22 April Monday

'പോരാട്ടങ്ങള്‍ അവസാനിക്കുന്നില്ല, വിജയങ്ങളും'; സിഐടിയുവിന്റെ ഭവന പദ്ധതിക്ക് അന്താരാഷ്ട്ര പുരസ്‌കാരം

വെബ് ഡെസ്‌ക്‌Updated: Monday Jun 11, 2018

ആംസ്റ്റര്‍ഡാം > സിഐടിയുവിന്റെ സ്വപ്‌ന പദ്ധതിക്ക് അര്‍ഹമായ അംഗീകാരം, മഹാരാഷ്ട്രയിലെ സോലാപ്പൂറില്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍  യാഥാര്‍ത്ഥ്യമായ ഭവനപദ്ധതിക്ക്  അന്താരാഷ്ട്ര പുരസ്‌കാരം. നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാം ആസ്ഥാനമായ ട്രാന്‍സ്‌നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഏര്‍പ്പെടുത്തിയ ട്രാന്‍സ്‌ഫൊര്‍മേറ്റിവ് സിറ്റീസ്  പുരസ്‌കാരമാണ് ഭവന പദ്ധതിക്ക് ലഭിച്ചിരിക്കുന്നത്.

ജൂണ്‍ എട്ടിന് ആംസ്റ്റര്‍ഡാമില്‍ നടന്ന പൊതു ചടങ്ങില്‍ വെച്ചാണ്  ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. ഏഷ്യയില്‍ നിന്നുമുള്ള ഒരേയൊരു എന്‍ട്രിയായിരുന്നു സിഐടിയുവിന്റെ ഭവന പദ്ധതി. പാര്‍പ്പിട പദ്ധതി വിഭാഗത്തിലാണ് പുരസ്‌കാര നേട്ടം. ഏറ്റവും കൂടുതല്‍ ഓണ്‍ലൈന്‍ വോട്ട് നേടിയാണ് പദ്ധതി പുരസ്‌കാരത്തിനര്‍ഹമായത്.

ജലം, ഊര്‍ജ്ജം, പാര്‍പ്പിടം എന്നീ മേഖലങ്ങളില്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്ന ജനകീയ സംരംഭങ്ങളിലേയ്ക്ക് ശ്രദ്ധയാകര്‍ഷിക്കുക എന്നതാണ് ട്രാന്‍സ്ഫൊര്‍മേറ്റിവ് സിറ്റീസ്  അവാര്‍ഡിന്റെ ഉദ്ദേശ്യം. ലോകമെമ്പാടും നിന്ന് സമര്‍പ്പിക്കപ്പെട്ട എന്‍ട്രികളില്‍ നിന്നും ഒമ്പതെണ്ണമാണ് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നത്.  ജലം, ഊര്‍ജ്ജം, പാര്‍പ്പിടം എന്നീ രംഗങ്ങളില്‍ നിന്നും മൂന്ന് എന്‍ട്രികള്‍ വീതം. ഈ ഒമ്പതെണ്ണത്തില്‍ ഏഷ്യയില്‍ നിന്നുമുള്ള ഒരേയൊരു എന്‍ട്രിയായിരുന്നു  സോലാപ്പൂറിലെ ഭവനപദ്ധതി.

മീനാക്ഷി സാനെ പദ്ധതി, 5100 വീടുകള്‍

മീനാക്ഷി സാനെ പദ്ധതി, 5100 വീടുകള്‍സോലാപ്പൂറില്‍ സിഐടിയുവിന്റെ സമരങ്ങളുടെ ഫലമായി കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സഹായത്തോടെ 15,100 വീടുകള്‍ ഇതിനോടകം തന്നെ പണിതു കഴിഞ്ഞു. സിഐടിയു നേതൃത്വം നല്‍കുന്ന സഹകരണസംഘങ്ങള്‍ വഴിയാണ് ഭവനനിര്‍മ്മാണപദ്ധതികള്‍ നടപ്പാക്കിയത്. സോലാപ്പൂറിലെ വനിതകളായ ബീഡിത്തൊഴിലാളികളും അവരുടെ കുടുംബങ്ങളുമാണ് ഇതുവരെ നിര്‍മ്മിച്ച വീടുകളുടെ ഗുണഭോക്താക്കള്‍. ഇതുകൂടാതെ 30,000 വീടുകളുടെ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്. ഈ  വീടുകളുടെ പൂര്‍ത്തീകരണം 2021 ല്‍ പൂര്‍ത്തിയാകുമെന്നാണ് അറിയുന്നത്.

