18 September Wednesday

ഗിരീഷ് കര്‍ണാട്: ഒരു കാലഘട്ടത്തിന്റെ പ്രബുദ്ധതയുടെ മാതൃക

വെബ് ഡെസ്‌ക്‌Updated: Monday Jun 10, 2019

ആധുനിക ഇന്ത്യന്‍ നാടകവേദിയിലെ ഉന്നതശീര്‍ഷനായ കലാകാരന്‍. ഗിരീഷ് കര്‍ണാട് ഒരു കാലഘട്ടത്തിന്റെ പ്രബുദ്ധതയുടെ മാതൃക കൂടിയായിരുന്നു. അരങ്ങിനെ സമകാലിക ജീവിതത്തിന്റെ സംഘര്‍ഷഭൂമിയിലേക്ക് ഇറക്കിക്കൊണ്ടുവന്ന നാടകകാരന്മാരില്‍ പ്രതിഭാശാലി. ആധുനിക ജീവിത പ്രമേയങ്ങളെ നാടോടി കലാസങ്കേതങ്ങളുമായി ഇണക്കിക്കൊണ്ട് കലയെ ജനകീയമാക്കുന്നതിന് വലിയ ശ്രമങ്ങള്‍നടന്ന കാലത്താണ് നാടകവേദിയിലും പുത്തനുണര്‍വുണ്ടായത്.

 ഹബീബ് തന്‍വീര്‍, ഉല്‍പല്‍ദത്ത്, ബി വി കാരന്ത്, ബാദല്‍സര്‍ക്കാര്‍, വിജയ് ടെണ്ടുല്‍ക്കര്‍, ഇബ്രാഹിം അല്‍കാസി തുടങ്ങിയവര്‍ ദൃശ്യവേദിയെ ജനകീയമാക്കുന്നതില്‍ വലിയ പങ്കുവഹിക്കുയുണ്ടായി. ഈ പാരമ്പര്യത്തില്‍ ഉയര്‍ന്നുവന്ന ഗിരീഷ് കര്‍ണാടാകട്ടെ നാടകവേദിയിലും സിനിമാ രംഗത്തും പ്രതിഭയുടെ വൈവിധ്യമാര്‍ന്ന പ്രകടനം കാഴ്ചവച്ചു. നാടകത്തെക്കാള്‍ പ്രശസ്തിയും സൗഭാഗ്യവും ലഭിക്കുന്ന ചലച്ചിത്ര മേഖലയില്‍ ശ്രദ്ധേയ പ്രവര്‍ത്തനം കാഴ്ചവച്ചപ്പോഴും കര്‍ണാടിന്റെ പരിഗണന നാടകവേദിയില്‍തന്നെയായിരുന്നു.

 സിനിമയില്‍ സജീവമായ കാലത്തും നാടകവേദിയില്‍ മടങ്ങിയെത്തി. നാടകരചനയിലും സംവിധാനത്തിലും ശ്രദ്ധേയനായ ശേഷമാണ് അഭിനേതാവും തിരക്കഥാകൃത്തുമായി സിനിമയിലെത്തിയത്. തുടര്‍ന്ന്  സംവിധാന രംഗത്തും മികച്ച സംഭാവനകള്‍. മഹാരാഷ്ട്രയിലെ പഴയ മുംബൈ പ്രസിഡന്‍സിയിലെ മഥേരനില്‍ 1938 മെയ് 19ന് ജനനം. അച്ഛന്‍ ഡോ. രഘുനാഥ് കര്‍ണാട് മുംബൈ മെഡിക്കല്‍ സര്‍വീസില്‍ ഡോക്ടറായിരുന്നു.  അമ്മ കൃഷ്ണാബായ് നീ മണിക്കര്‍. സമൂഹത്തില്‍ വിധവാ വിവാഹം അനുവദനീയമല്ലാത്ത കാലത്താണ് വിധവയും കുഞ്ഞിന്റെ അമ്മയുമായ അവരെ ഗിരീഷിന്റെ പിതാവ് വിവാഹം ചെയ്തത്. കുറെക്കാലം ഒരുമിച്ച് ജീവിച്ചശേഷമാണ് ആര്യസമാജം ബന്ധത്തിനു അംഗീകാരം നല്‍കിയത്. ഗിരീഷിന്റെ പ്രാഥമിക വിദ്യാഭ്യാസം മറാത്തി സ്‌കൂളില്‍. തുടര്‍ന്ന് കര്‍ണാടകത്തില്‍. 1958ല്‍ ദാര്‍വാദിലെ കര്‍ണാടക ആര്‍ട്‌സ് കോളേജില്‍നിന്ന് ഗണിതത്തില്‍ ബിരുദം. തുടര്‍ന്ന് ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍നിന്ന് തത്വശാസ്ത്രം, രാഷ്ട്രതന്ത്രം, സാമ്പത്തികശാസ്ത്രം എന്നിവയില്‍ ബിരുദാനന്തര ബിരുദം.

