ന്യൂഡൽഹി
ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയെ പട്നാ ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റിയ കൊളീജിയം ശുപാർശയിൽ വൻപ്രതിഷേധവുമായി അഭിഭാഷകര്‍ രംഗത്തെത്തി.
ജസ്റ്റിസ് നിഖിൽ എസ് കരിയേലിനെ സ്ഥലംമാറ്റാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് അനിശ്ചിതകാല പണിമുടക്കു നടത്തുമെന്ന് ഗുജറാത്ത് ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ (ജിഎച്ച്സിഎഎ) അറിയിച്ചു. വ്യാഴം രാവിലെ ജഡ്ജിയെ സ്ഥലംമാറ്റുമെന്ന വാർത്ത വന്നതോടെ മുന്നൂറോളം അഭിഭാഷകർ ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാറിന്റെ കോടതിമുറിയിലേക്ക് ഇരച്ചുകയറി പ്രതിഷേധിച്ചു. ജഡ്ജിയെ സ്ഥലംമാറ്റുന്നത് അറിഞ്ഞില്ലെന്ന് ചീഫ് ജസ്റ്റിസ് പ്രതികരിച്ചു. രണ്ട് മിനിറ്റ് കോടതി മുറിയിൽ മൗനം ആചരിക്കാൻ സമ്മതിക്കണമെന്നും അഭിഭാഷകർ ആവശ്യപ്പെട്ടു.
കോടതി നടപടികളുടെ തൽസമയ സംപ്രേഷണം ചീഫ് ജസ്റ്റിസിന്റെ നിർദേശപ്രകാരം നിർത്തിവച്ചു. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും നിവേദനം നൽകുമെന്നും അഭിഭാഷകർ പറഞ്ഞു.
തെലങ്കാന ഹൈക്കോടതിയിലും പ്രതിഷേധം
തെലങ്കാന ഹൈക്കോടതി ജഡ്ജിയെ സ്ഥലംമാറ്റാനുള്ള കൊളീജിയം ശുപാർശയ്ക്ക് എതിരെയും അഭിഭാഷകർ പ്രതിഷേധിച്ചു. ജസ്റ്റിസ് അഭിഷേക് റെഡ്ഡിയെ പട്നാ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാനുള്ള കൊളീജിയം ശുപാർശ അംഗീകരിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. വ്യാഴം ഉച്ചയ്ക്ക് അസാധാരണമായ യോഗം വിളിച്ചുചേർത്ത് അഭിഭാഷകർ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു. സ്ഥലംമാറ്റിയത് ഏകപക്ഷീയനടപടിയാണെന്ന് അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് വി രഘുനാഥ് ആരോപിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..