13 October Sunday
സ്വിസ് ബാങ്കിലെ തുക

അദാനിയുടെ 31 കോടി ഡോളറിന്റെ കടലാസ് കമ്പനി നിക്ഷേപം പിടിച്ചു; വെളിപ്പെടുത്തലുമായി വീണ്ടും ഹിൻഡൻബർഗ്

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2024

ന്യൂഡൽഹി> കള്ളപ്പണ ഇടപാട് സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി സ്വിറ്റ്സർലൻഡിൽ അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട 5 ബാങ്ക് അക്കൗണ്ടുകളിലായുള്ള 31 കോടി ഡോളറിന്റെ (ഏകദേശം 26 000 കോടി രൂപ) നിക്ഷേപം സ്വിസ് അന്വേഷണ ഏജൻസികൾ മരവിപ്പിച്ചതായി ഹിൻഡൻബർഗ്.

നികുതിഭാരമില്ലാത്ത രാജ്യങ്ങളായ ബ്രിട്ടിഷ് വിർജിൻ ഐലൻഡ്സ്, മൗറീഷ്യസ്, ബർമുഡ എന്നിവിടങ്ങളിലെ ചില കടലാസ് കമ്പനികളുമായി ബന്ധപ്പെട്ട നിക്ഷേപമാണു മരവിപ്പിച്ചതെന്നും ഈ കമ്പനികൾക്ക് അദാനി ഗ്രൂപ്പ് ഓഹരികളിൽ നിക്ഷേപമുണ്ടെന്നും സ്വിറ്റ്സർലൻഡിലെ ക്രിമിനൽ കോടതിയുടെ രേഖകൾ വ്യക്തമാക്കുന്നുണ്ടെന്ന് ഹിൻഡൻബർഗ് പറയുന്നു.

ഗ്രൂപ്പിന്റെ പ്രതിഛായ കളങ്കപ്പെടുത്താനുള്ള ഹിൻഡൻബർഗിന്റെ മറ്റൊരു ശ്രമം മാത്രമാണിതെന്ന് വാർത്താക്കുറിപ്പിലൂടെ അദാനി ഗ്രൂപ്പ് പ്രതികരിച്ചു.

നിക്ഷേപം അദാനിയുടെ കടലാസ് കമ്പനികളിൽ

എന്നാൽ 2021 മുതൽ സ്വിറ്റ്സർലൻഡിലെ ജനീവ പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫിസ് ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുന്നുണ്ടെന്നും സമൂഹമാധ്യമമായ എക്സിൽ ഹിൻഡൻബർഗ് വ്യക്തമാക്കി. സ്വിസ് ഓൺലൈൻ മാധ്യമമായ ഗോഥം സിറ്റിയാണ് ഇതു സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവിട്ടതെന്നും ഹിൻഡൻബർഗ് വ്യക്തമാക്കി.

സ്വിറ്റ്സർലൻഡിലെ അന്വേഷണത്തിലോ സ്വിസ് കോടതികളിൽ ഇതു സംബന്ധിച്ചു നടക്കുന്ന വ്യവഹാരങ്ങളിലോ ഗ്രൂപ്പിന് ഒരു ബന്ധവുമില്ലെന്നാണ് അദാനി ഗ്രൂപ്പിന്റെ വിശദീകരണം.

അദാനി ഗ്രൂപ്പിനെതിരെ ഹിൻഡന്‍ബർഗ് പുറത്ത് വിട്ട ഏറ്റവും പുതിയ രേഖകളാണ് ഇന്നത്തേത്. 2023 ജനുവരിയിലായിരുന്നു ആദ്യ ആരോപണം. വിദേശത്ത് കടലാസ് കമ്പനികൾ സ്ഥാപിച്ച് അതുവഴി അദാനി ഗ്രൂപ്പ് സ്വന്തം കമ്പനികളുടെ ഓഹരികളിൽ നിക്ഷേപം നടത്തിയെന്നും അതുവഴി ഓഹരിവില കൃത്രിമമായി പെരുപ്പിച്ചു നേട്ടമുണ്ടാക്കിയെന്നുമായിരുന്നു ആദ്യ വെളിപ്പെടുത്തൽ.

