22 October Thursday
ശക്തമായ പ്രതിഷേധം

ഹാഥ്‌രസ്‌: പ്രതികളെ രക്ഷിക്കാൻ ശ്രമം, തെളിവ്‌ നശിപ്പിച്ച്‌ യുപി പൊലീസ്‌ ; കോവിഡ്‌ മരണമാക്കാൻ സമ്മർദവും ഭീഷണിയും

വെബ് ഡെസ്‌ക്‌Updated: Thursday Oct 1, 2020


ന്യൂഡൽഹി
നിഷ്‌ഠുരമായ ഹാഥ്‌രസ്‌ സംഭവത്തിൽ പ്രതികളെ രക്ഷിക്കാനുള്ള ആസൂത്രിതനീക്കം തുടരുന്നു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ ശരീരത്തിൽനിന്ന്‌ ശേഖരിച്ച സാമ്പിളുകളിൽ പുരുഷബീജത്തിന്റെ  സാന്നിധ്യം കണ്ടെത്താനായില്ലെന്നും ബലാത്സംഗം നടന്നതിന്‌ ഫോറൻസിക്‌ തെളിവില്ലെന്നും  യുപി എഡിജിപി പ്രശാന്ത്‌ കുമാർ പറഞ്ഞു. നിർഭയ കേസിനുശേഷം  കൊണ്ടുവന്ന നിയമത്തിൽ ബലാത്സംഗത്തിനു നൽകിയിട്ടുള്ള നിർവചനവുമായി ഒത്തുപോകുന്നതല്ല യുപി പൊലീസിന്റെ നിലപാട്‌.  പെൺകുട്ടി സെപ്‌തംബർ 14ന്‌ വൈകിട്ട്‌ 4.10നാണ്‌ ആക്രമണത്തിന്‌ ഇരയായത്‌. 14 ദിവസത്തിനുശേഷം ഡൽഹി സഫ്‌ദർജങ്‌ ആശുപത്രിയിലേക്ക്‌ മാറ്റിയ പെൺകുട്ടി 29ന്‌ പുലർച്ചെ 6.55നാണ്‌ മരിച്ചത്‌.  സ്വകാര്യഭാഗങ്ങളിൽ മുറിവുകളുണ്ടായിരുന്നതായും ഗർഭപാത്രത്തിൽ രക്തം കട്ടപിടിച്ചിരുന്നതായുമാണ്‌ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട്.

ഏതെങ്കിലും വസ്‌തു ഉപയോഗിച്ച്‌ സ്വകാര്യഭാഗങ്ങളിൽ മുറിവേൽപ്പിക്കുന്നത്‌ ബലാത്സംഗത്തിനു തുല്യമാണെന്ന്‌ 2013ലെ നിയമഭേദഗതിയിൽ വ്യവസ്ഥ ചെയ്‌തിട്ടുണ്ട്‌. ഒട്ടേറെ സുപ്രീംകോടതി വിധികളും ഇക്കാര്യം അംഗീകരിച്ചു.  കൃത്യം നടന്ന്‌ അഞ്ച്‌ ദിവസം കഴിഞ്ഞാണ്‌ പൊലീസ്‌ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തത്‌. സാമ്പിളുകൾ ശേഖരിക്കുന്നതിൽ ഇതനുസരിച്ച്‌ കാലതാമസം  ഉണ്ടായി.

കോവിഡ്‌ മരണമാക്കാൻ സമ്മർദവും ഭീഷണിയും
ഹാഥ്‌രസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത്‌ പെൺകുട്ടിയുടെ കുടുംബത്തിനുനേരെ ഭീഷണിയും സമ്മർദവും. പെൺകുട്ടി കോവിഡ്‌ ബാധിച്ച്‌ മരിച്ചതാണെന്ന്‌ സമ്മതിക്കാൻ അധികൃതർ ഭീഷണിപ്പെടുത്തുകയാണെന്ന്‌ പെൺകുട്ടിയുടെ സഹോദരന്റെ ഭാര്യ പറഞ്ഞു. അതുവഴി ധനസഹായം കിട്ടും. കേസ്‌ എന്തായാലും എഴുതിത്തള്ളുമെന്നും അധികൃതർ പറഞ്ഞു. പെൺകുട്ടിയുടെ അച്ഛനെയും കുടുംബാംഗങ്ങളെയും താക്കീതുചെയ്‌തു.  ഇവിടെ ജീവിക്കാൻ കുടുംബത്തെ അനുവദിക്കില്ലെന്ന്‌ ഭീഷണിപ്പെടുത്തുന്ന  ദൃശ്യങ്ങൾ പുറത്തുവന്നു.

ജില്ലാ മജിസ്‌ട്രേറ്റ്‌ പ്രവീൺ കുമാർ ലാക്‌സ്‌കർ കുടുംബാംഗങ്ങളുമായി സംസാരിക്കുന്നതിന്റെ മൊബൈൽ ദൃശ്യമാണ്‌ പുറത്തായത്‌. മാധ്യമങ്ങൾ ഇന്നും നാളെയുമായി ഇവിടെനിന്ന്‌ പോകുമെന്നും തങ്ങൾ മാത്രമേ നിങ്ങളോടൊപ്പം ഉണ്ടാകുകയുള്ളെന്നും പെൺകുട്ടിയുടെ കുടുംബത്തോട്‌ ജില്ലാ മജിസ്‌ട്രേറ്റ്‌  പറഞ്ഞു. പ്രസ്‌താവന തിരുത്തുന്നത്‌ നിങ്ങളുടെ തീരുമാനമാണ്‌. തങ്ങൾക്കത്‌‌ തിരുത്താനാകുമെന്നും‌ ജില്ലാ മജിസ്‌ട്രേറ്റ്‌ പറയുന്നത്‌‌ ദൃശ്യത്തിലുണ്ട്‌.

ശക്തമായ പ്രതിഷേധം
ബിജെപി എംപിമാരായ കൗശൽ കിഷോർ, ഉപേന്ദ്ര സിങ്‌ റാവത്ത്‌, അശോക്‌ കുമാർ റാവത്ത്‌, വിനോദ്‌ കുമാർ സോങ്കർ, ഹൻസ്‌ രാജ്‌  എന്നിവർ യുപി  പൊലീസിനെതിരെ  ശക്തമായി രംഗത്തുവന്നു. ആദിത്യനാഥ്‌ സർക്കാർ രാജിവയ്‌ക്കണമെന്ന്‌ എസ്‌പി, ബിഎസ്‌പി, കോൺഗ്രസ്‌, എഎപി കക്ഷികൾ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുമായി ജാതിസാഹോദര്യം പുലർത്തുന്നവർക്ക്‌ ബലാത്സംഗക്കേസുകളിൽ അടക്കം നിയമപരിരക്ഷ  എന്നതാണ്‌ യുപിയിലെ സ്ഥിതിയെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top