04 October Wednesday

രാജസ്ഥാനിൽ കോൺഗ്രസ്‌ പിളരുന്നു ; പുതിയ പാർടി രൂപീകരണത്തിന്‌ ഒരുങ്ങി സച്ചിൻ പൈലറ്റ്‌

സ്വന്തം ലേഖകൻUpdated: Tuesday Jun 6, 2023


ന്യൂഡൽഹി
നിയമസഭാ തെരഞ്ഞെടുപ്പിന്‌ ആറുമാസംമാത്രം ശേഷിക്കെ രാജസ്ഥാനിൽ കോൺഗ്രസ്‌ നെടുകെ പിളരുന്നു. മുഖ്യമന്ത്രി അശോക്‌ ഗെലോട്ടുമായി ഇടഞ്ഞുനിൽക്കുന്ന മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്‌ പുതിയ പാർടി രൂപീകരിക്കുന്നു. സച്ചിന്റെ അച്ഛനും മുതിർന്ന കോൺഗ്രസ്‌ നേതാവുമായിരുന്ന രാജേഷ്‌ പൈലറ്റിന്റെ ചരമവാർഷിക ദിനമായ ജൂൺ 11ന്‌ പുതിയ പാർടി പ്രഖ്യാപിക്കുമെന്നാണ്‌ റിപ്പോർട്ട്‌. സ്വന്തം തട്ടകമായ ദൗസയിൽ അന്ന്‌ പൈലറ്റ്‌  വൻ റാലി പ്രഖ്യാപിച്ചിട്ടുണ്ട്‌.പൈലറ്റ് വിഭാ​ഗം പാലംവലിച്ചാല്‍  ഗെലോട്ട്‌ സർക്കാരിന്‌ ഭൂരിപക്ഷം നഷ്ടമാകാനുള്ള സാധ്യതയുമുണ്ട്‌. കോൺഗ്രസും ബിജെപിയും ഒഴികെയുള്ള മറ്റു പാർടികളുമായി ചേർന്ന്‌ മൂന്നാം മുന്നണി നീക്കത്തിനും പൈലറ്റ്‌ ശ്രമിക്കുന്നു. പ്രഗതിശീൽ കോൺഗ്രസ്‌ എന്നാകും പുതിയ പാർടിയുടെ പേരെന്നും റിപ്പോര്‍ട്ടുണ്ട്. പ്രൊഗ്രസീവ്‌ കോൺഗ്രസ്‌, രാജ്‌ ജൻസംഘർഷ്‌ പാർടി എന്നീ പേരുകളിൽ രണ്ടു പാർടികളുടെ രജിസ്‌ട്രേഷൻ പ്രക്രിയയും പുരോഗമിക്കുന്നു.

തെരഞ്ഞെടുപ്പ്‌ തന്ത്രജ്ഞനായ പ്രശാന്ത്‌ കിഷോർ സ്ഥാപിച്ച ഐ–-പാക്ക്‌ എന്ന സംഘടന സച്ചിനുവേണ്ടി പ്രവർത്തിക്കുന്നുണ്ട്‌. പാർടി രൂപീകരണ വാർത്തകളോട്‌ പൈലറ്റ്‌ പ്രതികരിച്ചിട്ടില്ല. പൈലറ്റിനൊപ്പം തങ്ങളുടെ നൂറോളം പേർ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ടെന്നും 1100 പേരെക്കൂടി നിയമിക്കുമെന്നും ഐ–-പാക്ക്‌ വൃത്തങ്ങൾ പറഞ്ഞു. പുതിയ പാർടി രൂപീകരണമല്ലെങ്കിൽ ഇത്രയധികം പേരുടെ സേവനം ആവശ്യമില്ലെന്നും അവർ വ്യക്തമാക്കി. ഗെലോട്ട്‌ സർക്കാർ അഴിമതിക്കേസുകൾ അന്വേഷിക്കുന്നില്ലെന്ന്‌ ആരോപിച്ച്‌ ഏപ്രിൽ 11ന്‌ ജയ്‌പുരിൽ പൈലറ്റ്‌ സംഘടിപ്പിച്ച സത്യഗ്രഹവും അജ്‌മീർമുതൽ ജയ്‌പുർവരെ സംഘടിപ്പിച്ച പദയാത്രയും ഐ–-പാക്കിന്റെകൂടി സഹകരണത്തോടെയായിരുന്നു. രാജസ്ഥാൻ കോൺഗ്രസിലെ പൊട്ടിത്തെറി പരിഹരിക്കുന്നതിന്‌ മെയ്‌ 29ന്‌ ഗെലോട്ടിനെയും പൈലറ്റിനെയും ഡൽഹിക്ക്‌ വിളിപ്പിച്ച്‌ ചർച്ച നടത്തിയ ഹൈക്കമാൻഡ്‌ എല്ലാം പരിഹരിച്ചെന്ന്‌ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ചർച്ചയ്‌ക്കുശേഷവും പൈലറ്റ്‌ തൃപ്‌തനായില്ല.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top