 അവിടെ റോഡ്‌സ് സ്‌കോളറായിരുന്നു. ഓക്‌സ്‌ഫോര്‍ഡ് യൂണിയന്‍ സൊസൈറ്റിയുടെ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. ചെന്നൈയിലെ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ്സ് മാനേജരായി ഏഴ് കൊല്ലം. 70ല്‍ രാജിവച്ച് മുഴുവന്‍ സമയ എഴുത്തിലേക്ക് തിരിഞ്ഞു. അക്കാലത്ത് ചെന്നൈയിലെ അമേച്വര്‍ തിയറ്റര്‍ ഗ്രൂപ്പായ മദ്രാസ് പ്ലെയേഴ്‌സുമായി ബന്ധപ്പെട്ടു. ചിക്കാഗോ സര്‍വകലാശാലയില്‍ വിസിറ്റിങ് പ്രൊഫസറായത് നാടകരചനയ്ക്കുള്ള ഫുള്‍ബ്രൈറ്റ് സ്‌കോളര്‍ഷിപ്പോടെ.

കര്‍ണാടകയിലെ സിര്‍സിയിലേക്കുള്ള ഗിരീഷിന്റെ യാത്ര നാടകമണ്ഡലി എന്ന തിയറ്റര്‍ ഗ്രൂപ്പിന്റെ കൂടെ. അവരുടെ നാടകങ്ങള്‍ മാതാപിതാക്കള്‍ക്കും വലിയ ഇഷ്ടമായിരുന്നു. കര്‍ണാടകത്തിലെ പാരമ്പര്യ ദൃശ്യകലാരൂപമായ യക്ഷഗാനം അദ്ദേഹത്തെ കാര്യമായി സ്വാധീനിച്ചു. പതിനാല് വയസുള്ളപ്പോള്‍ കുടുംബം ദാര്‍വാഡിലേക്ക് താമസം മാറ്റി. മൂന്ന് സഹോദരങ്ങള്‍ക്കൊപ്പം അവിടെയാണ് വളര്‍ന്നത്. പാശ്ചാത്യ നവോത്ഥാന ആശയങ്ങള്‍ ആഴത്തില്‍ സ്വാധീനിച്ച കന്നടത്തില്‍ മിത്തുകളും പ്രാദേശികതയും ഉള്‍ക്കൊണ്ട സാഹിത്യ രചനകള്‍ അക്കാലത്ത് പുറത്തുവരാന്‍ തുടങ്ങിയിരുന്നു.1951ല്‍ ഇറങ്ങിയ സി രാജഗോപാലാചാരിയുടെ മഹാഭാരതം കര്‍ണാടിനെ നന്നായി സ്വാധീനിച്ചു. അതിലെ കഥാപാത്രങ്ങള്‍ കന്നടത്തില്‍ സംഭാഷണം ചെയ്യുന്നത് ഉള്‍ക്കാതില്‍ കേള്‍ക്കുന്നതിനെക്കുറിച്ച് അഭിമുഖത്തില്‍ അദ്ദേഹം പറയുകയുണ്ടായി. മഹാഭാരത കഥാതന്തു അടിസ്ഥാനമാക്കി രചിച്ച 'യയാതി'നാടകം 1961ല്‍ പുറത്തുവന്നു. യൗവനകാലത്ത് ശുക്രാചാര്യനാല്‍ ശപിക്കപ്പെട്ട് വാര്‍ധക്യം വരിക്കേണ്ടിവന്ന പാണ്ഡവ പിതാമഹനായ യയാതിയെക്കുറിച്ചാണ് നാടകം.

