14 December Saturday

ഒക്ടോബറിലും ജിഎസ്‌ടി കുറഞ്ഞു; ധനകമ്മി 93 ശതമാനത്തിൽ

വെബ് ഡെസ്‌ക്‌Updated: Saturday Nov 2, 2019


സ്വന്തം ലേഖകൻ
അടിസ്ഥാന വ്യവസായ മേഖലയിലെ വളർച്ച 5.2 ശതമാനം ചുരുങ്ങിയതിനുപിന്നാലെ ഒക്‌ടോബറിലെ ചരക്കുസേവന നികുതി (ജിഎസ്‌ടി) വരുമാനത്തിലും ഇടിവ്‌. സാമ്പത്തികവർഷം പകുതിയായപ്പോൾത്തന്നെ ധനകമ്മി ബജറ്റ്‌ ലക്ഷ്യമിട്ടതിന്റെ 92.6 ശതമാനത്തിലെത്തി.

സാമ്പത്തികമാന്ദ്യം തുടരുന്നുവെന്ന്‌ വ്യക്തമാക്കുന്നതാണ്‌ ജിഎസ്‌ടി കണകക്ക്‌. 2018 ഒക്‌ടോബറിൽ 100710 കോടി രൂപയായിരുന്ന ജിഎസ്ടി വരുമാനം ഇക്കഴിഞ്ഞ ഒക്‌ടോബറിൽ 95380 കോടിയായി ചുരുങ്ങി. പൂജ, ദീപാവലി തുടങ്ങി ആഘോഷങ്ങളുടെ മാസമായിട്ടും ഒക്ടോബറിലെ ജിഎസ്‌ടി വരുമാനം ഒരു ലക്ഷംകോടിയിൽ എത്തിക്കാനായില്ല. കഴിഞ്ഞ മൂന്ന്‌ മാസമായി ഒരു ലക്ഷംകോടിയിൽ താഴെയാണ്‌ ജിഎസ്‌ടി വരുമാനം. സെപ്‌തംബറിലെ ജിഎസ്‌ടി വരുമാനം കഴിഞ്ഞ 19 മാസത്തിലെ ഏറ്റവും കുറഞ്ഞ തുകയായ 91916 കോടിയിലേക്ക്‌ താഴ്‌ന്നിരുന്നു.

ഒക്‌ടോബറിലെ ജിഎസ്‌ടി വരുമാനത്തിൽ 17582 കോടിരൂപ സിജിഎസ്‌ടിയാണ്‌. 23674 കോടിരൂപ എസ്‌ജിഎസ്‌ടിയും 46517 കോടിരൂപ ഐജിഎസ്‌ടിയുമാണ്‌.
നടപ്പുസാമ്പത്തികവർഷം പകുതിയായപ്പോഴേക്കും ധനകമ്മി 6.52 ലക്ഷംകോടി രൂപയിലെത്തി.

ബജറ്റിൽ ലക്ഷ്യമിട്ടിട്ടുള്ള ജിഡിപിയുടെ 3.3 ശതമാനം വരുന്നത്‌ 7.03 ലക്ഷം കോടിരൂപയാണ്‌. റിസർവ്‌ ബാങ്കിൽ ബിമൽ ജലാൻ സമിതി നിർദേശപ്രകാരം 58000 കോടിരൂപ അപ്രതീക്ഷിതമായി ലഭിച്ചിട്ടും ധനകമ്മി നിയന്ത്രിക്കാൻ സർക്കാരിനായില്ല. കർശനമായ ചെലവുചുരുക്കലിലൂടെ മാത്രമേ ലക്ഷ്യമിട്ട 3.3 ശതമാനത്തിൽ ധനകമ്മി പിടിച്ചുനിർത്താൻ സാധിക്കൂ. എന്നാൽ, ചെലവുചുരുക്കലിലേക്ക്‌ സർക്കാർ നീങ്ങിയാൽ മാന്ദ്യം കൂടുതൽ രൂക്ഷമാകും.


പ്രധാന വാർത്തകൾ
 Top