22 October Tuesday

നരേന്ദ്ര മോഡിയുടെ ‘ഹൗഡി മോഡി’ പരിപാടിക്ക്‌ വേദിയാകുന്ന ഹൂസ്റ്റണിൽ ചുഴലിക്കാറ്റിൽ കനത്ത നാശം

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2019

ഹൂസ്റ്റൺ >  ഞായറാഴ്‌ച അമേരിക്കയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ  ‘ഹൗഡി മോഡി’ പരിപാടിക്ക്‌ വേദിയാകുന്ന ഹൂസ്റ്റണിൽ ഇമൽഡ ചുഴലിക്കാറ്റിൽ കനത്ത നാശം. ഹൂസ്റ്റൺ ഭൂഖണ്ഡാന്തര വിമാനത്താവളത്തിൽനിന്ന്‌ 900 വിമാനം റദ്ദാക്കുകയോ വൈകിക്കുകയോ ചെയ്‌തു. ഹൂസ്റ്റണടക്കം ടെക്‌സസിൽ നിരവധി പ്രദേശങ്ങൾ വെള്ളത്തിലാണ്‌. രണ്ടുപേർ മരിച്ചു. 13 കൗണ്ടികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

 എന്നാൽ, മോഡിയുടെ പരിപാടി വൻ വിജയമാകുമെന്ന പ്രതീക്ഷയിലാണ്‌ സംഘാടകർ. അമേരിക്കയിലെ സംഘപരിവാർ സംഘടനകളുടെ മുൻകൈയിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ഇന്ത്യക്കാരുടെ സംഘടനകളുടെ സഹകരണത്തോടെയാണ്‌ പരിപാടി സംഘടിപ്പിക്കുന്നത്‌. കഴിഞ്ഞതവണ മോഡി അമേരിക്ക സന്ദർശിച്ചപ്പോൾ അവിടെനിന്ന്‌ ശതകോടിക്കണക്കിനു ഡോളറിന്റെ ക്രൂഡ്‌ ഓയിലും എൽഎൻജിയും ഇറക്കുമതി ചെയ്യാൻ കരാറുകൾ ഒപ്പിട്ടെന്നും അത്‌ തങ്ങളുടെ മേഖലയ്‌ക്ക്‌ ഗുണകരമാകുമെന്നും എണ്ണവ്യവസായകേന്ദ്രമായ ടെക്‌സസിൽനിന്നുള്ള ഇന്ത്യക്കാർ പറയുന്നു.

 മോഡിക്കെതിരെ പ്രതിഷേധ പരിപാടികൾക്കും ഒരുക്കം നടക്കുന്നുണ്ട്‌. ഇന്റർനാഷണൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ ഓഫ്‌ ഹൂസ്റ്റണിന്റെ ആഭിമുഖ്യത്തിലാണ്‌ പ്രതിഷേധം. മോഡി സർക്കാർ ഏകപക്ഷീയമായി കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതുമൂലം കശ്‌മീരിൽ ബുദ്ധിമുട്ടുന്ന ബന്ധുക്കൾക്കുവേണ്ടി രണ്ടുപേർ ഹൂസ്റ്റൺ കോടതിയിൽ മോഡിക്കെതിരെ ഹർജി നൽകിയതായി ഹൂസ്റ്റൺ ക്രോണിക്കിൾ റിപ്പോർട്ട്‌ ചെയ്‌തു.


 


പ്രധാന വാർത്തകൾ
 Top