 പിതാവിന്റെ വാര്‍ധക്യം ഏറ്റുവാങ്ങി യൗവനം കൊടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ മക്കളില്‍ ഒരാള്‍ തയ്യാറായി. അരങ്ങില്‍ വിജയം നേടിയ ആ നാടകം നിരവധി ഇന്ത്യന്‍ ഭാഷകളില്‍ മൊഴിമാറ്റി അവതരിപ്പിക്കപ്പെട്ടു. അടുത്ത നാടകം തുഗ്ലക്ക്. 14ാം നൂറ്റാണ്ടില്‍ ഡല്‍ഹി ഭരിച്ച മുഹമ്മദ് ബിന്‍ തുഗ്ലക്ക് എന്ന ചരിത്രനായകന്‍. നെഹ്റുവിയന്‍ കാലത്തെ ആന്തരിക വൈരുധ്യങ്ങളെ തുറന്നുകാണിക്കുകയായിരുന്നു ആ നാടകത്തിലൂടെ കര്‍ണാട് ലക്ഷ്യമാക്കിയത്.

 26ാം വയസിനുള്ളില്‍ പുറത്തുവന്ന ആ രചനകളിലൂടെ തന്നെ ഇന്ത്യന്‍ നാടകകൃത്തുക്കളില്‍ കര്‍ണാട് അറിയപ്പെട്ടു. ജര്‍മന്‍ നോവലിസ്റ്റ് തോമസ് മന്‍ എഴുതിയ മാറ്റിവച്ച തലകളുടെ നാടകരൂപമായ ഹയവദനയും അരങ്ങില്‍ വിജയം വരിച്ചു. യക്ഷഗാനത്തിന്റെ ദൃശ്യപരതയെ രംഗവേദിയിലേക്ക് സന്നിവേശിപ്പിക്കുന്നതിലും ശ്രദ്ധേയമായ വിജയം നേടിയ നാടകം. സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ അരങ്ങിലെ ഏറ്റവും ശക്തമായ നാടകമെന്ന് ഹയവദന വിലയിരുത്തപ്പെട്ടു. 1988ല്‍ അരങ്ങിലെത്തിയ 'നാഗമണ്ഡല' നാടോടി രംഗവേദിയുടെ കരുത്ത് തെളിയിച്ചു.

 ചിക്കാഗോവിലെ മിന്നാപൊളീസ് ഗുത്രീ തിയറ്ററിലാണ് നാഗമണ്ഡല ആദ്യമായി അവതരപ്പിച്ചത്. പിന്നീട് അഗ്നിയും ജലവും, തലേദന്ത, ടിപ്പുവിന കനസഗളു(ടിപ്പുസുല്‍ത്താന്റെ സ്വപ്‌നങ്ങള്‍) തുടങ്ങിയവ. ആകെയുള്ള പതിനാല് നാടകങ്ങളില്‍ മിക്കതും ദേശീയതലത്തില്‍ ശ്രദ്ധനേടി.യു ആര്‍ അനന്തമൂര്‍ത്തിയുടെ പ്രശസ്ത നോവല്‍ സംസ്‌കാരപട്ടാഭിരാമ റെഡ്ഡിയുടെ സംവിധാനത്തില്‍ ചലച്ചിത്രമായപ്പോള്‍ അഭിനയിച്ചും തിരക്കഥ തയ്യാറാക്കിയതും കര്‍ണാട് വെള്ളിത്തിരയിലെത്തി.

