20 February Wednesday

ഹരേൺപാണ്ഡ്യ കൊലപാതകകേസ‌്: പുതിയ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി വിധി പറയാൻ മാറ്റി

വെബ് ഡെസ്‌ക്‌Updated: Tuesday Feb 12, 2019

ന്യൂഡൽഹി> ഗുജറാത്ത‌് ആഭ്യന്തരമന്ത്രിയായിരുന്ന ഹരേൺപാണ്ഡ്യയുടെ കൊലപാതകക്കേസിൽ സ്വതന്ത്രമായ അന്വേഷണത്തിന‌് ഉത്തരവിടണമെന്ന‌് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി വിധി പറയാൻ മാറ്റി. ഹരേൺപാണ്ഡ്യ കൊലപാതകക്കേസിലെ പ്രതികളെ വെറുതെവിട്ട ഗുജറാത്ത‌് ഹൈക്കോടതി ഉത്തരവിന‌് എതിരായ അപ്പീൽ സുപ്രീംകോടതിയുടെ പരിഗണനയിലുള്ള സാഹചര്യത്തിൽ പുതിയ പൊതുതാൽപ്പര്യഹർജിയുടെ പ്രസക്തി എന്താണെന്ന‌് ജസ‌്റ്റിസ‌് അരുൺമിശ്ര അധ്യക്ഷനായ ബെഞ്ച‌് ഹർജിക്കാരായ ക്യാംപെയ‌്ൻ ഫോർ പബ്ലിക‌് ഇൻട്രസ‌്റ്റ‌് ലിറ്റിഗേഷനോട‌് (സിപിഐഎൽ) ചോദിച്ചു.

പുതിയ ചില വെളിപ്പെടുത്തലുകൾ മാധ്യമങ്ങളിലൂടെയും മറ്റും പുറത്തുവന്ന സാഹചര്യത്തിലാണ‌് പൊതുതാൽപ്പര്യഹർജി സമർപ്പിച്ചിരിക്കുന്നതെന്ന‌് ഹർജിക്കാർക്ക‌് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ശാന്തിഭൂഷൺ വാദിച്ചു. എന്നാൽ കോടതി നടപടിക്രമങ്ങൾ അനാവശ്യമായി ഉപയോഗിക്കുന്നതിന്റെ ഉദാഹരണമാണ‌് ഹർജിയെന്ന‌് ഗുജറാത്ത‌് സർക്കാരിന‌് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മെഹ‌്ത ആരോപിച്ചു. വാദം പൂർത്തിയായതിനെ തുടർന്ന‌് കോടതി കേ‌സ‌് വിധി പറയാൻ മാറ്റി.

2003ലാണ‌് ഹരേൺപാണ്ഡ്യയെ  പ്രഭാതവ്യായാമത്തിനിടെ അജ്ഞാതസംഘം വെടിവച്ച‌് കൊന്നത‌്. കേസുമായി ബന്ധപ്പെട്ട‌് വിചാരണക്കോടതി 12 പേരെ ശിക്ഷിച്ചെങ്കിലും ഹൈക്കോടതി ഇവരെ വെറുതെവിട്ടു. 2018ൽ സൊഹ‌്റാബുദീൻ ഷെയ്ക്ക‌് വ്യാജഏറ്റുമുട്ടൽ കേസിലെ സാക്ഷിയായിരുന്ന അസംഖാൻ, ഗുജറാത്ത‌് കേഡർ ഐപിഎസ‌് ഉദ്യോഗസ്ഥനായ ഡി ജി വൻസാര നൽകിയ ക്വട്ടേഷൻ അനുസരിച്ച‌് സൊഹ‌്റാബുദീന്റെ അനുയായിയായ തുൾസിറാംപ്രജാപതി ഉൾപ്പടെയുള്ളവരാണ‌് ഹരേൺപാണ്ഡ്യയെ കൊലപ്പെടുത്തിയതെന്ന‌് വെളിപ്പെടുത്തിയിരുന്നു.

മറ്റു വാർത്തകൾ

 Top