 

ഇക്കാര്യം അന്വേഷിക്കേണ്ട ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെബിയുടെ മേധാവി മാധബി പുരി ബുച്ചിനും ഭർത്താവ് ധവാൽ ബുച്ചിനും വിദേശ കമ്പനികൾ വഴി അദാനി ഗ്രൂപ്പ് ഓഹരികളിൽ നിക്ഷേപമുണ്ടെന്നും അദാനിക്കെതിരെ അന്വേഷണത്തിന് സെബി മടിക്കുന്നതിന്റെ കാരണം ഇതാണെന്നും അടുത്ത വെളിപ്പെടുത്തലുണ്ടായി.

 

അദാനി ഇടപാടുകൾ പരിശോധിക്കാൻ ബംഗ്ലാദേശ്

ഇന്ത്യൻ ബിസിനസുകൾ സംബന്ധിച്ച് വിലയിരുത്തലുകൾ നടത്താൻ ബംഗ്ലാദേശിന്റെ തീരുമാനം. മുഹമ്മദ് യൂനുസ് നയിക്കുന്ന ഇടക്കാല സർക്കാരാണ് അദാനി കമ്പനികളും ബംഗ്ലാദേശും തമ്മിലുള്ള ബിസിനസുകൾ സംബന്ധിച്ച് റിവ്യൂ നടത്താൻ തീരുമാനിച്ചത്.

ജാർഖണ്ഡ് യൂണിറ്റിൽ നിന്ന് ബംഗ്ലാദേശിലേക്ക് ഊർജ്ജ വിതരണം നടത്തുന്നത് അദാനി ഗ്രൂപ്പാണ്. 2017 വർഷത്തിലെ ഒരു കരാർ പ്രകാരമാണ് അദാനി ഗ്രൂപ്പ് ബംഗ്ലാദേശിന് വൈദ്യുതി നിർമ്മിച്ച് നൽകുന്നത്. ഈ ഡീൽ സംബന്ധിച്ച വ്യവസ്ഥകൾ വിശകലനം ചെയ്യാനാണ് ബംഗ്ലാദേശിന്റെ തീരുമാനം. ഊർജ്ജത്തിന് ബംഗ്ലാദേശ് നൽകുന്ന വില ന്യായമാണെന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം എന്നാണ് വിശദീകരണം.

ബംഗ്ലാദേശ് പവർ ഡെവലപ്മെന്റ് ബോർഡ് തങ്ങൾക്ക് നൽകാനുള്ള 500 മില്യൺ ഡോളറിന്റെ ( ഏകദേശം 6,500 കോടി രൂപ) ഓവർ ഡ്യൂ പേയ്മെന്റ് ആവശ്യപ്പെട്ടതിന് ശേഷമാണ് ബംഗ്ലാദേശിന്റെ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ.

ഇത് വാങ്ങുന്നവരും, വില്പന നടത്തുന്നവരും ഉൾപ്പെടുന്ന രണ്ട് പാർട്ടികൾ തമ്മിലുള്ള കരാറാണെന്ന് കേന്ദ്ര വിദേശ കാര്യ മന്ത്രാലയം പ്രതികരിച്ചു. ഇത് ഇന്ത്യയിലെ ഒരു സ്വകാര്യ കമ്പനിയും, ബംഗ്ലാദേശ് സർക്കാരും തമ്മിലുള്ള കരാറാണെന്ന് വിദേശ കാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. ഇത് ഒരു സ്വകാര്യ പ്രൊജക്ടാണ് എന്നും പറഞ്ഞു.

ബിസിനസ് ഡീലുകളിൽ സുതാര്യതയും, വിശ്വസ്തതയും ഉറപ്പു വരുത്തുകയാണ് ലക്ഷ്യമെന്നാണ് ബംഗ്ലാദേശിന്റെ നിലപാട്. അദാനി പവർ കൂടാതെ ഇന്ത്യൻ കമ്പനികളായ പി.ടി.സി ഇന്ത്യ, എൻ.വി.വി.എൽ, സെംകോർപ് എനർജി എന്നീ കമ്പനികളും ബംഗ്ലാദേശിലേക്ക് ഊർജ്ജ വിതരണം നടത്തുന്നുണ്ട്.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top