06 December Friday
എൻസിപി നേതാക്കൾ ഗവർണറെ കണ്ടു

ശിവസേനയ്‌ക്ക്‌ അധികസമയമില്ല ; മഹാരാഷ്ട്രയിൽ മൂന്നാം വിളി എൻസിപിക്ക്‌

സ്വന്തം ലേഖകൻUpdated: Tuesday Nov 12, 2019

ന്യൂഡൽഹി> മഹാരാഷ്ട്രയിൽ ഭൂരിപക്ഷം വ്യക്തമാക്കാന്‍ ശിവസേനയ്‌ക്ക്‌ സമയം നീട്ടിനല്‍കാതെ ഗവർണർ ഭഗത്‌സിങ്‌ കോശ്‌യാരി മൂന്നാമത്തെ വലിയ കക്ഷിയായ എൻസിപിയെ സർക്കാരുണ്ടാക്കാന്‍ ക്ഷണിച്ചു. അജിത്‌ പവാറിന്റെ നേതൃത്വത്തില്‍ എന്‍സിപി നേതാക്കള്‍ രാത്രി രാജ്‌ഭവനിലെത്തി ​ഗവർണറുമായി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്‌ച രാത്രി എട്ടരക്ക് മുമ്പ് തീരുമാനം അറിയിക്കണമെന്ന്‌ ഗവർണർ ആവശ്യപ്പെട്ടു.  സഖ്യകക്ഷികളുമായി ചൊവ്വാഴ്‌ച ചർച്ച  നടത്തുമെന്ന് നേതാക്കള്‍ അറിയിച്ചു. 

ശിവസേനയ്‌ക്ക്‌ അനുവദിച്ച സമയപരിധി തീരുന്നതിന് തൊട്ടുമുമ്പ്  തിങ്കളാഴ്‌ച വൈകിട്ട്‌ ആദിത്യ താക്കറേയും സംഘവും രാജ്‌ഭവനിലെത്തി സർക്കാരുണ്ടാക്കാന്‍  സന്നദ്ധത അറിയിച്ചു. പിന്തുണകത്ത്‌ ഹാജരാക്കാൻ മൂന്ന്‌ ദിവസം സാവകാശം തേടി. എൻസിപിയുടെയും കോൺഗ്രസിന്റെയും പിന്തുണ കത്തിനായി 6.30 വരെ കാത്തശേഷമാണ്‌ ശിവസേന നേതാക്കൾ ​ഗവര്‍ണറെ കണ്ടത്. കോൺഗ്രസിന്റെ ഉറപ്പ്‌ ലഭിക്കാത്തതിനാൽ ശിവസേന സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചിരുന്നില്ല. സമയം നീട്ടിചോദിക്കുകമാത്രമാണ്‌ ചെയ്‌തത്‌. മൂന്ന്‌ സ്വതന്ത്ര എംഎൽഎമാരും രാജ്‌ഭവനിലെത്തി ശിവസേനയ്‌ക്ക്‌ പിന്തുണ അറിയിച്ചു.

സഖ്യസര്‍ക്കാരുണ്ടാക്കാന്‍ എന്‍സിപി വച്ച ഉപാധിയുടെ ഭാ​ഗമായി കേന്ദ്രസർക്കാരിലെ ശിവസേന പ്രതിനിധി അരവിന്ദ്‌ സാവന്ത്‌ മന്ത്രിസ്ഥാനം രാജിവച്ചു. എന്നാലും എന്‍സിപിയില്‍ നിന്ന്  അനുകൂല തീരുമാനം ലഭിച്ചില്ല. കോൺഗ്രസ്‌ രാത്രി 7.25നു ഇറക്കിയ വാർത്താക്കുറിപ്പ്‌ നിലപാട് വ്യക്തമാക്കിയില്ല. കോൺഗ്രസ്‌ പ്രവർത്തകസമിതി വിഷയം ചർച്ചചെയ്‌തെന്നും സംസ്ഥാനത്തുനിന്നുള്ള നേതാക്കളുമായി കൂടിയാലോചന നടത്തിയെന്നും കുറിപ്പിൽ പറഞ്ഞു. എൻസിപിയുമായി ചർച്ച തുടരുമെന്നും അറിയിച്ചു.  കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ഉദ്ധവ് താക്കറെ  ടെലിഫോണിൽ ചര്‍ച്ച നടത്തിയിരുന്നു. എൻസിപി അധ്യക്ഷൻ ശരദ്‌ പവാർ, അജിത്‌ പവാർ എന്നിവരുമായി മുംബൈയിലെ ഹോട്ടലിൽ 45 മിനിറ്റ് ചര്‍ച്ച നടത്തി.

കോൺഗ്രസിൽ തർക്കം
രാവിലെ ഡൽഹിയിൽ കോൺഗ്രസ്‌ ഹൈക്കമാൻഡ്‌ യോഗം ചേർന്നെങ്കിലും തീരുമാനത്തിൽ എത്താനായില്ല. മഹാരാഷ്ട്രയിലെ നേതാക്കൾ എത്തിയശേഷം വൈകിട്ട്‌ സോണിയ ഗാന്ധിയുടെ വസതിയിൽ വീണ്ടും യോഗം ചേർന്നു. മുൻ കേന്ദ്രമന്ത്രി സുശീൽകുമാർ ഷിൻഡെ, മുൻമുഖ്യമന്ത്രിമാരായ പ്രഥ്വിരാജ്‌ ചവാൻ, അശോക്‌ ചവാൻ, പിസിസി അധ്യക്ഷൻ ബാലസാഹിബ്‌ തൊറാത്‌ എന്നിവർ ജയ്‌പുരിലെ റിസോർട്ടിലെത്തി കോൺഗ്രസ്‌ എംഎൽഎമാരുടെ അഭിപ്രായം തേടി. ഇവർ ഡൽഹിയിൽ മടങ്ങിവന്ന്‌ സോണിയയുടെ വസതിയിൽ നടന്ന ചർച്ചകളിൽ പങ്കാളികളായി. സന്ധ്യക്ക്‌ സോണിയ ഗാന്ധിയും ഉദ്ധവ്‌ താക്കറേയും വീണ്ടും ഫോണിൽ സംസാരിച്ചു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top