Deshabhimani

പോരാടാൻ ടീം ഹേമന്ത്‌ സോറൻ ; ജെഎംഎമ്മിനെ 
ഇല്ലാതാക്കാനുള്ള 
ബിജെപി നീക്കം പാളി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 16, 2024, 03:00 AM | 0 min read


ന്യൂഡൽഹി
കേന്ദ്രഏജൻസികളെ ദുരുപയോഗിച്ച്‌  ബിജെപി രാഷ്‌ട്രീയ അട്ടിമറി ശ്രമങ്ങൾ നടത്തിയതിനു പിന്നാലെയാണ്‌ ജാർഖണ്ഡ്‌ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക്‌ നീങ്ങുന്നത്‌. അഴിമതി കേസിൽ കുടുക്കി മുഖ്യമന്ത്രി ഹേമന്ത്‌ സോറനെ ഇഡി അറസ്‌റ്റുചെയ്‌തു. അതോടെ ജെഎംഎം രാഷ്ട്രീയമായി ഇല്ലാതാകുമെന്നായിരുന്നു ബിജെപിയുടെ വ്യാമോഹം. സോറൻ കുടുംബത്തിലെ അസ്വാരസ്യങ്ങൾ തീവ്രമാകുമെന്നും കരുതി. അവയെല്ലാം അസ്ഥാനത്തായി. ഹേമന്ത്‌ സോറന്‌ പകരം ചംപയ്‌ സോറൻ മുഖ്യമന്ത്രിയായി. ഹേമന്ത്‌ സോറന്റെ അഭാവത്തിൽ അദേഹത്തിന്റെ ഭാര്യ കൽപ്പന സോറൻ ജെഎംഎമ്മിനെ മുന്നോട്ടുനയിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 2019 നേക്കാൾ പ്രകടനം മെച്ചപ്പെടുത്തി ജെഎംഎം പിടിച്ചുനിന്നു. ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെ ജൂണിൽ ഹേമന്ത്‌ സോറൻ ജയിൽ മോചിതനായി. ജൂലൈ നാലിന്‌ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തു.

ജെഎംഎമ്മുമായി അകന്ന ചംപയ്‌ സോറനും ഹേമന്ത്‌ സോറന്റെ ജ്യേഷ്‌ഠ ഭാര്യയും എംഎൽഎയുമായ ദുർഗ സോറനും ബിജെപി പാളയത്തിൽ എത്തി. എന്നാൽ ഹേമന്ത്‌ സോറൻ ജയിൽ മോചിതനായതോടെ ജെഎംഎം കൂടുതൽ ആത്‌മവിശ്വാസത്തിലാണ്‌.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജെഎംഎമ്മും (30) കോൺഗ്രസും (16) ആർജെഡിയും (1) ഉൾപ്പെട്ട സഖ്യം 47 സീറ്റോടെയാണ്‌ അധികാരത്തിലെത്തിയത്‌. ബിജെപി 25 സീറ്റിൽ ഒതുങ്ങി. മുൻമുഖ്യമന്ത്രി ബാബുലാൽ മറാണ്ടിയുടെ ജെവിഎം മൂന്ന്‌ സീറ്റിലേക്ക്‌ ചുരുങ്ങി. സിപിഐ എംഎൽ ഒരു സീറ്റിലും മറ്റുപാർടികൾ അഞ്ച്‌ സീറ്റിലും ജയിച്ചു. മറാണ്ടിയുടെ ജെവിഎം പിന്നീട്‌ ബിജെപിയിൽ ലയിച്ചു. നിലവിൽ ബിജെപി സംസ്ഥാന പ്രസിഡന്റാണ്‌ മറാണ്ടി.



deshabhimani section

Related News

View More
0 comments
Sort by

Home