18 September Wednesday

ബാങ്കുകൾക്ക്‌ 70000 കോടി നൽകും: ധനമന്ത്രി നിർമല സീതാരാമൻ

സ്വന്തം ലേഖകൻUpdated: Friday Aug 23, 2019

ന്യൂഡൽഹി > പൊതുമേഖലാ ബാങ്കുകൾക്ക്‌ വായ്‌പ വിതരണത്തിന്‌ 70,000 കോടിരൂപ  ലഭ്യമാക്കുമെന്ന്‌ ധനമന്ത്രി നിർമല സീതാരാമൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാജ്യം കടുത്ത മാന്ദ്യത്തിലേക്ക്‌ നീങ്ങുകയാണെന്ന നിതി ആയോഗ്‌ ഉപാധ്യക്ഷൻ രാജീവ്‌ കുമാറിന്റെ വെളിപ്പെടുത്തലിന്‌ തൊട്ടുപിന്നാലെയാണ്‌ ധനമന്ത്രി മാധ്യമങ്ങളെ കണ്ടത്‌.
ഭവന, വാഹന വായ്‌പകൾക്കുള്ള  ബാങ്ക്‌ പലിശനിരക്കുകൾ കുറയും. അതിസമ്പന്നർക്ക്‌ ബജറ്റിൽ പ്രഖ്യാപിച്ച  സർചാർജിൽനിന്ന്‌  വിദേശ പോർട്ട്‌ഫോളിയോ(എഫ്‌പിഐ) നിക്ഷേപകരെ  ഒഴിവാക്കി. ഓഹരിവിപണിയിൽനിന്ന്‌ വിദേശനിക്ഷേപകർ കൂട്ടത്തോടെ പണം പിൻവലിക്കുന്ന സാഹചര്യത്തിലാണിത്‌. ചെറുകിട, സൂക്ഷ്‌മ, ഇടത്തരം നിക്ഷേപകർക്ക്‌ ജിഎസ്‌ടി റീഫണ്ട്‌ വേഗത്തിൽ ലഭ്യമാക്കും. ജിഎസ്‌ടി വിഷയങ്ങൾ ചർച്ചചെയ്യാൻ 25ന്‌ ഉന്നതതല യോഗം ചേരും. ജിഎസ്‌ടി ഘടന ലളിതമാക്കും. ഫോമുകൾ ലഘൂകരിക്കും. 16 വകുപ്പിൽ  പ്രോസിക്യൂഷനു പകരം പിഴ എന്ന രീതിയാക്കും. സ്റ്റാർട്ടപ്പുകൾക്കുള്ള എയ്‌ഞ്ചൽ ടാക്‌സ്‌ ഒഴിവാക്കി. സംരംഭകർക്ക്‌ ഇളവുകൾ നൽകും.
പുതിയ വാഹനം വാങ്ങാൻ  സർക്കാർ വകുപ്പുകൾക്ക്‌ ഏർപ്പെടുത്തിയ  വിലക്ക്‌  പിൻവലിച്ചു. 2020 മാർച്ച്‌വരെ വാങ്ങുന്ന ബിഎസ്‌–-ഫോർ വാഹനങ്ങൾക്ക്‌ മുഴുവൻകാല രജിസ്‌ട്രേഷൻ നൽകും. എല്ലാ ആദായനികുതി നോട്ടീസുകളും കേന്ദ്രീകൃത സംവിധാനം വഴി അയക്കും–-മന്ത്രി പറഞ്ഞു.
രാജ്യത്ത്‌ സാമ്പത്തികമാന്ദ്യം രൂക്ഷമായ സാഹചര്യത്തിലാണ്‌ മന്ത്രി ഈ പ്രഖ്യാപനങ്ങൾ നടത്തിയത്‌. ഇന്ത്യയിലെ മാന്ദ്യം ആഗോളമാന്ദ്യത്തിന്റെ ഭാഗമാണെന്ന്‌ മന്ത്രി അവകാശപ്പെട്ടു. അമേരിക്ക–-ചൈന വ്യാപാരയുദ്ധത്തിന്റെ ഫലമായാണ്‌ രൂപയുടെ വില ഇടിഞ്ഞത്‌. സാമ്പത്തികപരിഷ്‌കാരങ്ങൾ ഊർജിതമായി മുന്നോട്ടുകൊണ്ടുപോകുമെന്നും മന്ത്രി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top