12 November Tuesday
ഹരിയാനയില്‍ തളർത്തിയത്‌ കർഷകപ്രക്ഷോഭം

ഹരിയാന, ജമ്മു കശ്‌മീർ എക്‌സിറ്റ്‌ പോൾ ; ബിജെപിക്ക്‌ തോൽവിഭയം, ആശങ്ക

വെബ് ഡെസ്‌ക്‌Updated: Monday Oct 7, 2024


ന്യൂഡൽഹി
ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക്‌ പിന്നാലെ ഹരിയാന, ജമ്മു കശ്‌മീർ നിയമസഭാ തെരഞ്ഞെടുപ്പുകളിൽകൂടി പിന്നോക്കം പോകുന്ന സാഹചര്യം ദേശീയ രാഷ്ട്രീയത്തിൽ ബിജെപിയെ കൂടുതൽ പ്രതിസന്ധിയിലാക്കും. രണ്ടിടത്തും എക്‌സിറ്റ്‌ പോൾ ഫലങ്ങൾ ബിജെപിക്ക്‌ നിരാശയാണ്‌ സമ്മാനിക്കുന്നത്‌. ഹരിയാനയിലെ 10 വർഷത്തെ ബിജെപി ഭരണത്തിന്‌ അവസാനമാകുമെന്നാണ്‌ പ്രവചനങ്ങളെല്ലാം. ജമ്മു കശ്‌മീരിൽ അധികാരത്തിലെത്താൻ  കഴിയില്ലെന്നും പ്രവചിക്കപ്പെടുന്നു.

രണ്ടിടത്തും തിരിച്ചടിയുണ്ടാകുമെന്ന ആശങ്ക കേന്ദ്രനേതൃത്വത്തിനുമുണ്ട്‌.  തോൽവി നേരിട്ടാൽ അത്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിനുള്ള തിരിച്ചടി കൂടിയാവും. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം നേടാനാകാതെ വന്നപ്പോൾതന്നെ ബിജെപിയിൽ മോദി ദുർബലപ്പെട്ടിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പുകളിലും തോൽവി ഏറ്റുവാങ്ങേണ്ടിവരുന്നത്‌ മോദി–- അമിത്‌ ഷാ കൂട്ടുകെട്ടിനെ കൂടുതൽ പ്രതിസന്ധിയിലാക്കും.

ഹരിയാനയിലും ജമ്മു കശ്‌മീരിലും തെരഞ്ഞെടുപ്പ്‌ തന്ത്രങ്ങൾക്ക്‌ രൂപം നൽകിയതും സ്ഥാനാർഥികളെ തീരുമാനിച്ചതുമെല്ലാം മോദിയും ഷായും ചേർന്നാണ്‌. പ്രചാരണത്തിലും ഇവർ സജീവമായിരുന്നു. തിരിച്ചടിയുണ്ടായാൽ  ഉത്തരവാദിത്തതിൽനിന്ന്‌ മാറി നിൽക്കാൻ ഇവർക്കാവില്ല. മാത്രമല്ല,  മഹാരാഷ്ട്ര, ജാർഖണ്ഡ്‌ തെരഞ്ഞെടുപ്പുകളെയും ഈ തോൽവി സ്വാധീനിക്കും.

മഹാരാഷ്‌ട്രയിൽ എൻഡിഎയുടെ ഭരണതുടർച്ച ബിജെപിക്ക്‌ നിർണായകമാണ്‌. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയ്‌ക്ക്‌ മഹാരാഷ്‌ട്രയിൽ കനത്ത തിരിച്ചടി നേരിട്ടിരുന്നു. ജാർഖണ്ഡിലും സീറ്റുനിലയിൽ ബിജെപി പിന്നോക്കം പോയി. ഈ പ്രവണത തുടർന്നാൽ, ജെഡിയു, തെലുഗുദേശം എന്നീ സഖ്യകക്ഷികളുടെ സമ്മർദം കേന്ദ്ര സർക്കാരിൽ വർധിക്കും.

