ഹൈദരബാദ്> മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജയിലിൽ അടയ്ക്കപ്പെട്ട ഡൽഹി സർവകലാശാല മുൻ പ്രൊഫസർ ജി.എൻ. സായിബാബ (57) അന്തരിച്ചു. ഹൈദരാബാദിലെ നിംസ് ആശുപത്രിയിലായിരുന്നു അന്ത്യം.
മാവോയിസ്റ്റ് ബന്ധം ആരോപിച്ചുള്ള കേസിൽ ഏറെക്കാലം തടവിൽ കഴിഞ്ഞിരുന്നു. തുടർന്ന് കേസിൽ അദ്ദേഹത്തെ കോടതി കുറ്റവിമുക്തനായി കണ്ടെത്തി ജയിൽ മോചിതനാക്കി. എന്നാൽ ജയിൽവാസക്കാലത്ത് ആരോഗ്യം തകർന്നു. ശാരീരിക അവശതകൾ നേരിടുന്ന അദ്ദേഹം വീൽ ചെയറിലായിരുന്നു ജയിലിൽ കഴിഞ്ഞിരുന്നത്.
2017-ലാണ് വിചാരണക്കോടതി സായിബാബയെ കുറ്റക്കാനാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് വിധിച്ചത്. ഇത് ചോദ്യംചെയ്തുകൊണ്ട് സായിബാബ സമര്‍പ്പിച്ച അപ്പീലിലാണ് ബോംബെ ഹൈക്കോടതി അദ്ദേഹത്തെ വെറുതെ വിട്ടത്.
മാവോവാദി ബന്ധം ആരോപിക്കപ്പെട്ട റെവല്യൂഷണറി ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന സംഘടനയുമായി ബന്ധമുണ്ടെന്ന് കാണിച്ചായിരുന്നു യു.പി.എ സർക്കാറിന്‍റെ കാലത്ത് സായിബാബ അടക്കം ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്.
ആരോഗ്യം തകർന്നു, ജോലി നഷ്ടമായി അവസാനം കോടതി കണ്ടെത്തി
മാവോവാദി ബന്ധം ആരോപിച്ച് ദീർഘകാലം ജയിലിൽ അടയ്ക്കപ്പെട്ട ജി.എൻ. സായിബാബയ്ക്ക് 57 വയസായിരുന്നു.
മാവോവാദി കേസിൽ 2014 മേയിലാണ് ഡൽഹി സർവകലാശാലയുടെ റാം ലാൽ ആനന്ദ് കോളജിൽ ഇംഗ്ലീഷ് അധ്യാപകനായിരുന്ന സായിബാബയെ ഡൽഹിയിലെ വസതിയിൽനിന്ന് മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തത്.
യു.എ.പി.എ ചുമത്തി കേസെടുത്തതോടെ കോളജിൽനിന്ന് സസ്പെൻഡ് ചെയ്തു. 2017ൽ സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. 2021 മാർച്ചിൽ കോളജ് അദ്ദേഹത്തെ സർവിസിൽ നിന്ന് പുറത്താക്കി. 2022 ഒക്ടോബർ 14ന് കേസിൽ സായിബാബ ഉൾപ്പെട്ട പ്രതികളെ ഹൈകോടതി വിട്ടയച്ചു. എങ്കിലും മഹാരാഷ്ട്ര സർക്കാർ വാദം അംഗീകരിച്ച് സുപ്രീംകോടതി സ്റ്റേ ചെയ്തു.
സുപ്രീം കോടതിയുടെ തന്നെ മറ്റൊരു ബെഞ്ചാണ് പിന്നീട് ബോംബെ ഹൈകോടതിയിൽ കേസ് പരിഗണിച്ച് അദ്ദേഹത്തെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി ജയിൽ മോചിതനാക്കിയത്. ഇതിനിടെ കേസിൽ മനുഷ്യാവകാശ കമ്മീഷൻ ഉൾപ്പെടെ പ്രതികരിച്ചിരുന്നു. വൃക്ക - സുഷുമ്നാ നാഡി സംബന്ധമായ പ്രശ്നങ്ങൾ ഉൾപ്പെടെ ഒന്നിലധികം രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന അദ്ദേഹത്തെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി മനുഷ്യാവകാശ സംഘടനകൾ രംഗത്ത് വന്നിരുന്നു.
യു.എ.പി.എ ചുമത്തിയ കേസ് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് പത്ത് വർഷത്തോളം ജയിലിൽ അടയ്ക്കപ്പെട്ട സായിബാബയുടെ കേസിൽ ഹൈകോടതി കണ്ടെത്തിയിരുന്നു.
കഴിഞ്ഞ മാർച്ചിലാണ് സായിബാബ ജയില്‍ മോചിതനായത്. പോളിയോ ബാധിച്ച് ശരീരത്തിന്റെ 90 ശതമാനവും തളർന്ന് ചക്രക്കസേരയുടെ സഹായത്തോടെ ജീവിക്കുന്ന സായിബാബ 2014ൽ അറസ്റ്റിലായതു മുതൽ നാഗ്പുർ സെൻട്രൽ ജയിലിലായിരുന്നു.
സായിബാബയുടെ വീട്ടിൽ റെയ്ഡ് നടന്നതിന് പിന്നാലെ നിരവധി പേർ സർക്കാരിന്റെയും പോലീസിന്റെയും നടപടിക്കെതിരെ രംഗത്ത് എത്തിയിരുന്നു. ജി എൻ സായിബാബയെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വേട്ടയാടുന്നത് സർക്കാരിന്റെ ആദിവാസി വിരുദ്ധ നടപടികൾക്കെതിരെ പ്രതികരിച്ചതാണെന്ന് അന്ന് അരുന്ധതി റോയ് പ്രതികരിച്ചിരുന്നു. റെവല്യൂഷണി ഡെമോക്രാറ്റിക് ഫ്രണ്ട് (ആർഡിഎഫ്) ജോയിന്റ് സെക്രട്ടറിയായ സായിബാബ ഓപ്പറേഷൻ ഗ്രീൻ ഹണ്ടിനെതിരെയുള്ള നിരവധി സംഘടനകളിലും പ്രവർത്തിച്ചിരുന്നു.
തുടർന്ന് ശരീരത്തിന്റെ ഭൂരിഭാഗവും തളർന്ന വർഷങ്ങളായി വീൽചെയറിനെ ആശ്രയിച്ച ജീവിക്കുന്ന ജി എൻ സായിബാബയെ 2014 ൽ മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 12 ബി, യുഎപിഎയിലെ 13, 18, 20, 38, 39 വകുപ്പുകൾ ചുമത്തിയായിരുന്നു കേസ്. കേസിൽ സായിബാബയ്ക്കും ഹേം മിശ്രയ്ക്കുമൊപ്പം മുൻ മാധ്യമപ്രവർത്തകൻ പ്രശാന്ത് റാഹി, വിജയ് ടിർക്കി, മഹേഷ് ടിർക്കി, പാണ്ഡു പൊരാ നരോത്തെ എന്നിവരും അറസ്റ്റിലായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..