11 July Saturday

രാജസ്ഥാനിൽ ഭിന്നശേഷിക്കാരനെ ഫ്ളോയിഡിനെപ്പോലെ ഞെരിച്ചു ; ക്രൂരത മാസ്‌ക്‌ ധരിക്കാത്തതിന്‌

വെബ് ഡെസ്‌ക്‌Updated: Saturday Jun 6, 2020


ന്യൂഡൽഹി
അമേരിക്കയിലെ മിനിയാപൊളിസിൽ കറുത്തവംശജനായ ജോർജ്‌ ഫ്ലോയിഡിനെ നിഷ്‌ഠുരമായി കൊലപ്പെടുത്തിയ‌ രീതിക്ക്‌ സമാനമായി യുവാവിന്റെ കഴുത്തുഞെരിച്ച്‌ രാജസ്ഥാൻ പൊലീസിന്റെ ക്രൂരത. 

കോൺഗ്രസ്‌ ഭരിക്കുന്ന രാജസ്ഥാനിൽ‌ മാസ്‌ക്‌ ധരിക്കാത്തതിന്‌ ഭിന്നശേഷിക്കാരനായ മുകേഷ്‌കുമാർ പ്രജാപതിനാണ്‌ സമാനതകളില്ലാത്ത ക്രൂരത നേരിടേണ്ടിവന്നത്‌. രാജസ്ഥാനിലെ ജോധ്‌പുരിൽ വ്യാഴാഴ്‌ച വൈകിട്ടായിരുന്നു സംഭവം. മുകേഷിനെ നിലത്ത്‌ കിടത്തി കഴുത്തിൽ കാൽമുട്ട്‌ കയറ്റി ഞെരിക്കുന്ന പൊലീസുകാരന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. രണ്ടു പൊലീസുകാർ മുകേഷ്‌കുമാറിന്റെ കാലുകൾ പിടിച്ചുവയ്‌ക്കുമ്പോൾ കരുത്തനായ മറ്റൊരു പൊലീസുകാരൻ പിൻകഴുത്തിൽ മുട്ടുകാൽ കയറ്റി ഞെരിക്കുന്നതും മർദ്ദിക്കുന്നതും‌ ദൃശ്യങ്ങളിൽ വ്യക്തമാണ്‌. മിനിറ്റുകളോളം പൊലീസ്‌ ഉദ്യോഗസ്ഥൻ പിൻകഴുത്തിൽ മുട്ടുകാൽ കയറ്റിനിന്നു. വൻ ജനക്കൂട്ടം ഇതിന്‌ സാക്ഷിയായി നിൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്‌.

മാസ്‌ക്‌ ധരിക്കാത്തതിന്‌ പിഴ ചുമത്തവേ മുകേഷ്‌കുമാർ കൈയേറ്റം ചെയ്‌തതിനാലാണ്‌ ‌ബലപ്രയോഗം വേണ്ടിവന്നതെന്ന്‌ പൊലീസ്‌ വിശദീകരിച്ചു. ഭിന്നശേഷിക്കാരനായ മുകേഷ്‌കുമാർ നേരത്തെ അച്ഛന്റെ കണ്ണിന്‌ പരിക്കേൽപ്പിച്ചിട്ടുണ്ടെന്നും പൊലീസ്‌ ആരോപിച്ചു. പകർച്ചവ്യാധി നിയന്ത്രണനിയമ‌ പ്രകാരം പ്രതാപ്‌നഗർ സ്‌റ്റേഷനിൽ മുകേഷ്‌കുമാറിനെതിരെ കേസെടുത്തിട്ടുണ്ടെന്നും കോടതിയിൽ ഹാജരാക്കുമെന്നും ദേവ്‌നഗർ പൊലീസ്‌ സ്‌റ്റേഷൻ ഹൗസ്‌ ഓഫീസർ സോംകരൺ അറിയിച്ചു.

ജോധ്‌പുർ ഡിസിപി പ്രിതി ചന്ദ്രയും പൊലീസുകാരെ പിന്തുണച്ച്‌ രംഗത്തെത്തി. എന്നാൽ, മനുഷ്യത്വരഹിതമായ മർദനത്തിന്‌ പൊലീസുകാർക്കെതിരെ രാജസ്ഥാനിലെ കോൺഗ്രസ്‌ സർക്കാർ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായി.


പ്രധാന വാർത്തകൾ
 Top