12 November Tuesday

ഇന്ത്യയില്‍ പട്ടിണി രൂക്ഷം; ആഗോള വിശപ്പ് സൂചികയില്‍ ക്യൂബയടക്കം 17 രാജ്യങ്ങള്‍ ഒന്നാം സ്ഥാനത്ത്

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2019

ന്യൂഡല്‍ഹി>  പരമ ദരിദ്ര രാജ്യങ്ങളെയും കടത്തിവെട്ടി ഇന്ത്യയിൽ പട്ടിണി വർധിക്കുന്നതായി റിപ്പോർട്ട്‌. അയൽ രാജ്യങ്ങളായ പാകിസ്ഥാനും ബംഗ്ലാദേശും നേപ്പാളും മാത്രമല്ല; നിരവധി ആഫ്രിക്കൻ രാജ്യങ്ങളെയും പട്ടിണിയിൽ ഇന്ത്യ പിന്നിലാക്കി. 2014ൽ 55-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇക്കൊല്ലം 102-ാം സ്ഥാനത്തേക്ക്‌ കൂപ്പുകുത്തിയതായും ആഗോളപട്ടിണി സൂചിക വ്യക്തമാക്കുന്നു.

ദക്ഷിണേഷ്യൻ രാജ്യങ്ങളുടെയും ബ്രിക്‌സ്‌ രാജ്യങ്ങളുടെയും കൂട്ടത്തിലും ഇന്ത്യ ഏറ്റവും പിന്നിലാണ്‌. ഉഗാണ്ട, സുഡാൻ, അഫ്‌ഗാനിസ്ഥാൻ, ഹെയ്‌ത്തി, യമൻ, ലൈബീരിയ, മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക്‌ തുടങ്ങിയ രാജ്യങ്ങളാണ്‌ ഇന്ത്യയുടെ പിന്നിൽ. താൻസാനിയ, എത്യോപ്യ, റുവാണ്ട, അംഗോള, നൈജർ എന്നീ രാജ്യങ്ങൾപോലും ഇന്ത്യക്ക്‌ മുന്നിലാണ്‌. ആകെ 117 രാജ്യങ്ങളാണ്‌ പട്ടികയിലുള്ളത്‌.

രാജ്യാന്തര സന്നദ്ധസംഘടനകളായ  കൺസേൺ വേൾഡ്‌വൈഡ്‌,  വെൽത്‌ ഹംഗർ ലൈഫ്‌ എന്നിവ സംയുക്തമായി  പട്ടിണിയും പോഷകാഹാരക്കുറവും മാനദണ്ഡങ്ങളാക്കി തയ്യാറാക്കിയ റിപ്പോർട്ടിലാണ്‌ ഇന്ത്യയുടെ ദയനീയസ്ഥിതി വിശദീകരിക്കുന്നത്‌. പോഷകാഹാരക്കുറവ്‌, അഞ്ച്‌ വയസ്സിൽ താഴെയുള്ള കുട്ടികളിലെ വളർച്ചമുരടിപ്പ്‌, ഭാരക്കുറവ്‌, ശിശുമരണനിരക്ക്‌ എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ സൂചിക. ഏറ്റവും മികച്ച സ്‌കോർ പൂജ്യവും ഏറ്റവും മോശം സ്‌കോർ നൂറും ആണ്‌. ഇന്ത്യക്ക്‌ ലഭിച്ചത്‌ 30.3 ആണ്‌. ഗുരുതര പട്ടിണി നിലനിൽക്കുന്ന രാജ്യമാണ്‌ ഇന്ത്യയെന്നാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌.

യൂറോപ്പിലെയും അമേരിക്കയിലെയും സമ്പന്ന രാജ്യങ്ങളെ ഒഴിവാക്കിയാണ്‌ പട്ടിണി സൂചികയുടെ പട്ടിക തയ്യാറാക്കിയത്‌.  പട്ടിണി  ഏറ്റവും കുറവുള്ള ആദ്യ 17 രാജ്യങ്ങളിൽ (സ്‌കോർ അഞ്ചിൽ താഴെ) ബലാറസ്‌, ചിലി, ക്യൂബ, റുമേനിയ, ഉറുഗ്വെ, കുവൈത്ത്‌  എന്നിവ ഉൾപ്പെടുന്നു.  പാകിസ്ഥാൻ  2015ൽ 106-ാം സ്ഥാനത്ത്‌  ആയിരുന്നെങ്കിൽ ഇപ്പോൾ 94ൽ (സ്‌കോർ 28.5)  എത്തി. ബംഗ്ലാദേശ്‌-88, നേപ്പാൾ-73, ശ്രീലങ്ക-66, ചൈന-25  എന്നിങ്ങനെയാണ്‌  അയൽരാജ്യങ്ങളുടെ സ്ഥാനം. ബ്രിക്‌സ്‌ രാജ്യങ്ങളായ  ബ്രസീൽ-18,  റഷ്യ-22, ദക്ഷിണാഫ്രിക്ക-59 എന്നിവ ഇന്ത്യയെക്കാൾ ബഹുദൂരം മുന്നിലാണ്‌.
 


പ്രധാന വാർത്തകൾ
 Top