Deshabhimani

ജമ്മു കാശ്മീരില്‍ ഇന്ത്യ കൂട്ടായ്മ അധികാരത്തിലേക്ക്; ഹരിയാനയില്‍ ബിജെപി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 08, 2024, 05:59 PM | 0 min read

ന്യൂഡല്‍ഹി> പതിറ്റാണ്ടിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ജമ്മു കാശ്മീരില്‍ ഇന്ത്യ കൂട്ടായ്മ അധികാരത്തിലേക്ക്. ഉമര്‍ അബ്ദുല്ല തന്നെ മുഖ്യമന്ത്രി ആയേക്കും. ബിജെപിയുടെ ലീഡ് ജമ്മു മേഖലയില്‍ മാത്രമായി ഒതുങ്ങുകയായിരുന്നു
 
90 സീറ്റകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് ഇന്ത്യ മുന്നണിയുടെ ഭാഗമായാണ് നാഷണല്‍ കോണ്‍ഫറന്‍സ് മത്സരിച്ചത്. തെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ പുറത്തവന്നതു മുതല്‍ ജമ്മു കാശ്മീരില്‍ ഇന്ത്യ മുന്നണിയുടെ തേരോട്ടമാണ് കാണാനായത്.പ്രത്യേക പദവി എടുത്ത് കളഞ്ഞ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ ജനം അംഗീകരിക്കുന്നില്ലെന്നതിനു തെളിവാണ് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലമെന്ന് ഫാറൂഖ് അബ്ദുല്ല പറഞ്ഞു. സംസ്ഥാന പദവി പുനഃസ്ഥാപിക്കാന്‍ പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജയിലില്‍ കഴിയുന്ന നിരപരാധികളെ പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കും. മാധ്യമങ്ങള്‍ക്ക് സ്വാതന്ത്ര്യം ലഭിക്കും. ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും ഇടയില്‍ വിശ്വാസം വളര്‍ത്തിയെടുക്കും. തെരഞ്ഞെടുപ്പ് ഫലമറിഞ്ഞ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ഫാറൂഖ് അബ്ദുല്ല പറഞ്ഞു.

സിപിഐ എം സഥാനാര്‍ഥി മുഹമ്മദ് യൂസഫ് തരിഗാമിക്കും ഉജ്വല ജയം നേടാനായി. വോട്ടെണ്ണല്‍ ഒരു റൗണ്ട് ബാക്കി നില്‍ക്കേ ലീഡ് 8000 കടന്നു. കുല്‍ഗാമിലെ ജനങ്ങള്‍ തുടര്‍ച്ചയായി അഞ്ചാമത്തെ തവണയാണ് തരിഗാമിയെ വിജയിപ്പിക്കുന്നത്.

കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ ജമ്മു കശ്മീരിനോട് കാട്ടിയ അനീതികള്‍ എണ്ണിപ്പറഞ്ഞായിരുന്നു തരിഗാമിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. സ്വതന്ത്ര സ്ഥാനാര്‍ഥി സയര്‍ അഹമ്മദ് റഷിയും പിഡിപിയുടെ മുഹമദ് അമിന്‍ ധറുമായിരുന്നു പ്രധാന എതിരാളികള്‍. ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചതോടെയാണ് മുന്‍ നേതാവ് സയര്‍ അഹമദ് റഷി സ്വതന്ത്രനായി മത്സരിച്ചത്.  ബിജെപിയും ജമാഅത്തെ ഇസ്ലാമിയും തമ്മില്‍ നിഴല്‍ സഖ്യമാണ് മണ്ഡലത്തില്‍ നിലനിന്നത്

1996ലാണ് കുല്‍ഗാമില്‍ നിന്ന് തരിഗാമി ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. 2002, 2008, 2014 വര്‍ഷങ്ങളിലും ജയം ആവര്‍ത്തിച്ചു.

അതേസമയം,ഹരിയാനയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് സൃഷ്ടിച്ച അനുകൂല സാഹചര്യം മുതലെടുത്ത് അധികാരത്തില്‍ തിരിച്ചെത്തുമെന്ന പ്രതീതി ഇന്ത്യ കൂട്ടായ്മ  സൃഷ്ടിച്ചെങ്കിലും നിര്‍ണായക ഘട്ടത്തില്‍ കാര്യങ്ങള്‍ കൈവിട്ടുപോയി. വോട്ടെണ്ണിത്തുടങ്ങിയപ്പോള്‍ മുന്നേറിയ ഇന്ത്യ കൂട്ടായ്മ  പിന്നീട് പതിയെ പിന്നോട്ടുപോവുകയായിരുന്നു. ആം ആദ്മി ചലനം ഉണ്ടാക്കിയതുമില്ല.

തുടക്കത്തില്‍ ലീഡ് നിലയില്‍ മുന്നേറ്റമെന്ന ഫലസൂചന വന്നതോടെ ആഘോഷം തുടങ്ങിയ കോണ്‍ഗ്രസ് ലീഡില്‍ വമ്പന്‍ ട്വിസ്റ്റ് വന്നതോടെ   അതവസാനിപ്പിക്കുകയായിരുന്നു. തെക്കന്‍ ഹരിയാനയിലെയും യുപിയോടു ചേര്‍ന്ന് കിടക്കുന്ന മേഖലകളിലെയും ജാട്ട് മണ്ഡലങ്ങളാണ് ബിജെപിയെ മുന്നിലെത്തിച്ചത്‌

 ഇവിടങ്ങളിലെല്ലാം ബിജെപിയുടെ വലിയ മുന്നേറ്റമാണ് കാണാനായത്. വടക്കന്‍ ഹരിയാനയിലെ ന്യൂനപക്ഷ കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ച വച്ചതൊഴിച്ചാല്‍ ഡല്‍ഹിയോടു ചേര്‍ന്ന് കിടക്കുന്ന മേഖലകള്‍ പോലും കോണ്‍ഗ്രസിനെ കൈവിട്ടു.

ജയിച്ചാല്‍ ആരാകും മുഖ്യമന്ത്രി സ്ഥാനാര്‍ഥി എന്ന തര്‍ക്കം ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തെ പ്രതികൂലമായി ബാധിച്ചതോടെയാണ് തിരഞ്ഞെടുപ്പു ഫലം എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ  പോലും തകിടം മറിച്ചത്.






 



deshabhimani section

Related News

View More
0 comments
Sort by

Home