30 November Monday

ആരോഗ്യ പാക്കേജ്‌ അപര്യാപ്തം: സുരക്ഷാസാമഗ്രികളില്ലാതെ രാജ്യം

സ്വന്തം ലേഖകൻUpdated: Friday Mar 27, 2020

ന്യൂഡൽഹി
രാജ്യത്ത്‌ കോവിഡ്‌ പടരുമ്പോള്‍  ആവശ്യമായ സുരക്ഷാസാമഗ്രികളില്ലാതെ ഡോക്ടർമാരും നേഴ്‌സുമാരും. കോവിഡ്‌ പരിശോധനയ്‌ക്കുള്ള ടെസ്റ്റ്‌ കിറ്റുകളും കവചിത വസ്‌ത്രങ്ങളും അടക്കമുള്ള സുരക്ഷാസാമഗ്രികളുടെ അപര്യാപ്തത ആരോഗ്യപ്രവർത്തകർക്ക് വലിയ വെല്ലുവിളി.
ഐസിയു കിടക്കകളും വെന്റിലേറ്ററുകളും സജ്ജീകരിക്കാനും കിറ്റുകളും മറ്റും വാങ്ങാനും 15,000 കോടിയുടെ പാക്കേജ്‌ പ്രഖ്യാപിച്ചെങ്കിലും ഇത്‌ അപര്യാപ്‌തമെന്ന് ആരോഗ്യരം​ഗത്തെ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടി. കോർപറേറ്റുകൾക്ക്‌ പത്തുലക്ഷം കോടിയോളം രൂപയുടെ ഇളവ്‌ നൽകിയ കേന്ദ്രം കോവിഡ്‌ തടയാന്‍ പ്രഖ്യാപിച്ച ആരോഗ്യ പാക്കേജ്‌ ആളോഹരി കണക്കിൽ 112 രൂപമാത്രം.

വൈകി വന്ന ബോധോദയം


രാജ്യത്തെ പ്രധാന ആശുപത്രികളിലെ ഡോക്ടർമാര്‍ സുരക്ഷാസാമഗ്രികളുടെ അഭാവം നേരിടുന്നതായി വെളിപ്പെടുത്തിയിട്ടുണ്ട്. ചൈനയിൽ കോവിഡ്‌ മഹാമാരിയായി മാറിയതിനെത്തുടർന്ന്‌ ജനുവരി 31ന്‌ മെഡിക്കൽ സുരക്ഷാസാമഗ്രികൾക്ക്‌ ഇന്ത്യ കയറ്റുമതി വിലക്കേർപ്പെടുത്തി. എന്നാല്‍, ഫെബ്രുവരി എട്ടിന്‌ ചില മെഡിക്കൽ സുരക്ഷാസാമഗ്രി കയറ്റുമതിക്ക്‌ വീണ്ടും അനുമതി നൽകി. ഫെബ്രുവരി 25ന്‌ പുതിയതായി എട്ടിനങ്ങളുടെകൂടി കയറ്റുമതി അനുവദിച്ചു. 
മെഡിക്കൽ സുരക്ഷാസാമഗ്രികൾ  പരമാവധി ശേഖരിച്ചുവയ്‌ക്കണമെന്ന് ഫെബ്രുവരി 27ന്‌ ലോകാരോഗ്യ സംഘടന കേന്ദ്രത്തോട് നിർദേശിച്ചു. എന്നാൽ, ഈ മുന്നറിയിപ്പിനുശേഷവും കയറ്റുമതി നിലപാടിൽ മാറ്റമുണ്ടായില്ല. ബോധോദയമുണ്ടായത്‌ രോ​ഗം ഇന്ത്യയില്‍പടർന്നുപിടിച്ചശേഷംമാത്രം. മാർച്ച്‌ 19ന്‌ സർജിക്കൽ മാസ്‌കുകളുടെയും വെന്റിലേറ്ററുകളുടെയും കയറ്റുമതി വിലക്കി ഉത്തരവിറക്കി. മാർച്ച്‌ 24ന്‌ സാനിറ്റൈസറുകളും വിലക്കി.   മറ്റു പല സുരക്ഷാസാമഗ്രികളുടെയും കയറ്റുമതി ഇപ്പോഴും തുടരുന്നു.

ഇപ്പോള്‍ നെട്ടോട്ടത്തില്‍


രോ​ഗം അതിതീവ്രമായതോടെ  സുരക്ഷാസാമഗ്രികളുടെ ദൗർലഭ്യം തിരിച്ചറിഞ്ഞ കേന്ദ്രം ഇപ്പോൾ തിടുക്കത്തിലുള്ള സംഭരണശ്രമത്തിലാണ്‌.
15,000 കോടിയുടെ പാക്കേജും ഇതിന്റെ ഭാഗം. കേന്ദ്രം കഴിഞ്ഞ ദിവസം 7.25 ലക്ഷം കവചിത വസ്‌ത്രങ്ങൾക്കും 15 ലക്ഷം എൻ95 മാസ്‌കുകൾക്കും 10 ലക്ഷം സാധാരണ മാസ്‌കുകൾക്കും ടെൻഡർ വിളിച്ചെങ്കിലും രണ്ടുലക്ഷം മാസ്‌കിനുമാത്രമാണ്‌ വിതരണക്കാരുണ്ടായത്‌. അതുതന്നെ കേന്ദ്രം നിര്‍ദേശിച്ചതിനേക്കാള്‍  266 ശതമാനം അധികവിലയ്‌ക്ക്. രോ​ഗവ്യാപനം മുന്നിൽ കണ്ട്‌ സുരക്ഷാസാമഗ്രികൾ ശേഖരിച്ചെങ്കില്‍ നിലവിലെ ദുരവസ്ഥ ഒഴിവാക്കാമായിരുന്നുവെന്ന്‌ ആരോഗ്യവിദഗ്‌ധർ ചൂണ്ടിക്കാട്ടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top