ഹരിയാനയില്‍ തളർത്തിയത്‌ കർഷകപ്രക്ഷോഭം
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ എക്‌സിറ്റ്‌ പോളുകൾ പ്രവചിച്ച വിധമൊരു തിരിച്ചടി ബിജെപിക്ക്‌ സംഭവിച്ചാൽ അതിന്‌ മുഖ്യകാരണം ഐതിഹാസികമായ കർഷക പ്രക്ഷോഭം തന്നെയെന്ന്‌ നിസ്സംശയം പറയാനാകും. 10 വർഷമായി  അധികാരത്തിലുള്ള  ബിജെപി തോൽക്കുമെന്നാണ്‌ എല്ലാ എക്‌സിറ്റ്‌ പോൾ ഫലങ്ങളും. മൂന്നിൽ രണ്ട്‌ ഭൂരിപക്ഷത്തോടെ ഇന്ത്യാ കൂട്ടായ്‌മ അധികാരത്തിൽ വരുമെന്നാണ്‌ സംഘപരിവാർ അനുകൂല റിപ്പബ്ലിക്ക്‌ ടിവിയുടെ പോലും പ്രവചനം. 

രണ്ടാം മോദി സർക്കാർ കൊണ്ടുവന്ന കർഷകവിരുദ്ധ കാർഷിക നിയമങ്ങൾക്കെതിരെ  ഹരിയാനയിലെ കർഷകരും ശക്തമായി രംഗത്തുവന്നിരുന്നു. കേന്ദ്രത്തിലെയും ഹരിയാനയിലെയും ബിജെപി സർക്കാരുകൾ  പ്രക്ഷോഭം അടിച്ചമർത്താനാണ്‌ തുടക്കം മുതൽ ശ്രമിച്ചത്‌.

പഞ്ചാബ്‌ അതിർത്തിയിലും ഡൽഹി അതിർത്തിലും പൊലീസിനെ അണിനിരത്തി കർഷകരെ തടയാൻ പരമാവധി ശ്രമിച്ചു. കർഷകർക്കുനേരെ വെടിവയ്‌പ്പടക്കമുണ്ടായി. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കർഷകർ വഴിയിൽ തടയുന്ന സാഹചര്യമുണ്ടായി. ജനരോഷം ശക്തമായതോടെ ബിജെപി കൂട്ടുകെട്ട്‌ ഉപേക്ഷിക്കാൻ സഖ്യകക്ഷിയായ ജെജെപി നിർബന്ധിതമായി.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ മുഖംരക്ഷിക്കാൻ മുഖ്യമന്ത്രിയെ മാറ്റിയുള്ള പരീക്ഷണം നടത്തിനോക്കി. 2019ൽ 10 ലോക്‌സഭാ സീറ്റും ജയിച്ച ബിജെപിക്ക്‌ അഞ്ച്‌ സീറ്റ്‌ നഷ്ടമായി. നിയമസഭാ തെരഞ്ഞടുപ്പിൽ ബിജെപിയെ തോൽപ്പിക്കണമെന്ന കൃത്യമായ ആഹ്വാനം കർഷക സംഘടനകളുടെ കൂട്ടായ്‌മയായ സംയുക്ത കിസാൻമോർച്ച നടത്തിയിരുന്നു. കർഷക നേതാക്കൾ ബിജെപിക്കെതിരെ പ്രചാരണം നടത്തി. കർഷകരോഷത്തിനൊപ്പം സൈനികസേവനത്തെ കരാർവത്‌കരിച്ച അഗ്‌നിപഥ്‌ പദ്ധതി, ഗുസ്‌തി താരങ്ങളുടെ പ്രക്ഷോഭം തുടങ്ങിയ വിഷയങ്ങളും ബിജെപിയെ പ്രതിരോധത്തിലാക്കി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top