03 July Sunday
ഇന്ധന വാറ്റ്‌ കുറയ്‌ക്കാതെ 
ബിജെപി സർക്കാരുകൾ

പെട്രോൾ വിലവർധന മറച്ചുപിടിച്ച്‌ കേന്ദ്രവും എണ്ണക്കമ്പനികളും ; ഇന്ധന വാറ്റ്‌ കുറയ്‌ക്കാതെ 
ബിജെപി സർക്കാരുകൾ

വെബ് ഡെസ്‌ക്‌Updated: Monday May 23, 2022


ന്യൂഡൽഹി
പെട്രോൾ–- ഡീസൽ കേന്ദ്ര തീരുവയിൽ കുറവ്‌ വരുത്തിയ ദിവസംതന്നെ പെട്രോളിന്റെ അടിസ്ഥാനവില വർധിപ്പിച്ച്‌ മോദി സർക്കാർ. ലിറ്ററിന്‌ 70–-80 പൈസയാണ്‌ വിവിധ സംസ്ഥാനങ്ങളിലായി കൂട്ടിയത്‌. എന്നാൽ, നികുതി കുറയ്‌ക്കൽ മോദി സർക്കാരിന്റെ ജനക്ഷേമ നടപടിയായി ചിത്രീകരിച്ച അതേദിവസംതന്നെ വില കൂട്ടൂന്നത്‌ പ്രതിച്ഛായക്ക്‌ ദോഷം ചെയ്യുമെന്നതിനാൽ എണ്ണക്കമ്പനികളും സർക്കാരും ഇത്‌ മറച്ചുവച്ചു.

രാജസ്ഥാനിൽ പെട്രോളിന്റെ അടിസ്ഥാനവില കമ്പനികള്‍ 71 പൈസ വർധിപ്പിച്ചെന്ന്‌ മുഖ്യമന്ത്രി അശോക്‌ ഗെലോട്ട്‌ പറഞ്ഞു. ഇതേ തോതിൽ വില കൂടിയാൽ നികുതി കുറയ്‌ക്കലിന്റെ നേട്ടം നഷ്ടമാകുമെന്നും ചൂണ്ടിക്കാട്ടി. ഡൽഹിയിൽ ഞായറാഴ്‌ച പെട്രോളിന്‌ 81 പൈസയും ചെന്നൈയിൽ 1.28 രൂപയും കൂടി.

പെട്രോളിന്‌ കേന്ദ്ര തീരുവ എട്ടുരൂപ കുറച്ചതോടെ വാറ്റിലെ ആനുപാതിക കുറവുകൂടി ചേർത്ത്‌ 9.5 രൂപയുടെ കുറവാണ്‌ സംസ്ഥാനങ്ങളിൽ വരേണ്ടത്‌. തലസ്ഥാനമായ ഡൽഹിയിൽ പെട്രോൾ വില 105.41 രൂപയിൽനിന്ന്‌ 96.72 രൂപയായാണ്‌ കുറഞ്ഞത്‌. വിലവ്യത്യാസം 8.69 രൂപമാത്രം. ചെന്നൈയിൽ വില 110.85 രൂപയിൽനിന്ന്‌ 102.63 രൂപയായാണ്‌ കുറഞ്ഞത്‌. ഒമ്പതര രൂപ കുറയേണ്ട സ്ഥാനത്ത്‌ കുറഞ്ഞത്‌ 8.22 രൂപമാത്രം.

യുപിയടക്കം അഞ്ച്‌ സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ്‌ മുൻനിർത്തി കഴിഞ്ഞ നവംബർമുതൽ 137 ദിവസം മോദി സർക്കാർ ഇന്ധനവില കൂട്ടിയിരുന്നില്ല. തെരഞ്ഞെടുപ്പിനുശേഷം മാർച്ച്‌ 22 മുതൽ ഏപ്രിൽ ആറുവരെ പെട്രോളിനും ഡീസലിനും 10 രൂപയോളം കൂട്ടി. പണപ്പെരുപ്പത്തോത്‌ കുതിച്ചുയർന്നതോടെ ഏപ്രിൽ ആറിനുശേഷം വില കൂട്ടിയിരുന്നില്ല. എന്നാൽ, നികുതി കുറച്ച ദിവസംതന്നെ പെട്രോൾ വില കൂട്ടി വരുംദിവസങ്ങളിലും ഇന്ധനവില കൂട്ടുമെന്ന്‌ വ്യക്തമാക്കുകയാണ്‌ എണ്ണക്കമ്പനികളും കേന്ദ്രവും.

ഇന്ധന വാറ്റ്‌ കുറയ്‌ക്കാതെ 
ബിജെപി സർക്കാരുകൾ
സംസ്ഥാനങ്ങള്‍ ഇന്ധനനികുതി വെട്ടിക്കുറയ്ക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം കേട്ടില്ലെന്ന് നടിച്ച് ബിജെപി സംസ്ഥാനങ്ങള്‍.

വാറ്റ്‌ കുറയ്ക്കൽ പരിഗണിക്കുമെന്ന്‌ കർണാടക മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെ പ്രതികരിച്ചെങ്കിലും ഇതുവരെ കുറച്ചിട്ടില്ല.  നികുതി നഷ്ടവും മറ്റും പരിഗണിച്ച്‌ തീരുമാനമെടുക്കുമെന്നാണ് ബിഹാർ മുഖ്യമന്ത്രി നിതീഷ്‌ കുമാറിന്റെ പ്രതികരണം. മറ്റ്‌ ബിജെപി മുഖ്യമന്ത്രിമാരൊന്നും പ്രതികരിച്ചിട്ടില്ല.

രാജ്യത്ത്‌ ഏറ്റവും ഉയർന്ന പെട്രോൾ–- ഡീസൽ വില കോൺഗ്രസ്‌ ഭരിക്കുന്ന രാജസ്ഥാൻ, ഛത്തീസ്‌ഗഢ്‌ സംസ്ഥാനങ്ങളിലാണ്‌. കേന്ദ്രം നികുതി കുറച്ചതിനാൽ സംസ്ഥാനത്തിന്‌ വാറ്റ്‌ വരുമാനത്തിൽ 5-00 കോടി രൂപയുടെ നഷ്ടമുണ്ടെന്നും വാറ്റ്‌ ഇനിയും കുറയ്ക്കില്ലെന്നും ഛത്തീസ്‌ഗഢ്‌ മുഖ്യമന്ത്രി ഭൂപേഷ് ഭാഗേൽ പറഞ്ഞു.  രാജസ്ഥാൻ വാറ്റിൽ കുറവുവരുത്തി.  ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലും തീവിലയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top