രാഷ്ട്രപതിയുടെ ആദ്യ ഗോള്‍ഡന്‍ ലോട്ടസ് പുരസ്‌കാരം ആ കന്നട സിനിമയ്ക്ക്.  എസ് എല്‍ ബൈരപ്പയുടെ നോവല്‍ 'വംശവൃക്ഷ' ചലച്ചിത്രമാക്കിയതിലൂടെ സംവിധായകനുമായി. മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം ബി വി കാരന്തിനൊപ്പം പങ്കിട്ടു. തുടര്‍ന്ന് നിരവധി കന്നട, ഹിന്ദി, തമിഴ് സിനിമകളില്‍ അഭിനയിച്ചു. പലതിലും തിരക്കഥ തയ്യാറാക്കുകയും സംവിധാനം നിര്‍വഹിക്കുകയും ചെയ്തു. ശ്രീകൃഷ്ണ ആലനഹള്ളിയുടെ പ്രശസ്ത നോവല്‍ 'കാട്' സിനിമയാക്കി.

 കൂടാതെ ശ്യാം ബെനഗലിനൊപ്പം ഒരുപിടി ചിത്രങ്ങളുമായി സഹകരിച്ചു. ശൂദ്രകന്റെ മൃച്ഛഘടികം നാടകത്തെ അടിസ്ഥാനമാക്കി സംവിധാനം ചെയ്ത ഉത്സവ്, കൂടാതെ നിഷാന്ത് (1975), കലിയുഗ് (1980) തുടങ്ങിയവ ഹിന്ദി ചലച്ചിത്രലോകം മറക്കാത്തവ. ആര്‍ കെ നാരായണന്റെ മാല്‍ഗുഡി ഡെയ്‌സ് ടെലിവിഷന്‍ പരമ്പരയില്‍ സ്വാമിയുടെ വേഷമിട്ടത് കര്‍ണാട്. 1990ല്‍ ദൂരദര്‍ശനില്‍ 'ടേണിങ് പോയിന്റ്' എന്ന പേരില്‍ശാസ്ത്രമാസിക ഒരുക്കി. കന്നടത്തിലെ മധ്യകാല ഭക്തകവികളായ പുരന്ദരദാസന്‍- കനകദാസന്‍, ആധുനിക കവി ഡി ആര്‍ ബേന്ദ്ര, ഭക്തി-സൂഫി പ്രസ്ഥാനങ്ങള്‍(ലാംബ് ഇന്‍ നിച്ചെ) എന്നിവയെക്കുറിച്ച് ഡോക്യുമെന്ററികള്‍ തയ്യാറാക്കി. 

ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, സംഗീത നാടക അക്കാദമി ചെയര്‍മാന്‍ പദവികള്‍ വഹിച്ചു. അഭിനയിച്ച പ്രധാന ചലച്ചിത്രങ്ങള്‍: സംസ്‌കാര, വംശവൃക്ഷ, ജാദു ക ശംഖ്, നിശാന്ത്, മന്ദന്‍, സ്വാമി, ജീവന്‍ മുക്തി, രത്‌ന ദ്വീപ്, ഷമ, ആനന്ദഭൈരവി, തരംഗ്, ദ പ്രിന്‍സ്, മിന്‍സാര കനവ്(തമിഴ്), ഗുണ(91), കതലന്‍, ദ പ്രിന്‍സ്, ആക്രോശ്, ആ ദിനഗളു,
 
സംവിധാനം ചെയ്തവ: വംശവൃക്ഷ(71,കന്നട), ഡി ആര്‍ ബേന്ദ്രെ, (72, ഡോക്യുമെന്ററി), തബ്ബളിയു നീനഡെ മഗനെ, ഗോദുലി(77,ഹിന്ദി), ഒന്‍ഡനോണ്ടു കലദള്ളി(78), കനൂരു ഹെഗ്ഗഡതി, കാടു, ദുര്‍ഗ, വോ ഉത്സവ്, വോ ഘര്‍, ദ ലാംബ് ഇന്‍ ദ നീച്ചെ(72, ഡോക്യുമെന്ററി), ചെലുവി(92,ഹിന്ദി), ചിദംബര രഹസ്യ,
 


പ്രധാന വാർത്തകൾ
 Top