ചേരികളില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ബീഡിത്തൊഴിലാളികള്‍ക്ക് സ്വന്തമായി വീട് എന്ന ലക്ഷ്യവുമായി 1992ലാണ് സിഐടിയു പ്രക്ഷോഭം ആരംഭിച്ചത്. സോലാപ്പൂരിലെ സിഐടിയുവിന്റെ സമുന്നതനായ നേതാവും സിപി ഐ എം മഹാരാഷ്ട്ര സെക്രട്ടറിയുമായ നരസയ്യ ആഡത്തിന്റെ നേതൃത്വത്തിലായിരുന്നു സമരം. ബീഡിത്തൊഴിലാളികളില്‍ നിന്നും സര്‍ക്കാര്‍ പിരിക്കുന്ന സെസ് തുകയെക്കാള്‍ കുറവാണ് അവരുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ ചെലവഴിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സോലാപ്പൂരിലെ ബീഡിത്തൊഴിലാളികളും കൂട്ടികളും. തൊഴിലിടത്തിലിരുന്ന് കുട്ടികള്‍ പഠിക്കുന്നത് കാണാം

സോലാപ്പൂരിലെ ബീഡിത്തൊഴിലാളികളും കൂട്ടികളും. തൊഴിലിടത്തിലിരുന്ന് കുട്ടികള്‍ പഠിക്കുന്നത് കാണാംദീര്‍ഘകാലത്തെ ശ്രമങ്ങള്‍ക്കുശേഷം 2001ല്‍ പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി ലഭിച്ചു. 2006 സെപ്റ്റംബര്‍ ഒന്നിന് അന്നത്തെ പ്രധാനമന്ത്രി മന്മോഹന്‍ സിംഗ് 10,000 വീടുകള്‍ ഉള്‍പ്പെട്ട ആദ്യത്തെ പദ്ധതി ഉദ്ഘാടനം ചെയ്തു. മഹാരാഷ്ട്രയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളില്‍ പ്രധാനിയായിരുന്ന ഗോദാവരി പാരുലേക്കറിന്റെ പേരാണ് ഈ പദ്ധതിക്ക് കൊടുത്തിരിക്കുന്നത്. 5100 വീടുകള്‍ ഉള്‍പ്പെടുന്ന രണ്ടാമത്തെ പദ്ധതി, ബീഡിത്തൊഴിലാളികളെ സംഘടിപ്പിച്ച കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന മീനാക്ഷി സാനെയുടെ നാമധേയത്തിലാണ് അറിയപ്പെടുന്നത്. അത് 2015ല്‍ ഉദ്ഘാടനം ചെയ്തു.

സോലാപ്പൂര്‍ നഗരത്തില്‍ നിന്നും ആറു കിലോമീറ്റര്‍ അകലെ കുംഭാരി എന്ന ഗ്രാമത്തിലാണ് ഈ ഭവനപദ്ധതികളെല്ലാം ഉയര്‍ന്നുവന്നിട്ടുള്ളത്. വീടുകളുടെ വിലയുടെ മൂന്നിലൊന്ന് കേന്ദ്രസര്‍ക്കാരും മൂന്നിലൊന്ന് സംസ്ഥാനസര്‍ക്കാരുമാണ് വഹിക്കുന്നത്. ബാക്കി തുക തൊഴിലാളികള്‍ തന്നെ മുതല്‍മുടക്കുന്നു.

സോലാപ്പൂരിലെ സിഐടിയു ഓഫിസില്‍ തൊഴിലാളികളുടെ മീറ്റിംഗില്‍ മഹാരാഷ്ട്ര സിപിഐ എം സംസ്ഥാന സെക്രട്ടറി നരസയ്യ ആഡം പ്രസംഗിക്കുന്നു

സോലാപ്പൂരിലെ സിഐടിയു ഓഫിസില്‍ തൊഴിലാളികളുടെ മീറ്റിംഗില്‍ മഹാരാഷ്ട്ര സിപിഐ എം സംസ്ഥാന സെക്രട്ടറി നരസയ്യ ആഡം പ്രസംഗിക്കുന്നുഇതുരണ്ടും കൂടാതെ മൂന്നാമതൊരു ഭവനപദ്ധതിയുടെ നിര്‍മ്മാണം 2018 ജനുവരി മുതല്‍ ആരംഭിച്ചിട്ടുണ്ട്. അസംഘടിത മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്കായി 30,000 വീടുകളാണ് ഈ പദ്ധതിപ്രകാരം പണികഴിപ്പിക്കുന്നത്. ഇവയുടെ നിര്‍മ്മാണം 2021ല്‍ പൂര്‍ത്തിയാകും.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top