22 October Tuesday

ബീഹാറിലെ കുട്ടികളുടെ കൂട്ടമരണം: വാര്‍ത്താസമ്മേളനത്തില്‍ ഉറങ്ങിയതല്ല കണ്ണടച്ച് ധ്യാനിച്ചതാണെന്ന് കേന്ദ്ര ആരോഗ്യസഹമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Jun 17, 2019

ന്യൂഡല്‍ഹി > ബീഹാറില്‍ മസ്‌തിഷ്‌ക്കവീക്കം (എന്‍സെഫലൈറ്റിസ്) ബാധിച്ച് കുട്ടികള്‍ മരിച്ചതിനെക്കുറിച്ചുള്ള സുപ്രധാന വാര്‍ത്താസമ്മേളനത്തിടെ താന്‍ ഉറങ്ങിയില്ലെന്ന് കേന്ദ്ര ആരോഗ്യസഹമന്ത്രി അശ്വനി കുമാര്‍ ചൗബേ. കണ്ണടച്ച് ധ്യാനിക്കുകയും ചിന്തിക്കുകയുമായിരുന്നെന്ന് ചൗബേ പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ ബീഹാറിലെ ആശുപത്രി സന്ദര്‍ശിച്ച ശേഷം സ്ഥിതിഗതികള്‍ വിവിരിക്കുന്നതിനിടെ അശ്വനി കുമാര്‍ ചൗബേ ഉറങ്ങിയെന്ന് ആര്‍ജെഡി ആരോപിച്ചിരുന്നു. അദ്ദേഹം ഉറങ്ങുന്ന ചിത്രങ്ങളും പുറത്തുവിട്ടു.  എന്നാല്‍, താന്‍ ധ്യാനിക്കുകയായിരുന്നെന്ന് പാര്‍ലമെന്റ് സമ്മേളനത്തിന്റെ ആദ്യ ദിനത്തില്‍ സത്യപ്രതിജ്ഞയ്ക്കുശേഷം ചൗബേ പറഞ്ഞു.

കുട്ടികളുടെ കൂട്ടമരണമുണ്ടായിട്ടും ബീഹാറില്‍നിന്നുള്ള അശ്വനി കുമാര്‍ ചൗബേ ഇടപെടാന്‍ വൈകിയത് ചോദ്യം ചെയ്ത മാധ്യമ പ്രവര്‍ത്തകരോട് ചൗബേ പൊട്ടിത്തെറിച്ചു. മുസാഫര്‍പൂരില്‍ സന്ദര്‍ശനം നടത്താതിരുന്ന ചൗബേ ഡല്‍ഹിയിലാണ് യോഗം വിളിച്ചത്. ഇത് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് ചൗബേ തട്ടിക്കയറി. വാക്കേറ്റം രൂക്ഷമായതോടെ ചൗബേയുടെ കയ്യില്‍നിന്ന് ഹര്‍ഷ വര്‍ധനന്‍ മൈക്ക് പിടിച്ചുമാറ്റാന്‍ ശ്രമിച്ചു. തുടര്‍ന്നും ചൗബേ പൊട്ടിത്തെറിച്ചതോടെ കയ്യില്‍ പിടിച്ച് നിയന്ത്രിക്കാനും ഹര്‍ഷ വര്‍ധന്‍ ശ്രമിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ യോഗത്തിനിടെ ബീഹാര്‍ ആരോഗ്യ മന്ത്രി മംഗല്‍ പാണ്ഡെ ക്രിക്കറ്റ് സ്‌കോര്‍ ചോദിച്ചതും വിവാദമായി. ഇതിനിടെ, മസ്തിഷ്‌ക്കവീക്കം കാരണമുള്ള കുട്ടികളുടെ മരണസംഖ്യ 100 കടന്നു.

 


പ്രധാന വാർത്തകൾ
 Top