്റ് ഡീലും എംഗല്‍സായി സ്റ്റെഫാന്‍ കൊണാര്‍സ്കെയും ജെന്നിയായി വിക്കി ക്രീപ്സുമാണ് വേഷമിട്ടത്. 

കഴിഞ്ഞ ഫെബ്രുവരിയിലാണ് ചിത്രം ജര്‍മനിയില്‍ റിലീസായത്. ബര്‍ലിന്‍ ചലച്ചിത്രമേളയില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. റൌള്‍പെകും പാസ്കല്‍ ബോനിസറും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. ഹെയ്തിയിലെ ആക്ടിവിസ്റ്റ് കൂടിയായ റൌള്‍ പെക് 1996ല്‍ ഹെയ്തിയിലെ സാംസ്കാരികമന്ത്രിയായിരുന്നു.  ടൊറോന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പീപ്പിള്‍സ് ചോയ്സ് പുരസ്കാരത്തിനും ഈ ചിത്രം അര്‍ഹമായി.  തിങ്കളാഴ്ച ചിത്രം വീണ്ടും പ്രദര്‍ശിപ്പിക്കും. ഞായറാഴ്ച അന്താരാഷ്ട്ര മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാളചിത്രം ടേക് ഓഫ് പ്രദര്‍ശനപ്പിക്കും.

മേളയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ: ലിജിന്‍ ജോസ്
പനാജി > ഗോവയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നിലനില്‍ക്കുന്നതെന്ന് സംവിധായകന്‍ ലിജിന്‍ ജോസ്. മേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ കഥേതരവിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട കെ ജി ജോര്‍ജിനെക്കുറിച്ചുള്ള ചിത്രം, എട്ടര ഇന്റര്‍കട്ട്സ്- ലൈഫ് ആന്‍ഡ് ഫിലിംസ് ഓഫ് കെ ജി ജോര്‍ജിന്റെ സംവിധായകനാണ് ലിജിന്‍ ജോസ്. ഐനോക്സ് തിയറ്റര്‍ സമുച്ചയത്തില്‍ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനത്തിന് മുന്നോടിയായി അണിയറപ്രവര്‍ത്തകരെ സംഘാടകര്‍ ഉപഹാരം നല്‍കി ആദരിക്കുമ്പോഴാണ് സംവിധായകന്‍ തന്റെ അഭിപ്രായം പരസ്യമായി വ്യക്തമാക്കിയത്.  ജൂറി തെരഞ്ഞെടുത്ത ചിത്രങ്ങള്‍ പിന്നീട് ഒഴിവാക്കപ്പെടുന്ന സാഹചര്യം ഉണ്ടാകാന്‍പാടില്ലാത്തതാണ്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരേണ്ടതാണ്. അത്തരം പ്രതിഷേധം ഉയരാത്തത് അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനില്‍ക്കുന്നതിനാലാകാം. ഈ സാഹചര്യത്തിലാണ് തന്റെ നിലപാട് പരസ്യമായി പറഞ്ഞതെന്നും ലിജിന്‍ പറഞ്ഞു.

നിറഞ്ഞ സദസ്സിലാണ് കെ ജി ജോര്‍ജിനെക്കുറിച്ചുള്ള ചിത്രത്തിന്റെ പ്രദര്‍ശനം നടന്നത്. നാലുവര്‍ഷംകൊണ്ട് തയ്യാറാക്കിയ ഡോക്യുമെന്ററിയില്‍ ബാലുമഹേന്ദ്ര, രാമചന്ദ്രബാബു, അടൂര്‍ ഗോപാലകൃഷ്ണന്‍, ഷാജി എന്‍ കരുണ്‍, ഗീതു മോഹന്‍ദാസ്, സി എസ് വെങ്കിടേശ്വരന്‍, എം ജി രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ ജോര്‍ജിന്റെ ചിത്രങ്ങളെ വിലയിരുത്തുന്നു. ഷിബു ജി സുശീലനാണ് ഡോക്യുമെന്ററിയുടെ നിര്‍മാതാവ്.

പ്രധാന വാർത്തകൾ
 Top