18 September Wednesday

മറന്നോ; ഗുജറാത്തിലും ഉണ്ടായിരുന്നു ഇസ്രത്‌ ജഹാൻ

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2019

ന്യൂഡൽഹി > മുത്തലാഖിനെതിരെ പരാതി നൽകിയ ഇസ്രത്‌ ജഹാൻ രക്ഷാബന്ധൻ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക്‌ രാഖികെട്ടിയത്‌ മാധ്യമങ്ങൾ ആഘോഷിക്കുമ്പോൾ മോഡിയുമായി ബന്ധമുള്ള മറ്റൊരു ഇസ്രത്‌ ജഹാൻ ചിത്രത്തിലേയില്ല. ഗുജറാത്തിൽ വ്യാജഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഇസ്രത്‌ജഹാനെയാണ്‌ മാധ്യമങ്ങൾ ബോധപൂർവം തിരസ്‌കരിക്കുന്നത്‌. 2004ൽ മുഖ്യമന്ത്രിയായിരുന്ന മോഡിയെ വധിക്കാനെത്തി എന്നാരോപിച്ചാണ്‌ വിദ്യാർഥിനിയായ ഇസ്രത്‌ജഹാനടക്കം നാലുപേരെ ഗുജറാത്ത്‌ പൊലീസ്‌ വെടിവെച്ചുകൊന്നത്‌. മലയാളിയായ പ്രാണേഷ്‌പിള്ള എന്ന ജാവേദ് ഗുലാം ഷെയ്‌ഖും കൊല്ലപ്പെട്ടിരുന്നു.

വ്യാജഏറ്റുമുട്ടൽ കേസിൽ സിബിഐ പ്രതിചേർത്ത മുൻ പൊലീസ് ഉദ്യോഗസ്ഥരായ ഡി ജി വൻസാര, എൻ കെ അമിൻ എന്നിവരെ ഈ വർഷംആദ്യം കേസിൽനിന്ന്‌ ഒഴിവാക്കി. കൊല്ലപ്പെട്ടത്‌ ലഷ്‌കർ ഇ ത്വയിബ ഭീകരസംഘാംഗങ്ങളാണ് എന്നായിരുന്നു പൊലീസ് ഭാഷ്യം. ഗുജറാത്ത്‌ ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ഏറ്റുമുട്ടൽ വ്യാജമായിരുന്നെന്ന് സ്ഥിരീകരിച്ചു. തുടർന്ന്‌ നടന്ന സിബിഐ അന്വേഷണത്തിൽ മുൻ ഡിജിപി പി പി പാണ്ഡെ, ഡി ജി വൻസാര, എൻ കെ അമിൻ, ജി എൻ സിൻഘാൽ തുടങ്ങി ഏഴുപേരെ പ്രതിചേർത്തു. തെളിവുകളുടെ അഭാവത്തിൽ പാണ്ഡെയെ കോടതി വിട്ടയച്ചതോടെയാണ്‌ സമാനമായ ആവശ്യം വൻസാരയും അമിനും ഉന്നയിച്ചത്‌.

വ്യാജ ഏറ്റുമുട്ടൽ കേസിൽ ഗുജറാത്ത് പൊലീസിനെതിരേ സിബിഐയുടെ പ്രധാന സാക്ഷികളിൽ ഒരാളായിരുന്ന ഗോപിനാഥപിള്ള കഴിഞ്ഞവർഷം ആലപ്പുഴയിൽ വാഹനാപകടത്തിൽമരിച്ചു. പ്രാണേഷ്‌പിള്ളയുടെ അച്ഛനാണ്‌ ഗോപിനാഥപിള്ള.
മകൻ തീവ്രവാദിയല്ലെന്നും ഇന്റലിജൻസ് ബ്യൂറോയ്ക്കുവേണ്ടി ജോലിചെയ്തിരുന്നെന്നും ഗോപിനാഥപിള്ള മൊഴി നൽകിയിരുന്നു. ഐപിഎസ് ഉദ്യോഗസ്ഥനായ വൻസാര വിളിച്ചതായി മകൻ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഗോപിനാഥപിള്ളയും ഇസ്രത്‌ജഹാന്റെ അമ്മ ഷമീമ കൗസറും നടത്തിയ നിയമപോരാട്ടം അട്ടിമറിക്കാനുള്ള നീക്കങ്ങളാണ്‌ നടക്കുന്നത്‌. അതേസമയം, മുത്തലാഖ്‌ വിധിക്ക്‌ ആധാരമായ ഹർജികളിലൊന്ന്‌ മോഡിക്ക്‌ രാഖികെട്ടിയ ബിജെപി അംഗംകൂടിയായ ഇസ്രത്‌ ജഹാന്റെയാണ്‌. ദുബായിലുള്ള ഭർത്താവ്‌ 2014ൽ മൊബൈലിലൂടെ മൊഴിചൊല്ലിയതിനെ എതിർത്താണ്‌ ബംഗാൾ സ്വദേശിയായ ഇസ്രത്‌ജഹാൻ പരാതി നൽകിയത്‌.


പ്രധാന വാർത്തകൾ
 Top