16 September Monday

ഒമാനില്‍ കനത്ത മഴ; ആറംഗ ഇന്ത്യന്‍ കുടുംബത്തെ ഒഴുക്കില്‍പെട്ട് കാണാതായി

അനസ് യാസിന്‍Updated: Tuesday May 21, 2019

മനാമ> ഒമാനില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മലവെള്ളപാച്ചിലില്‍ ഒഴുക്കില്‍പെട്ട പിഞ്ചു കുഞ്ഞടക്കമുള്ളആറംഗ ഇന്ത്യന്‍ കുടുംബത്തെ കണ്ടെത്താനായില്ല. ഇവര്‍ക്കുമവണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

ശനിയാഴ്ച വൈകിട്ട് പെയ്ത കനത്തമഴയില്‍ വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ വാദി ബനീ ഖാലിദിലാണ് മുംബൈ സ്വദേശികള്‍ ഒഴുക്കില്‍ പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ വാദി ബനീ ഖാലിദില്‍ മലവെള്ളപ്പാച്ചിലില്‍പെട്ട് ഒലിച്ചു പോവുകയായിരുന്നു.

ഇബ്രയിലെ ഇബ്‌നുഹൈതം ഫാര്‍മസിയിലെ ഫാര്‍മസിസ്റ്റ് സര്‍ദാര്‍ ഫസല്‍ അഹ്മദിന്റെ കുടുംബമാണ് അപകടത്തില്‍പെട്ടത്. സര്‍ദാര്‍ ഖാന്റെ പിതാവ് ഖാന്‍ ഖൈറുല്ല സത്താര്‍, മാതാവ് ഷബ്‌ന ബീഗം ഖൈറുല്ല, ഭാര്യ അര്‍ഷി ഖാന്‍, മകള്‍ സിദ്‌റ ഖാന്‍ (നാല്), സൈദ് ഖാന്‍ (2), നൂഹ് ഖാന്‍ (28 ദിവസം) എന്നിവരെയാണ് കാണാതായത്. ഒഴുകിപോകുന്നതിനിടയില്‍ സര്‍ദാര്‍ ഖാന്‍ മരത്തില്‍ പിടിച്ചുകയറി രക്ഷപ്പെട്ടു.

നാട്ടില്‍നിന്ന് സന്ദര്‍ശക വിസയിലെത്തിയ പിതാവും മാതാവുമായി ശനിയാഴ്ച ഉച്ചക്ക് ശേഷമാണ് കുടുംബം വാദി ബനീ ഖാലിദില്‍ എത്തിയത്. മകന്റെ കുഞ്ഞിനെ കാണാനെത്തിയ മാതാപിതാക്കള്‍ ഞായറാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കയായിരുന്നു.മൂന്നു ദിവസമായി ഇവരെ കുറിച്ച് ഒരു വിവരവും ഇല്ല. ഒഴുക്കില്‍ പെട്ട ആറ് പേരും മരിച്ചിട്ടുണ്ടാവും എന്നാണ് അധികൃതരുടെ നിഗമനം.

വാദി (തടാകം)യുടെ മനാഹാരിത കാണാനായി പോയ കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. മഴയില്‍ വാദികള്‍ പെട്ടന്ന് നിറഞ്ഞ് കവിഞ്ഞ് മലവെള്ളപാച്ചില്‍ ഒമാനില്‍ സാധാരണമാണ്.
വെള്ളിയാഴ്ച മുതല്‍ കനത്ത മഴയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഭിച്ചത്. ദക്ഷിണ ശര്‍ഖിയ്യ ഗവര്‍ണറേറ്റിലാണ് കൂടുതല്‍ മഴ ലഭിച്ചത്. വാദി ബനീ ഖാലിദില്‍ വാദിയില്‍ നിന്നും രക്ഷപ്പെടുത്തിയ രണ്ട് പേരില്‍ ഒരാള്‍  ചികിത്സക്കിടെ മരിച്ചു.

അറേബ്യന്‍ ഉപദ്വീപിന്റെ പടിഞ്ഞാറന്‍ ഭാഗത്തു രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നാണ് ഒമാനില്‍ മഴ ലഭിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 334 മില്ലീമീറ്റര്‍ മഴയാണ് രാജ്യത്ത് കിട്ടിയതെന്ന് സിവില്‍ ഏവിയേഷന്‍ പബ്ലിക് അതോറിറ്റി അറിയിച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്ന ഒമാന്‍ എയറിന്റെ ബാംഗ്ലൂര്‍ - മസ്‌കത്ത് വിമാനം ദുബായ് വിമാനതാവളത്തിലേക്കും കാത്മണ്ഡു - മസ്‌കത്ത് വിമാനം ഷാര്‍ജ എയര്‍പോര്‍ട്ടിലേക്കും തിരിച്ചു വിട്ടിരുന്നു.
 


പ്രധാന വാർത്തകൾ
 Top