ന്യൂഡൽഹി
കോൺഗ്രസിൽ അഴിച്ചുപണി ആവശ്യപ്പെടുന്ന വിമത വിഭാഗം നേതാക്കൾ ജമ്മുവിൽ പ്രത്യേക സമ്മേളനം വിളിച്ചതിന് പിന്നാലെ കശ്മീർ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി രാഹുൽ ഗാന്ധി. മുതിർന്ന വിമത നേതാവ് ഗുലാംനബി ആസാദ് സ്വന്തം നിലയിൽ അണികളെ സംഘടിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ജമ്മു-കശ്മീർ പിസിസി പ്രസിഡന്റ് ഗുലാം അഹമദ് മിറുമായും എഐസിസിയിൽ ജമ്മുകശ്മീരിന്റെ ചുമതലയുള്ള രജനി പാട്ടീലുമായും രാഹുല്‍ തിരക്കിട്ട് കൂടിക്കാഴ്ച നടത്തിയത്.
ജമ്മു സമ്മേളനത്തിൽ മുതിർന്ന കോൺഗ്രസ് നേതാക്കളായ ആനന്ദ് ശർമ, കപിൽ സിബൽ, മനീഷ് തിവാരി, രാജ് ബബ്ബർ, വിവേക് തൻഖ തുടങ്ങിയവർ പങ്കെടുത്തിരുന്നു. കോൺഗ്രസ് ദുർബലപ്പെടുവെന്ന് സമ്മേളനത്തിൽ വിമർശനം ഉയർന്നു. ഗുലാംനബിയാകട്ടെ മോഡിയെ പുകഴ്ത്തുകയും ചെയ്തു.
പിന്നാലെ കോൺഗ്രസ് പ്രവർത്തകർ പലയിടത്തും ഗുലാംനബിയുടെ കോലം കത്തിച്ചു. ജമ്മുവിൽ പിസിസി ജനറൽ സെക്രട്ടറി ഷാനവാസ് ചൗധുരിയാണ് കോലംകത്തിക്കലിന് മുന്നിട്ടിറങ്ങിയത്.
വിമത പക്ഷത്ത്
കൊഴിഞ്ഞുപോക്ക്
കൂടുതൽ വിമത നേതാക്കൾ ‘ജി–- 23’ ഗ്രൂപ്പിന്റെ നിലവിലെ നീക്കങ്ങളോട് വിയോജിച്ച് രംഗത്തെത്തി. കോൺഗ്രസിൽ അഴിച്ചുപണി ആവശ്യപ്പെട്ട് സോണിയക്കയച്ച കത്തിൽ ഒപ്പുവച്ച 23 പേരിൽ പി ജെ കുര്യൻ, സന്ദീപ് ദീക്ഷിത്, അജയ് സിങ് എന്നിവരാണ് ജി–-23 യുടെ നിലവിലെ നീക്കങ്ങളോട് വിയോജിച്ചത്. കത്തിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും എന്നാൽ പരിധി വിടരുതെന്നും നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു. വീരപ്പ മൊയ്ലിയും നേരത്തേ സമാന പ്രതികരണം നടത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..