Deshabhimani

ജാര്‍ഖണ്ഡിൽ സർക്കാർ രൂപീകരിക്കാൻ ഹേമന്ത് സോറന്‍; സത്യപ്രതിജ്ഞ 28ന്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 24, 2024, 07:38 PM | 0 min read

റാഞ്ചി > ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) നേതാവ് ഹേമന്ത് സോറന്‍  സർക്കാർ രൂപീകരിക്കുന്നതിനായി ഞായറാഴ്ച ജാർഖണ്ഡ് ഗവർണർ സന്തോഷ് കുമാർ ഗാംഗ്വാറിനെ കണ്ടു.

ഗവര്‍ണര്‍ക്ക് ഹേമന്ത്  സോറന്‍ രാജി സമര്‍പ്പിച്ചു. ഗവര്‍ണറുടെ നിര്‍ദ്ദേശപ്രകാരം ഇനി കാവല്‍ മുഖ്യമന്ത്രിയായി തുടരും. 'ഞാൻ സർക്കാർ രൂപീകരിക്കാൻ  സഖ്യകക്ഷികളുടെ പിന്തുണാ കത്ത് ഗവർണർക്ക് കൈമാറി. സർക്കാർ രൂപീകരിക്കാൻ അദ്ദേഹം ഞങ്ങളെ ക്ഷണിച്ചു. സത്യപ്രതിജ്ഞാ ചടങ്ങ് നവംബർ 28ന്‌ നടക്കു'മെന്ന്‌  മാധ്യമപ്രവർത്തകരോട് സംസാരിക്കവേ സോറൻ പറഞ്ഞു.

ജാര്‍ഖണ്ഡിൽ 43 സീറ്റിൽ മത്സരിച്ച ജെഎംഎം 34 സീറ്റിൽ ജയിച്ചു. കോൺഗ്രസ്‌ 16 സീറ്റിലും ആർജെഡി നാല്‌ സീറ്റിലും സിപിഐ എംഎൽ രണ്ട്‌ സീറ്റിലും ജയിച്ചു. എൻഡിഎയിൽ ബിജെപി 21 സീറ്റിൽ ഒതുങ്ങി. എജെഎസ്‌യു, ജെഡിയു, എൽജെപി എന്നീ ഘടകകക്ഷികൾ ഓരോ സീറ്റിൽ ജയിച്ചു. രണ്ടാം തവണയാണ്‌ ജെഎംഎം ജാര്‍ഖണ്ഡിൽ അധികാരത്തിലെത്തുന്നത്‌. 81 അംഗ നിയമസഭയിൽ 56 സീറ്റുകൾ നേടി. 41 സീറ്റുകളാണ് സംസ്ഥാന നിയമസഭയിലെ ഭൂരിപക്ഷം.



 



deshabhimani section

Related News

0 comments
Sort by

Home