12 December Thursday

ജമ്മു കശ്‌മീർ, ഹരിയാന ; മതനിരപേക്ഷ ശക്തികൾക്ക്‌ ജനവിധി പാഠമാകണം‌ : സിപിഐ എം

സ്വന്തം ലേഖകൻUpdated: Thursday Oct 10, 2024


ന്യൂഡൽഹി
ജമ്മു കശ്‌മീരിലെ തിളക്കമാർന്ന ജയവും ഹരിയാനയിലെ അപ്രതീക്ഷിത തിരിച്ചടിയും ബിജെപിക്കെതിരായ വരുംകാല പോരാട്ടത്തിൽ രാജ്യത്തെ മതനിരപേക്ഷ ശക്തികൾക്ക്‌ വിലപ്പെട്ട പാഠങ്ങൾ പകരുന്നതാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ പ്രസ്‌താവനയിൽ അറിയിച്ചു. ജമ്മു കശ്‌മീരിൽ കേന്ദ്രസർക്കാരിന്റെ ആറുവർഷത്തെ ഏകാധിപത്യ ഭരണത്തിന്‌ ശേഷമുള്ള തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ നാഷണൽ കോൺഫറൻസും സഖ്യകക്ഷികളും സർക്കാർ രൂപീകരണത്തിന്‌ ഒരുങ്ങുകയാണ്‌. 370–-ാം അനുച്ഛേദം റദ്ദുചെയ്‌തും സംസ്ഥാന പദവി എടുത്തുകളഞ്ഞും ദുരുദ്ദേശ്യത്തോടെയുള്ള മണ്ഡല പുനർനിർണയത്തിലൂടെയും ജനങ്ങളുടെ ജനാധിപത്യ അഭിലാഷങ്ങളെ അട്ടിമറിക്കാൻ കേന്ദ്രത്തിലെ ബിജെപി സർക്കാർ നടത്തിയ നീക്കങ്ങളെ പൂർണമായും തള്ളുന്നതാണ്‌ ജമ്മു കശ്‌മീരിലെ ജനവിധി.

ഹരിയാനയിൽ സീറ്റുകളുടെ എണ്ണത്തിൽ ബിജെപി ഭൂരിപക്ഷം നേടിയെങ്കിലും കോൺഗ്രസുമായുള്ള വോട്ടുവ്യത്യാസം 0.6 ശതമാനം മാത്രം. ഗൂഢമായ വർഗീയ അജൻഡയിലൂടെയും താഴെത്തട്ടിലെ ജാതി ഏകീകരണത്തിലൂടെയുമാണ്‌ ബിജെപി വിജയം നേടിയത്‌. ഇതടക്കം ബിജെപിയുടെ വിജയത്തിന്‌ കാരണമായ ഘടകങ്ങളെക്കുറിച്ച്‌ കോൺഗ്രസ്‌ സ്വയംപരിശോധന നടത്തണം. ജമ്മു കശ്‌മീരിലെ കുൽഗാമിൽ മുഹമ്മദ്‌ യൂസഫ്‌ തരിഗാമിയെ അഞ്ചാം വട്ടവും തെരഞ്ഞെടുത്ത വോട്ടർമാരെ അഭിനന്ദിക്കുന്നതായും പൊളിറ്റ്‌ബ്യൂറോ പ്രസ്‌താവനയിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top