24 October Thursday

തിരിച്ചടി നേരിടുമ്പോഴും ഹരിയാനയിൽ കോൺഗ്രസ്‌ കസേരകളിയില്‍

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2019

ന്യൂഡൽഹി >  തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായ തിരിച്ചടി നേരിടുമ്പോഴും ഹരിയാന കോൺഗ്രസ്‌ മൂന്ന്‌ ചേരിയായി പിരിഞ്ഞുനിൽക്കുകയാണ്‌. മുൻ മുഖ്യമന്ത്രി ഭൂപീന്ദർസിങ്‌ ഹൂഡ, പ്രവർത്തകസമിതിയംഗവും പിസിസി അധ്യക്ഷയുമായ  കുമാരി സെൽജ, പിസിസി മുൻ അധ്യക്ഷൻ അശോക്‌ തൻവർ എന്നിവരാണ്‌ ഓരോ വിഭാഗത്തിന്റെയും നേതാക്കൾ. നിയമസഭയിൽ മുഖ്യപ്രതിപക്ഷമായിരുന്ന ഇന്ത്യൻ നാഷണൽ ലോക്‌ദൾ (ഐഎൻഎൽഡി) കഴിഞ്ഞവർഷം പിളരുകയും ചെയ്‌തു.

 2014 ഒക്ടോബറിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ്‌  ഹരിയാനയിൽ ആദ്യമായി ബിജെപിക്ക്‌ ഭരണം ലഭിച്ചത്‌. ആർഎസ്‌എസ്‌ പ്രചാരകനായിരുന്ന മനോഹർ ലാൽ ഖട്ടറിനെ മുഖ്യമന്ത്രിയായി നിയോഗിച്ചു. കർഷകആത്മഹത്യകളും ജാട്ട്‌കലാപവും സർക്കാരിനെ പലതവണ പിടിച്ചുലച്ചു. വർഗീയവികാരം ഇളക്കിവിട്ട്‌ ജനശ്രദ്ധ തിരിച്ചുവിടുകയാണ്‌ ബിജെപി ചെയ്‌തത്‌. ദുർബലമായ പ്രതിപക്ഷം ബിജെപിയുടെ ഈ പ്രവർത്തനങ്ങൾക്ക്‌ തുണയായി.

 ഇപ്പോൾ ഹരിയാനയിലെ വ്യാവസായികമേഖലകളും കടുത്ത മാന്ദ്യത്തിലാണ്‌. ജനകീയപ്രശ്‌നങ്ങൾ ഉയർത്തിയുള്ള പ്രക്ഷോഭത്തിന്‌ തയ്യാറാകാതെ കോൺഗ്രസ്‌ നേതാക്കൾ കസേരകളി തുടരുകയാണ്‌. ഭൂപീന്ദർസിങ് ഹൂഡയും മകൻ ദീപേന്ദർസിങ്ങും അടക്കം കോൺഗ്രസിന്റെ മുഴുവൻ സ്ഥാനാർഥികളും ലോക്‌സഭാതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത്‌  ഈ സാഹചര്യത്തിലാണ്‌. ഈയിടെ വിമതശബ്ദം മുഴക്കിയ ഭൂപീന്ദർസിങ്ങിനെ സോണിയ ഗാന്ധി  സംസ്ഥാന പ്രചാരണസമിതി അധ്യക്ഷനാക്കി.

 മോഡിയുടെ  റാലിയോടെ ബിജെപി കഴിഞ്ഞമാസം പ്രചാരണത്തിന്‌ തുടക്കംകുറിച്ചു. തുടർന്ന്‌ ഖട്ടറിന്റെ നേതൃത്വത്തിൽ സംസ്ഥാനതല ജാഥയും നടത്തി. മുൻ ഉപപ്രധാനമന്ത്രി ദേവിലാൽ സ്ഥാപിച്ച ഹരിയാന ലോക്‌ദൾ പരിണമിച്ചുണ്ടായ ഐഎൻഎൽഡി 2014ൽ 19 സീറ്റ്‌ നേടി. അഭയ്‌സിങ്‌ ചൗതാല പ്രതിപക്ഷനേതാവായി. ചൗതാലകുടുംബാംഗങ്ങൾ തമ്മിലുള്ള പോരിൽ ഐഎൻഎൽഡി പിളരുകയും അഭയ്‌സിങ്ങും മകൻ ദുഷ്യന്തുംചേർന്ന്‌ ജൻനായക്‌ ജനത പാർടിക്ക്‌ രൂപംനൽകുകയും ചെയ്‌തു.

കക്ഷിനില (ആകെ 90)

ബിജെപി–-47
ഐഎൻഎൽഡി–-19
കോൺഗ്രസ്‌–-15
ബിഎസ്‌പി–-1
എസ്‌എഡി–-1
മറ്റുള്ളവർ–-7
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top