04 August Tuesday

കോവിഡ്‌ വാക്‌സിൻ: ഐസിഎംആർ പ്രഖ്യാപനം അപകടകരം; അന്തംവിട്ട്‌ ശാസ്‌ത്രലോകം

സ്വന്തം ലേഖകൻUpdated: Sunday Jul 5, 2020

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി
ആഗസ്‌ത്‌ 15ഓടെ കോവിഡ്‌ വാക്‌സിൻ പുറത്തിറക്കുമെന്ന  ഐസിഎംആർ പ്രഖ്യാപനം അപകടകരവും യാഥാർഥ്യബോധമില്ലാത്തതുമാണെന്ന്‌ ശാസ്‌ത്രലോകം. ഡൽഹി എയിംസ്‌ ഡയറക്ടറും കോവിഡ്‌–--19 ദേശീയ ദൗത്യസംഘം ക്ലിനിക്കൽ റിസർച്ച്‌ വിഭാഗം തലവനുമായ ഡോ. രൺദീപ്‌ ഗുലേറിയ  പ്രഖ്യാപനത്തിൽ അതിശയം പ്രകടിപ്പിച്ചു. ക്ലിനിക്കൽ പരീക്ഷണങ്ങൾ പൂർത്തീകരിച്ച്‌ ഈ സമയപരിധിക്കുള്ളിൽ വാക്‌സിൻ പുറത്തിറക്കുകയെന്നത്‌ അസാധ്യമാണെന്ന്‌ പ്രമുഖ വൈറോളജിസ്‌റ്റും വെൽക്കം ട്രസ്‌റ്റ്‌–-ഡിബിടി അലയൻസ്‌ ചീഫ്‌ എക്‌സിക്യൂട്ടീവുമായ ഷഹീദ്‌ ജമാൽ പറഞ്ഞു.

ആഗസ്‌ത്‌ 15 സമയപരിധി അപമാനകരമാണ്‌. രാജ്യാന്തര ശാസ്‌ത്രസമൂഹം ഇന്ത്യയെ പരിഹസിക്കും. ശാസ്‌ത്രലോകത്ത്‌ ഇന്ത്യയുടെ സ്ഥാനം മികച്ചതാണ്‌. ഇത്തരം അവകാശവാദങ്ങൾ ഉയർത്തിയാൽ ഇന്ത്യയുടെ വിശ്വാസ്യത നഷ്ടപ്പെടുമെന്നും അദ്ദേഹം  പറഞ്ഞു.ഐസിഎംആറിന്റെ പ്രഖ്യാപനം അസ്വസ്ഥത സൃഷ്ടിക്കുന്നതാണെന്ന്‌ ഇന്ത്യൻ വാക്‌സിൽ മാനുഫാക്‌ചേഴ്‌സ്‌ അസോസിയേഷൻ പ്രസിഡന്റ്‌ അദർ പൂണവാല പ്രതികരിച്ചു. സ്വന്തം വിശ്വാസ്യത ഐസിഎംആർ നഷ്ടപ്പെടുത്തുകയാണെന്ന്‌ ‘മെഡിക്കൽ എത്തിക്‌സ്‌’ എഡിറ്ററും പൊതുജനാരോഗ്യ വിദഗ്‌ധനുമായ അമർ ജെസ്‌നാനി പറഞ്ഞു.

ക്ലിനിക്കൽ പരീക്ഷണങ്ങളിലേക്ക്‌ നീങ്ങുന്നതിനുമുമ്പ്‌  വാക്‌സിൻ ഒരു മാസത്തിനകം പുറത്തിറക്കുമെന്ന്‌ പ്രഖ്യാപിക്കുന്നത്‌ കേട്ടുകേൾവിയില്ലാത്തതാണെന്ന്‌ കല്യാണിയിലെ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ബയോമെഡിക്കൽ ജെനറ്റിക്‌സ്‌ സ്ഥാപക ഡയറക്ടർ പാർഥ മജുംദാർ പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top