25 August Sunday

ഉത്തരേന്ത്യയിൽ ഉഷ‌്ണതരംഗം തുടരും

വെബ് ഡെസ്‌ക്‌Updated: Wednesday Jun 12, 2019

ന്യൂഡൽഹി> അസഹ്യമായചൂടിൽ വലയുന്ന ഉത്തരേന്ത്യയിൽ ഉഷ‌്ണതരംഗം തുടരുമെന്ന‌് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ‌്. ഉത്തർപ്രദേശ‌്, രാജസ്ഥാൻ, മധ്യപ്രദേശ‌്, വിദർഭ, ഹരിയാനയിലെ ചില മേഖലകൾ എന്നിവിടങ്ങളിൽ 48 മണിക്കൂറുകൂടി ഉഷ‌്ണതരംഗം തുടരും.  21 വർഷത്തിനിടെയുള്ള ഏറ്റവും കൂടിയ ചൂട‌ാണ‌് തിങ്കളാഴ‌്ച ഡൽഹിയിൽ രേഖപ്പെടുത്തിയിരുന്നത‌്; 48 ഡിഗ്രി സെൽഷ്യസ‌്.

ചൊവ്വാഴ‌്ച ഡൽഹിയിൽ മഴയ‌്ക്ക‌് സാധ്യതയുണ്ടെന്ന‌് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരുന്നു. എന്നാൽ, രാവിലെ നേരിയ മഴയും പൊടിക്കാറ്റുംമാത്രമാണുണ്ടായത‌്.  ഇതിനിടെ, വായു ചുഴലിക്കാറ്റ‌് ബുധനാഴ‌്ച രാത്രിയോടെ ഗുജറാത്ത‌് മേഖലയിൽ എത്തുമെന്ന‌് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 130–-140 കിലോമീറ്റർ വേഗത്തിലാകും കാറ്റ‌് വീശുക.

രാജസ്ഥാനിൽ മണിക്കൂറിൽ 40–-50 കിലോമീറ്റർ വേഗമുള്ള പൊടിക്കാറ്റ‌് ഉണ്ടായതായും അടുത്ത 36 മണിക്കൂർ ഇത‌് നീളുമെന്നും സ്വകാര്യ ഏജൻസിയായ സ‌്കൈമെറ്റ‌് അറിയിച്ചു.  രാജസ്ഥാൻ, ഡൽഹി, യുപി, ഹരിയാന  സംസ്ഥാനങ്ങളിലെ വിവിധ മേഖലകളിൽ വായുമലിനീകരണം രൂക്ഷമായി.

ഒരാഴ‌്ചമുമ്പ‌് ലോകത്തെ ഏറ്റവും ചൂടുള്ള 15 സ്ഥലങ്ങളിൽ പതിനൊന്നും  ഇന്ത്യയിലായിരുന്നു. രാജസ്ഥാനിലെ ചുരു ഉൾപ്പെടെയുള്ള മേഖലകളിൽ 50 ഡിഗ്രി സെൽഷ്യസിനു മുകളിലായിരുന്നു കൂടിയ ചൂട‌്.


പ്രധാന വാർത്തകൾ
 Top