22 March Friday

മതസൗഹാർദ്ദവും ജനാധിപത്യ അവകാശങ്ങളും സംരക്ഷിയ്ക്കാൻ യോജിച്ച പോരാട്ടം: കൊൽക്കത്തയിൽ ഇടതുപാർടികളുടെ വൻ റാലി

ഗോപിUpdated: Thursday Dec 6, 2018

കൊൽക്കത്ത > ഭരണഘടന ഉറപ്പു നൽകുന്ന മതസൗഹാർദ്ദവും ജനാധിപത്യ അവകാശങ്ങളും സംരക്ഷിയ്ക്കുന്നതിനായി യോജിച്ച് ശക്തമായി പോരാടുമെന്ന പ്രഖ്യാപനവുമായി  കൊൽക്കത്തയിൽ പതിനായിരങ്ങളണിനിരന്ന വൻ പ്രകടനം അരങ്ങേറി. ഭയാനകമായി വർദ്ധിച്ചുവരുന്ന വർഗീയ വിപത്തിനെതിരെ മതസൗഹാർദ്ദ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി വ്യാഴാഴ്‌ച 17 ഇടതുപക്ഷകക്ഷികളും വിവിധ ബഹുജന സംഘടനകളും സംയുക്തമായി സംഘടിപ്പിച്ച റാലി സമീപ കാലത്തൊന്നും കൊൽക്കത്ത കണ്ടിട്ടില്ലാത്ത വൻ ജനമുന്നേറ്റമായി.

സാധാരണക്കാരും തൊഴിലാളികളും അദ്ധ്യാപകരും വിദ്യാർത്ഥികളും കലാ സാംസ്‌കാരിക പ്രവർത്തകരുമുൾപ്പടെ ജീവിതത്തിന്റെ സമസ്ത തലങ്ങളിലെ ആളുകൾ  ജാതിമത ചിന്തകൾക്കതീതമായി ജനകീയ ഐക്യം കാത്തു സൂക്ഷിയ്ക്കുമെന്ന ദൃഢപ്രഖ്യാപനവുമായി റാലിയിൽ അണിനിരന്നു. മതവും രാഷ്ട്രീയവും കൂട്ടിക്കലർത്തി ജനാധിപത്യ പ്രസ്ഥാനങ്ങളെ ദുർബലമാക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ ചെറുത്തു നിൽപ്പ് സംഘടിപ്പിയ്ക്കുവാനുള്ള കാഹളം പ്രകടനത്തിലുടനീളം മുഴങ്ങി. മതേതരത്വത്തിന്റെ പ്രതീക  സ്ഥാപനമായ ഉത്തര കൊൽക്കത്തയിലെ മഹാജാതിസദനിൽ നിന്നും ആരംഭിച്ച പ്രകടനം പ്രധാന നഗരവീഥികളായ ചിത്തരജ്ഞൻ അവന്യു, മഹാത്മാഗാന്ധി  റോഡ്, സിയാൾദ, ആചാര്യ ജഗദീഷ് ചന്ദ്ര ബോസ് റോഡ്, പാർക്ക് സ്റ്റ്രീറ്റ് എന്നിവിടങ്ങളിൽക്കൂടി രണ്ടര മണിയ്ക്കൂറിലധികം സഞ്ചരിച്ച് പാർക്ക് സർക്കസ്സ് സുഹർവർത്തി അവന്യുവിൽ സമാപിച്ചു. പ്രകടനം കടന്നുവന്ന വീഥികളിലെല്ലാം ജനങ്ങൾ കൂട്ടത്തോടെ അതിൽ പങ്കുചേർന്നു. ഇടതുമുന്നണിയിൽപ്പെട്ട 10 പാർടികൾ കൂടാതെ വിവിധ സിപിഐ എംഎൽ പാർടികളടക്കമുള്ള ഏഴുപാർടികൾ കൂടിയാണ് പ്രകടനത്തിൽ പങ്കെടുത്തത്. ഇടതുമുന്നണി ചെയർമാൻ ബിമൻ ബസു സിപിഐഎം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത മിശ്ര  ഇടതു കക്ഷി നേതാക്കൾ എന്നിവർ പ്രകടനത്തിന് നേതൃതം നൽകി.പ്രകടനത്തിനു ശേഷം നടന്ന യോഗത്തിൽ ബിമൻ ബസു അദ്ധ്യക്ഷനായി. മതത്തിന്റേയും ജാതിയുടേയും പേരിൽ ജനങ്ങളെ  ഭിന്നിപ്പിച്ച് രാഷ്ട്രീയ ലാഭം നേടുന്ന വർഗീയ ശക്തികൾ രാജ്യത്തിനും  ജനങ്ങൾക്കും  വൻ  വിപത്താണ് സൃഷ്ടിയ്ക്കുന്നതെന്ന് ബിമൻ ബസു പറഞ്ഞു. ജനാധിപത്യ മതേതര വിശ്വാസികൾ ഒന്നടങ്കം അതിനെതിരെ അണി നിരക്കണം. വർഗീയ വിപത്തിനെതിരായ പോരാട്ടത്തിൽ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ തടസ്സമാകാതെ ഒറ്റക്കെട്ടായി യോജിച്ച് മുന്നോട്ടുപോകുവാനുള്ള  തീരുമാനവുമായാണ്  ഇടതുകക്ഷികൾ അണിനിരന്നത്.

രാജ്യത്ത് മതനിരപേക്ഷതയ്ക്ക് ഏറ്റവും വലിയ കളങ്കമാണ്  ബിജെപി സർക്കാരെന്ന്‌ സൂര്യകാന്തമിശ്ര പറഞ്ഞു. കടുത്ത വർഗീയ വാദികളുടെ പിന്തുണയോടെ അധികാരത്തിൽ വന്ന ബിജെപി രാജ്യത്തിന്റെ മതേതര സ്വഭാവം തകർക്കുന്ന നടപടികളാണ് എടുക്കുന്നത്. സ്വാർത്ഥതാൽപര്യത്തിനായി ജനങ്ങളെ തമ്മിൽത്തല്ലിക്കാനും മുതലെടുക്കാനും അവർ മടിയ്ക്കില്ല. സംസ്ഥാനത്ത് രാഷ്ട്രീയ താത്പര്യത്തിനായി മതമൗലികവാദികളുമായും വർഗീയ ചിന്താഗതിക്കാരുമായും കൈകോർക്കുന്ന നിലപാടാണ് തൃണമൂൽ കോൺഗ്രസും മമത ബാനർജിയും തുടരുന്നത്. ബിജെപിയ്ക്ക് സംസ്ഥാനത്ത് കാലൂന്നാനുള്ള അവസരം സൃഷ്ടിച്ചത് മമതയാണ്. രാജ്യം വർഗീയ വിപത്ത്  നേരിട്ട ഘട്ടങ്ങളിലെല്ലാം ഇടതുപക്ഷ ജനാധിപത്യ കക്ഷികൾ യോജിച്ച് അതിനെതിരെ രംഗത്തിറങ്ങിയിട്ടുണ്ട്‌‐ മിശ്ര പറഞ്ഞു. 

കൊൽക്കത്തയും സമീപ ജില്ലകളും കേന്ദ്രീകരിച്ചാണ് പ്രകടനം നടന്നത്. മറ്റ് ജില്ലാ കേന്ദ്രങ്ങളിലും ഇടതുപക്ഷ കക്ഷികളുടെ നേതൃത്വത്തിൽ മത സൗഹാർദ്ദ റാലികളും യോഗങ്ങളും  നടന്നു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top