17 July Wednesday

‘‘ഈ സമരം ചരിത്രപരമാണ്‌. നേതാക്കളെയെല്ലാം ജയിലിലടച്ചു , ഭീകരമായി മർദിച്ചു" ; ധീരചരിത്രം ഓർമിപ്പിച്ച്‌ 
ഗ്രേറ്റർ നോയിഡ കർഷകർ

സാജൻ എവുജിൻUpdated: Saturday Jun 10, 2023

ഗ്രേറ്റർ നോയിഡ വികസന അതോറിറ്റി ആസ്ഥാനത്തിന് മുന്നിൽ സമരം ചെയ്യുന്ന കർഷകരോടൊപ്പം പൊലീസ് മർദനത്തിൽ പരിക്കേറ്റ കർഷക സ്ത്രീ മുനേഷ് ഫോട്ടോ: പി വി സുജിത്


ഗ്രേറ്റർ നോയിഡ
‘‘ഈ സമരം ചരിത്രപരമാണ്‌. നേതാക്കളെയെല്ലാം ജയിലിലടച്ചു. സമരവേദി പൊലീസ്‌ പിടിച്ചെടുത്തു. ചെറുത്തവരെ ഭീകരമായി മർദിച്ചു. എന്നാൽ 12 മണിക്കൂറിനുള്ളിൽ സമരവേദി തിരിച്ചുപിടിക്കാൻ കർഷകർക്ക്‌ കഴിഞ്ഞു’’–കർഷക കുടുംബാംഗമായ അമിത്‌ ഭാട്ടി എന്ന യുവാവ്‌ പറഞ്ഞു.  വലതുകൈ പൊലീസ്‌ അടിച്ചൊടിച്ചിട്ടും പ്രക്ഷോഭത്തിൽ സജീവമായി തുടരുന്ന കർഷകവനിത മുനേഷ്‌ ഈ വാക്കുകൾ ശരിവച്ചു. വാണിജ്യ ആവശ്യങ്ങൾക്കായി കൃഷിഭൂമി വൻതോതിൽ വിട്ടുകൊടുക്കേണ്ടിവന്ന ഗ്രേറ്റർനോയിഡയിലെ കർഷകരുടെ ദുരിതങ്ങൾക്ക്‌ പരിഹാരം ആവശ്യപ്പെട്ട്‌ അഖിലേന്ത്യ കിസാൻസഭയുടെ നേതൃത്വത്തിൽ 46 ദിവസമായി നടക്കുന്ന സമരം അടിച്ചമർത്താൻ ആദിത്യനാഥ്‌ സർക്കാർ നടത്തുന്ന ശ്രമങ്ങൾ പരാജയപ്പെടുകയാണ്‌.

ജയിലിൽ അടച്ചാലും വെടിവച്ചാലും പിന്നോട്ടില്ലെന്ന്‌ പ്രഖ്യാപിച്ചാണ്‌ ഗ്രേറ്റർ നോയിഡ അതോറിറ്റി ഓഫീസിനു മുന്നിൽ സമരം തുടരുന്നത്‌. 1857ൽ ഒന്നാം സ്വാതന്ത്ര്യസമരത്തെ തുടർന്ന്‌ ബ്രിട്ടീഷ്‌ ഭരണകൂടം തൂക്കിലേറ്റിയ അന്നത്തെ മീററ്റ്‌ ജില്ലയിലെ രക്തസാക്ഷികളുടെ പിന്മുറക്കാരാണ്‌ തങ്ങളെന്നും ആദിത്യനാഥ് സർക്കാരിന്റെ ഭീഷണികളൊന്നും വിലപ്പോകില്ലെന്നും സമരത്തിൽ പങ്കെടുക്കുന്ന കർഷകർ ‘ദേശാഭിമാനി’യോട്‌ പറഞ്ഞു. ഏറ്റെടുക്കുന്ന ഭൂമിക്ക്‌- ന്യായമായ നഷ്ടപരിഹാരം ആവശ്യപ്പെട്ട്‌ 2008ൽ നോയിഡയിൽ കർഷകർ നടത്തിയ സമരത്തിനുനേരെ പൊലീസിന്റെ വെടിവയ്‌പിൽ ആറ്‌ പേർ കൊല്ലപ്പെട്ടിരുന്നു. ഇതിനുശേഷം 2013ൽ രൂപംനൽകിയ ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ വ്യവസ്ഥകൾ പാലിക്കാതെയാണ്‌ കർഷകരെ ദ്രോഹിക്കുന്നത്‌.

