20 July Saturday

ഗോവ: വിമത എംഎൽഎമാർ പാർലമെന്റിലെത്തി അമിത‌് ഷായെ കണ്ടു

സ്വന്തം ലേഖകൻUpdated: Friday Jul 12, 2019

ന്യൂഡൽഹി > ഗോവ മുഖ്യമന്ത്രി പ്രമോദ‌് സാവന്തും കൂറുമാറിയ കോൺഗ്രസ‌് എംഎൽഎമാരിൽ രണ്ടുപേരും പാർലമെന്റിലെത്തി ആഭ്യന്തരമന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത‌് ഷായെ കണ്ടു. ബിജെപി വർക്കിങ‌് പ്രസിഡന്റ‌് ജെ പി നഡ്ഡയുമായും ഇവർ കൂടിക്കാഴ‌്ച നടത്തി.

10 കോൺഗ്രസ‌് എംഎൽഎമാർ ബിജെപിയിലേക്ക‌് കൂറുമാറിയ സാഹചര്യത്തിൽ മന്ത്രിസഭ അഴിച്ചുപണി അടക്കമുള്ള വിഷയങ്ങളാണ‌് അമിത‌് ഷായുമായി ചർച്ച ചെയ‌്തത‌്. പ്രതിപക്ഷ നേതാവ‌് ചന്ദ്രകാന്ത‌് കവ‌്‌ലേക്കർ അടക്കം 10 കോൺഗ്രസ‌് എംഎൽഎമാർ കൂറുമാറി എത്തിയതോടെ ഗോവ നിയമസഭയിൽ ബിജെപിയുടെ അംഗബലം 27 ആയി. നിലവിൽ സഖ്യകക്ഷികളുടെ പിന്തുണയോടെയായിരുന്നു ഭരണം. തനിച്ച‌് ഭൂരിപക്ഷമായതോടെ ഇനി സഖ്യകക്ഷികളെ ആശ്രയിക്കേണ്ടതില്ല. ഈ സാഹചര്യത്തിലാണ‌് മന്ത്രിസഭാ അഴിച്ചുപണിക്കുള്ള നീക്കം.

കോൺഗ്രസ‌് എംഎൽഎമാർ പ്രേരണകൂടാതെയും ഉപാധിരഹിതവുമായാണ‌് ബിജെപിയിൽ ചേർന്നതെന്ന‌് മുഖ്യമന്ത്രി പ്രമോദ‌് സാവന്ത‌് അവകാശപ്പെട്ടു. കോൺഗ്രസിലെ നിലവിലെ സാഹചര്യവും മണ്ഡലത്തിൽ വികസനം കൊണ്ടുവരണമെന്ന താൽപ്പര്യവുമാണ‌് തങ്ങളെ ബിജെപിയിൽ എത്തിച്ചതെന്ന‌് പ്രതിപക്ഷ നേതാവായിരുന്ന ചന്ദ്രകാന്ത‌് കവ‌്‌ലേക്കർ പറഞ്ഞു. രാഹുൽ ഗാന്ധി രാജിവച്ചതോടെ കോൺഗ്രസ‌് നാഥനില്ലാത്ത സ്ഥിതിയിലാണ‌്.

ഇത്തരമൊരു സാഹചര്യത്തിൽ എത്രനാളാണ‌് കോൺഗ്രസിൽ തുടരാനാവുക. ബിജെപിയിൽ ചേർന്നാൽമാത്രമേ തങ്ങളുടെ മണ്ഡലത്തിൽ വികസനം കൊണ്ടുവരാനാകൂ–- കവ‌്‌ലേക്കർ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top