20 February Wednesday

ഹാക്കറുടെ വെളിപ്പെടുത്തൽ; ഗോപിനാഥ് മുണ്ടെയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട്‌ കുടുംബം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 22, 2019

ന്യൂഡൽഹി> മുൻ കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട്‌ കുടുംബം രംഗത്ത്‌. വോട്ടിങ്‌ യന്ത്രത്തിലെ തിരിമറിയെക്കുറിച്ച് അറിഞ്ഞിരുന്നതിനാലാണ്‌ ഗോപിനാഥ് മുണ്ടെ കൊല്ലപ്പെട്ടതെന്ന യുഎസ്‌ ഹാക്കറുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ്‌  അന്വേഷണ ആവശ്യവുമായി കുടുംബം രംഗത്ത്‌ വന്നത്‌. മരണത്തിൽ റിസർച്ച്‌ അനാലിസിസ്‌ വിങ്‌ (റോ) യോ സുപ്രീം കോടതിയുടെ മേൽനോട്ടത്തിലോ അന്വേഷണം വേണമെന്ന്‌ എൻസിപി നേതാവും മുണ്ടെയുടെ മരുമകനുമായ ദനഞ്ജയ മുണ്ടെ ആവശ്യപ്പെട്ടു. മോഡി സർക്കാർ അധികാരത്തിലെത്തി ദിവസങ്ങൾ പിന്നിടുമ്പോഴായിരുന്നു മന്ത്രിസഭയിൽ അംഗമായിരുന്ന ഗോപിനാഥ് മുണ്ടെ വാഹനാപകടത്തിൽ കൊല്ലപ്പെട്ടത്.

2014 മെയ് 26നാണ് മോദി മന്ത്രി സഭയിൽ ഗ്രാമ വികസന മന്ത്രിയായി 64 കാരനായിരുന്ന ഗോപി നാഥ് മുണ്ടെ സത്യ പ്രതിജ്ഞ ചെയ്യുന്നത്.  ഒരാഴ്ചയ്‌ക്ക്‌ ശേഷം ജൂൺ 3 നുണ്ടായ വാഹനാപകടത്തിൽ അദ്ദേഹം കൊല്ലപ്പെടുകയും ചെയ്തു. ഡൽഹിയിൽ വച്ചായിരുന്നു അപകടം സംഭവിച്ചത്. മുണ്ടെ സഞ്ചരിച്ചിരുന്നു അംബാസിഡർ കാറിൽ സിഗ്നലിൽ വച്ച് മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. പിൻസീറ്റിൽ ഇരുന്നിരുന്ന അദ്ദേഹത്തെ പരിക്കുകളോടെ ഡൽഹി എയിംസിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

വാഹനത്തിലെ ഡ്രൈവറും സഹായികളും തന്നെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതും. എന്നാൽ മരണത്തിനിടയാക്കാവുന്ന തരത്തിൽ മുണ്ടെയ്ക്ക് പരിക്കേറ്റട്ടില്ലായിരുന്നു എന്നായിരുന്നു ഡോക്ടർമാരുടെ ആദ്യ നിഗമനം നിഗമനം. എന്നാൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പ്രകാരം അപകടത്തെ തുടർന്നുള്ള ഹൃദയാഘാതമാണ് മരണകാരണം. തലയ്ക്കും നെഞ്ചിവും അന്തരിക ക്ഷതമേറ്റിട്ടുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം, അപകടത്തെ കുറിച്ച് വ്യത്യസ്ഥമായ കഥകളായിരുന്നു അന്ന് ദൃക്സാക്ഷികളും, പൊലീസും അദ്ദേഹത്തിന്റെ ഡ്രൈവർ ഉൾ‌പ്പെടെയുള്ള അധികൃതരും നൽകിയത്. അപകടത്തിന് കാരണക്കാരനായ വാഹനത്തിലെ ഡ്രൈവർ ദിവസങ്ങൾക്കകം 30,000 രുപയുടെ ജാമ്യത്തിൽ പുറത്തിറങ്ങുകയും ചെയ്തു. മുണ്ടെയുടെ മരണത്തിന് കാരണമായ അപകടത്തെ കുറിച്ച് അന്നുയർന്ന ചോദ്യങ്ങൾ ഇപ്പോഴും നിലനിക്കുകയാണ്. മുണ്ടെയുടെ ഡ്രൈവറെ സംശയത്തിന്റെ മുനയിൽ നിര്‍ത്തുന്നതായിരുന്നു ഇതിൽ ഭുരിഭാഗവും.

ഡ്രൈവർ സിഗ്നൽ ലംഘിച്ച് വാഹനം മുന്നോട്ട് എടുത്തിരുന്നോ?. ഒരാൾ മരിക്കാനിടയായ അപകടം നടന്നിട്ടും കാര്യമായ പരിക്കേൽക്കാതെ ഡ്രൈവർ രക്ഷപ്പെട്ടതെങ്ങനെ?. ഇയാൾക്ക് മതിയായ പ്രവർത്തി പരിജയം ഉണ്ടായിരുന്നില്ലെ?. മന്ത്രിയുടെ യാത്രാ പദ്ധതി ആർക്കെല്ലാം അറിയാമായിരുന്നു എന്നിവയാണ് അന്ന് ഉയർന്ന പ്രധാന ചോദ്യങ്ങൾ. എന്നാൽ‌, മരണത്തിന് മറ്റ് പലമാനങ്ങളും നൽകുന്നതാണ് ഇന്ന് പുറത്ത് വന്ന വെളിപ്പെടുത്തൽ.

 


 Top