സമരവേദിയിൽ ഭക്ഷണം പാചകം ചെയ്യാൻ ഒരുക്കിയ സൗകര്യങ്ങളടക്കം പൊലീസ്‌ നശിപ്പിച്ചു. ഡോ. രൂപേഷ്‌ വർമ, വീർ സിങ്‌ നാഗർ, ബ്രഹം പാൽ എന്നിവരടക്കം കിസാൻസഭയുടെ 33  നേതാക്കളെ ജയിലിലടച്ചു. സമരം തുടങ്ങിയതു മുതൽ ദിവസവും ആയിരക്കണക്കിനുപേർ പങ്കെടുത്തിരുന്നു. ജൂൺ ആറിന്‌ സമരവേദിയിൽ താരതമ്യേന കർഷകർ കുറവായിരുന്ന സമയത്താണ്‌ പൊലീസ്‌ ഇരച്ചുകയറിയത്‌. പൊലീസ്‌ അക്രമത്തിൽ  പ്രതിഷേധിച്ച്‌ ഗൗതംബുദ്ധ നഗർ ജില്ലയിലെ അഭിഭാഷകർ വെള്ളിയാഴ്‌ച കോടതിനടപടികൾ ബഹിഷ്‌കരിച്ചു. ജയിലിൽ കഴിയുന്ന കർഷകരെ അഖിലേന്ത്യ കിസാൻസഭ വൈസ്‌ പ്രസിഡന്റ്‌ ഹനൻ മൊള്ള സന്ദർശിച്ചു.

ഐക്യപോരാട്ടത്തിന്‌ 
ട്രേഡ്‌ യൂണിയനുകളും കിസാൻ മോർച്ചയും
കർഷക തൊഴിലാളി ദ്രോഹനയങ്ങൾ കൂടുതൽ തീവ്രമാക്കിയ കേന്ദ്ര സർക്കാരിനും ബിജെപിക്കുമെതിരെ ഒത്തൊരുമിച്ച്‌ പോരാട്ടത്തിനിറങ്ങാൻ ആഹ്വാനം നൽകി കേന്ദ്ര ട്രേഡ്‌ യൂണിയനുകളും സംയുക്ത കിസാൻ മോർച്ചയും. ഡൽഹി ഐഎൻടിയുസി ആസ്ഥാനത്തു ചേർന്ന യോഗത്തിനുശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്‌താവനയിലാണ്‌ നിലവിലുള്ള ഐക്യം ശക്തിപ്പെടുത്തുന്നതിനൊപ്പം വർധിതവീര്യത്തോടെ  രാജ്യവ്യാപക സമരങ്ങൾക്കുള്ള ആഹ്വാനം. അടുത്തമാസം വീണ്ടും യോഗം ചേർന്ന്‌ ദേശീയ കൺവൻഷനും പ്രഖ്യാപിക്കും.  

ഹരിയാനയിലെ കുരുക്ഷേത്രയിൽ വിളകൾക്ക്‌ താങ്ങുവില ആവശ്യപ്പെട്ട കർഷകരെ മൃഗീയമായി ലാത്തിച്ചാർജ്‌ ചെയ്‌ത നടപടിയെ യോഗം അപലപിച്ചു.സംയുക്ത കിസാൻ മോർച്ചയ്‌ക്കു പുറമേ കേന്ദ്ര ട്രേഡ്‌ യൂണിയനുകളായ സിഐടിയു, ഐഎൻടിയുസി, എച്ച്‌എംഎസ്‌, എഐടിയുസി, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിയു, എൽപിഎഫ്‌, യുടിയുസി സംഘടനകളാണ്‌ യോഗത്തിൽ പങ്കെടുത്തത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top