15 December Sunday
പണാധിപത്യം

കർണാടക സർക്കാരിനെ വീഴ്ത്തി ; നാളെ സത്യപ്രതിജ്ഞയെന്ന്‌ യെദ്യൂരപ്പ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2019

ബംഗളൂരു
രാഷ‌്ട്രീയ നാടകങ്ങൾക്ക‌് അന്ത്യം. മുഖ്യമന്ത്രി എച്ച‌് ഡി കുമാരസ്വാമി അവതരിപ്പിച്ച വിശ്വാസപ്രമേയം പരാജയപ്പെട്ടു. ചൊവ്വാഴ‌്ച വൈകീട്ട‌് ഏഴിന‌് നടന്ന വിശ്വാസ വോട്ടെടുപ്പിൽ ആറ‌് വോട്ടുകൾക്കാണ‌് വിശ്വാസപ്രമേയം പരാജയപ്പെട്ടത‌്. പ്രമേയത്തിന‌് അനുകൂലിച്ച‌് 99 പേരും എതിർത്ത‌് 105 പേരും വോട്ടുചെയ‌്തു. വോട്ടെടുപ്പു നടന്ന ചൊവ്വാഴ‌്ച 204 പേരാണ‌്  ഹാജരായത‌്.  വിമത എംഎൽഎമാരും  ചികിൽസയിൽ കഴിയുന്ന ശ്രീമന്ത് പാട്ടീലും  ബി നാഗേന്ദ്രയും സഭയിലെത്തിയില്ല. സ്‌പീക്കർ രമേഷ്‌കുമാർ വോട്ടുചെയ്‌തില്ല. പ്രമേയം പരാജയപ്പെട്ടതോടെ മുഖ്യമന്ത്രി കുമാരസ്വാമി ഗവർണറെ സന്ദർശിച്ച‌് രാജിനൽകി. മുംബൈയിലുള്ള വിമത എംഎൽഎമാർ ബുധനാഴ‌്ച ബംഗളൂരുവിലെത്തും. വിശ്വാസസപ്രമേയത്തിൽ നാലുദിവസം നീണ്ടുനിന്ന ചർച്ചക്കുശേഷമാണ‌്  വോട്ടെടുപ്പ‌് നടന്നത‌്.

കർണാടകത്തിൽ ബിജെപി പുതിയ സർക്കാരുണ്ടാക്കുമെന്ന‌് സംസ്ഥാന അധ്യക്ഷൻ ബി എസ‌് യെദ്യൂരപ്പ പറഞ്ഞു. യെദ്യൂരപ്പ മുഖ്യമന്ത്രിയായി വ്യാഴാഴ‌്ച സത്യപ്രതിജ്ഞചെയ്യും. ബുധനാഴ‌്ച അവകാശവാദമുന്നയിച്ച‌് ഗവർണറെ കാണും. സർക്കാർ വീണതോടെ കോൺഗ്രസ‌്–-ജെഡിഎസ‌് സഖ്യത്തിന്റെ ഭാവിയും അനിശ‌്ചിതത്വത്തിലായി. 14 മാസം പ്രായമായ സർക്കാരാണ‌് നിലം പൊത്തിയത‌്. ഇതിനിടെ കോൺഗ്രസ‌്–-ബിജെപി പ്രവർത്തകർ ഏറ്റുമുട്ടിയതിനെത്തുടർന്ന‌് ബംഗളൂരുവിൽ 48 മണിക്കൂർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വൈകിട്ട‌് രണ്ടു സ്വതന്ത്രർ വിധാൻ സൗധയ്ക്കരികിലെ ഫ്ലാറ്റിൽ എത്തിയതോടെയാണ‌് സംഘർഷം തുടങ്ങിയത‌്.  ഫ്ലാറ്റിന് മുന്നിൽ കോൺഗ്രസ് –-ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി.

ബിജെപിയെ അധികാരത്തിൽ നിന്ന‌് പുറത്തുനിർത്തുന്നതിനുള്ള മതേതരശക്തികളുടെ ഇടപെടലിന്റെ ഫലമായാണ‌് കർണാടകത്തിലെ സഖ്യ സർക്കാർ രൂപം കൊണ്ടത‌്. എന്നാൽ, മതേതര സഖ്യം നിലനിർത്തുന്നതിനുള്ള ആത്മാർഥതയും ചുമതലയും കോൺഗ്രസ‌് നിറവേറ്റിയില്ല.

സർക്കാരിനെ നില നിർത്താൻ ദിവസങ്ങൾ നീണ്ട ചർച്ചകൾ ഫലം കണ്ടില്ല. പ്രമേയം  പാസാവില്ലെന്നുറപ്പാക്കിയാണ‌് ചൊവ്വാഴ‌്ച വൈകിട്ട‌് മുഖ്യമന്ത്രി കുമാരസ്വാമി സഭയിൽ പ്രസംഗിച്ചത‌്. വിമതരെ അയോഗ്യരാക്കാനുള്ള പരാതിയുമായി മുന്നോട്ടു പോകുമെന്ന‌് കോൺഗ്രസ‌് നേതൃത്വം വ്യക‌്തമാക്കി. ചൊവ്വാഴ‌്ച തന്നെ വിശ്വാസവോട്ടെടുപ്പ‌് നടത്തുമെന്ന‌് സ‌്പീക്കർ അറിയിച്ചതിനാൽ സ്വതന്ത്ര എംഎൽഎമാർ നൽകിയ റിട്ട‌് ഹർജികൾ പരിഗണിക്കുന്നത‌് സുപ്രീംകോടതി ബുധനാഴ‌്ച്ചത്തേക്ക‌് മാറ്റി. പകൽ 11 ന‌്അയോഗ്യതാ ശുപാർശയെക്കുറിച്ച് വിശദീകരണം നൽകാൻ ഹാജരാകണമെന്ന സ്പീക്കറുടെ നോട്ടീസ് വിമതർ പാലിച്ചില്ല. വോട്ടെടുപ്പിൽനിന്നും വിട്ടുനിന്ന എൻ മഹേഷിനെ ബിഎസ‌്പിയിൽനിന്ന‌് പുറത്താക്കിയതായി മായാവതി അറിയിച്ചു.


പ്രധാന വാർത്തകൾ
 Top