14 April Wednesday

അയോധ്യയിൽനിന്ന് കാശിയിലേക്ക് ; ജ്ഞാൻവാപി മുസ്ലിം പള്ളിയിലും പര്യവേക്ഷണം

വെബ് ഡെസ്‌ക്‌Updated: Thursday Apr 8, 2021



ന്യൂഡൽഹി
കാശി വിശ്വനാഥ ക്ഷേത്രത്തോട്‌ ചേർന്നുള്ള  ജ്ഞാൻവാപി മുസ്ലിം പള്ളിയിൽ പര്യവേക്ഷണം നടത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ്‌ ഇന്ത്യ (എഎസ്‌ഐ)ക്ക്‌ വാരാണസി സിവിൽ കോടതിയുടെ അനുമതി. പര്യവേക്ഷണത്തിന്റെ ചെലവ്‌ എഎസ്‌ഐ തന്നെ വഹിക്കണം. പള്ളി‌ സ്ഥിതിചെയ്യുന്ന സ്ഥലം ഹിന്ദുക്കളുടേതാണെന്ന്‌ അവകാശപ്പെട്ട്‌ അഭിഭാഷകൻ വിജയ്‌ ശങ്കർ റസ്‌തോഗിയും മറ്റ്‌ നാലുപേരും നൽകിയ ഹർജിയിലാണ്‌ വിധി. ഹർജിയെ മോസ്‌ക്‌ മാനേജ്‌മെന്റ്‌ കമ്മിറ്റി എതിർത്തു.

രണ്ടായിരം വർഷം പഴക്കമുള്ള കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ഒരുഭാഗം‌ പൊളിച്ച് 1669ൽ മുഗൾ രാജാവ്‌ ഔറംഗസേബ്‌ പണിതതാണ്‌ ജ്ഞാൻവാപി പള്ളി എന്നാണ് ഹർജിയിലെ ആരോപണം. പള്ളി‌‌ സ്ഥിതിചെയ്യുന്ന സ്ഥലം മുസ്ലിങ്ങൾ കൈവശം വച്ചിരിക്കുന്നത്‌ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. പള്ളിയുള്ളിടത്ത്‌ മുമ്പ്‌ ക്ഷേത്രം നിലനിന്നിരുന്നോ, അഥവാ കെട്ടിടത്തിന്‌ രൂപമാറ്റം വരുത്തിയതാണോ എന്ന്‌ കണ്ടെത്താനാണ്‌ സർവേ നടത്താൻ കോടതി ആവശ്യപ്പെട്ടത്‌.

ഇതിനായി  പള്ളിയുടെ കാലപ്പഴക്കം, വലുപ്പം, രൂപകൽപ്പനാരീതി, നിർമാണ സാമഗ്രികൾ എന്നിവ പരിശോധിക്കണം. കെട്ടിടത്തിൽ  മാറ്റിമറിക്കലുകൾ വരുത്തിയിട്ടുണ്ടോ എന്നും നോക്കണം. ഇതിന്‌ അഞ്ച്‌ പുരാവസ്‌തുഗവേഷകർ ഉൾപ്പെട്ട സമിതിയെ നിയോഗിക്കണം. രണ്ട്‌ അംഗങ്ങൾ ന്യൂനപക്ഷവിഭാഗത്തിൽനിന്നാവുന്നത്‌ അഭികാമ്യമാണ്‌. സമിതിയുടെ നിരീക്ഷകനായി വിദഗ്‌ധനെ നിയോഗിക്കണം. സമിതി റിപ്പോർട്ട്‌ സമർപ്പിക്കേണ്ടത്‌ ഈ നിരീക്ഷകന്റെ പക്കലാണ്‌.

പര്യവേക്ഷണം നടക്കുമ്പോൾ മുസ്ലിങ്ങളുടെ നമസ്‌‌ തടസ്സപ്പെടാൻ പാടില്ല. ഇത്‌ അസാധ്യമാണെന്ന്‌ വന്നാൽ നമസിന്‌ ബദൽസംവിധാനം‌ സമിതി ഒരുക്കണമെന്നും കോടതി നിർദേശിച്ചു. വൈകിട്ട്‌ അഞ്ചുമുതൽ രാത്രി ഒമ്പതുവരെയാണ്‌ പര്യവേക്ഷണം നടത്തേണ്ടത്‌. മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും പ്രവേശനം നൽകരുത്‌. പര്യവേക്ഷണം സംബന്ധിച്ച്‌ മാധ്യമങ്ങളോട്‌ സംസാരിക്കരുതെന്നും കോടതി നിർദേശിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top