09 August Sunday

‘ഓൾവെയ്‌സ്‌ ബിജെപി’ ; സന്ദീപ്‌ നായർക്ക്‌ ഉന്നത ബിജെപി നേതാക്കളുമായി അടുത്ത ബന്ധം

വെബ് ഡെസ്‌ക്‌Updated: Thursday Jul 9, 2020

കുമ്മനം രാജശേഖരന്‌ ഒപ്പം സന്ദീപ്‌ (ഫെയ്‌സ്‌ബുക്കിൽ പോസ്റ്റ്‌ ചെയ്‌ത ചിത്രം)


തിരുവനന്തപുരം
സ്വർണക്കടത്ത്‌ കേസിൽ മുഖ്യകണ്ണിയായ  സന്ദീപ്‌ നായർക്ക്‌ ഉന്നത ബിജെപി നേതാക്കളുമായി അടുത്ത ബന്ധം. ബിജെപി തിരുവനന്തപുരം മണ്ഡലം പ്രസിഡന്റും നഗരസഭാ കൗൺസിലറുമായ എസ് കെ പി രമേശിന്റെ ജീവനക്കാരനായിരുന്നു സന്ദീപ്. ഇയാളുടെ ഫെയ്‌സ്ബുക്കിൽ ബിജെപി നേതാവ് കുമ്മനം രാജശേഖരനൊപ്പം  നിൽക്കുന്ന ചിത്രമുണ്ട്‌.

‘ഓൾവെയ്‌സ്‌ ബിജെപി’ എന്നാണ്‌ കുമ്മനം രാജേട്ടനൊപ്പം എന്ന പേരിൽ പോസ്റ്റ്‌ ചെയ്‌തിരിക്കുന്ന ചിത്രത്തിന്‌ സന്ദീപിന്റെ കമന്റ്‌. ബിജെപിക്കായി തെരഞ്ഞെടുപ്പ്‌ പ്രചാരണരംഗത്തും ഉണ്ടായിരുന്നു‌. ഉന്നതങ്ങളിലെ ബന്ധം ഉപയോഗിച്ച്‌ ഞൊടിയിടയിലാണ്‌ സന്ദീപ്‌ നായർ ധനാഢ്യനായത്‌. എസ്‌ കെ പി ഗ്രൂപ്പിന്റെ ഡ്രൈവറും ഓഫീസ്‌ ജീവനക്കാരനുമായി ജോലി തുടങ്ങിയ ഇയാൾ വിദേശത്തേക്ക്‌ പോയി. തുടർന്നാണ്‌ സ്വണക്കടത്ത്‌ സംഘവുമായി ബന്ധപ്പെടുന്നത്‌.

നയതന്ത്ര പരിരക്ഷയിൽ‌ യുഎഇ കോൺസുലേറ്റിന്റെ നയതന്ത്ര‌ ബാഗേജിൽ സ്വർണം എത്തിയത്‌ വിദേശ സഹമന്ത്രിയുടെ സംസ്ഥാനത്തേക്കാണെന്നത്‌ സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. കേന്ദ്രസർക്കാരിന്റെ പൂർണ നിയന്ത്രണത്തിലുള്ള സുരക്ഷാസംവിധാനങ്ങളെ മറികടന്ന്‌ പലവട്ടമാണ്‌ സംഘം സ്വർണം കടത്തിയത്‌. എന്നിട്ടും കണ്ടെത്താനാകാത്തത്‌ ദുരൂഹമാണ്‌. ബിജെപിയിലെ ചില ഉന്നതരുടെ പങ്കാളിത്തത്തോടെ വിദേശമന്ത്രാലയത്തിലെ സ്വാധീനം ഉപയോഗിച്ചാണെന്നും റിപ്പോർട്ടുണ്ട്‌.

സംസ്ഥാന സർക്കാരിന്‌ ഒരു ബന്ധവുമില്ലാത്ത കേസ്‌ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വഴിതിരിച്ചുവിടാൻ ദുഷ്‌പ്രചാരണം നടത്തുന്ന ബിജെപിക്കും അതിന്‌ ചൂട്ടുപിടിക്കുന്ന കോൺഗ്രസിനും കനത്ത തിരച്ചടിയായി സന്ദീപ്‌ നായരുടെ ഉന്നതബന്ധങ്ങൾ.

 

25 കിലോ സ്വർണം കേസ്‌ ഒതുക്കിയത്‌ ബിജെപി നേതാക്കൾ
തിരുവനന്തപുരം വിമാനത്താവളത്തിൽ ഒരു വർഷം മുമ്പ്‌ 25 കിലോ സ്വർണം ഡിആർഐ പിടികൂടിയ കേസ്‌ ഒതുക്കിയത്‌ ഉന്നത ബിജെപി നേതാക്കൾ‌. 2019 മെയ്‌ 13 ന്‌ സ്വർണം കടത്തിയ കേസിൽ  കസ്‌റ്റംസ്‌ സൂപ്രണ്ടിനെയടക്കം അറസ്‌റ്റ്‌ ചെയ്‌തെങ്കിലും പൊടുന്നനെ അന്വേഷണം നിലച്ചു. പിന്നീട്‌ കേസ്‌ സിബിഐക്ക്‌ വിട്ടെങ്കിലും അന്വേഷണം ആദ്യം പിടിയിലായവരിൽ ഒതുങ്ങി. ഇതിനു പിന്നാലെ 10  കിലോ സ്വർണം പിടിച്ചു. ഈ കേസിലും കടത്തിയ രണ്ടു പേർ അറസ്‌റ്റിലായതല്ലാതെ തുടർ അന്വേഷണം ഉണ്ടായില്ല.സ്വർണക്കടത്തിൽ കസ്‌റ്റംസ്‌ ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച്‌ അന്ന്‌ കേന്ദ്ര സർക്കാരിന്‌ റവന്യൂ ഇന്റലിജൻസ്‌ ഡയറക്‌ടറേറ്റ്‌ റിപ്പോർട്ട്‌ നൽകി. 2019 സെപ്‌തംബറിൽ അയച്ച കത്തിൽ  വിദേശ മന്ത്രാലയത്തിലെ ചില ഉന്നതരുടെ ഇടപെടലിനെക്കുറിച്ചും സൂചനയുണ്ടായിരുന്നു.  എന്നാൽ അതും കടലാസിലൊതുങ്ങി.



 

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top